| Friday, 24th March 2023, 10:25 am

ബാഴ്സ ഘാതകർ എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല; ഗതികെട്ട് കോച്ചിനെ മാറ്റി ബയേൺ മ്യൂണിക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ജർമൻ ഫുട്ബോളിലെ വമ്പൻമാരും യൂറോപ്പിലെ ശക്തരായ ക്ലബ്ബുകളിലൊന്നുമായ ബയേൺ മ്യൂണിക്ക് അവരുടെ പരിശീലകനെ പുറത്താക്കിയിരിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.

യൂറോപ്പിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകരിലൊരാളായ 35കാരൻ ജൂലിയൻ നഗ്ലസ്മാനെ ബയേൺ മ്യൂണിക്ക് പുറത്താക്കി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

നഗ്ലസ്മാന് പകരക്കാരനായി ചെൽസിയുടെ മുൻ പരിശീലകനായ തോമസ് ടുഷേലിനെയാണ് ബയേൺ തങ്ങളുടെ തട്ടകത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടും ബുന്തസ് ലിഗയിൽ ഒട്ടും സുരക്ഷിതമല്ലാത്ത രീതിയിൽ മുന്നോട്ട് പോകുന്നതാണ് ബയേൺ പരിശീലകന്റെ സ്ഥാനം തെറിക്കാൻ കാരണമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച ലെവർകൂസനോട് കൂടി പരാജയാപ്പെട്ടതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ആരാധകർ ബയേണിനെതിരെ ഉയർത്തിയത്.

പോയിന്റ് നില എങ്ങനെ വേണമെങ്കിലും മാറിമറിയാൻ സാധ്യതയുള്ള ബുന്തസ് ലിഗ പോയിന്റ് ടേബിളിൽ ബൊറൂസിയാ ഡോർട്മുണ്ടും യൂണിയൻ ബെർലിനും കൂടാതെ മറ്റ് ക്ലബ്ബുകളും ബയേണിന് ശക്തമായ വെല്ലുവിളി ഉയർത്തിയതോടെയാണ് ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തേക്ക് ടുഷേലിനെ കൊണ്ട് വരാൻ ബയേൺ തീരുമാനിച്ചത്.

നിലവിൽ ബുന്തസ് ലിഗയിൽ 25 മത്സരങ്ങളിൽ നിന്നും 17 വിജയങ്ങളോടെ 52 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബയേൺ. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഡോർട്മുണ്ടിന് 53 പോയിന്റും മൂന്നാം സ്ഥാനത്തുള്ള യൂണിയൻ ബെർലിന് 48 പോയിന്റുമാണുള്ളത്. പിന്നീട് ടേബിളിൽ താഴേക്കുള്ള ടീമുകൾ തമ്മിൽ പോയിന്റ് നിലയിൽ വലിയ അന്തരമില്ല.

ഒന്ന് രണ്ട് മത്സരങ്ങൾ കൊണ്ട് പോയിന്റ് ടേബിൾ മാറിമറിയാൻ സാധ്യതയുള്ള ലീഗിൽ പിടിച്ചുനിൽക്കാൻ പുതിയ പരിശീലകൻ എത്തണമെന്ന് തന്നെയാണ് ബയേൺ കണക്ക്കൂട്ടുന്നത്.

Content Highlights:Bayern Munich fc to ditch coach Julian Nagelsmann reports

We use cookies to give you the best possible experience. Learn more