| Friday, 8th July 2022, 9:54 am

റൊണാള്‍ഡോയെ ബയേണിനും വേണ്ട; ഇതിഹാസത്തിനെ ആര്‍ക്കും ആവശ്യമില്ലേ?

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളിലെ എക്കാലത്തെയും വലിയ താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. കളിക്കുന്ന എല്ലാ ടീമിലും ഒരു പോസിറ്റീവ് സിറ്റുവേഷന്‍ കൊണ്ടുവരാന്‍ റോണോക്ക് സാധിക്കാറുണ്ട്. എന്നാല്‍ നിലവില്‍ താരത്തെ ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണ് കാണാന്‍ സാധിക്കുന്നത്.

റോണോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. ഫാബ്രിസിയൊയായിരുന്നു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. താരം മാഞ്ചസ്റ്ററിന്റെ പരിശീലന ക്യാമ്പിലും പങ്കെടുത്തില്ലായിരുന്നു.

എന്നാല്‍ ഒരു ടീമുമായി റോണൊക്ക് ഇതുവരെ കരാര്‍ ആയിട്ടില്ല. റോണൊയുടെ ഏജന്റ് വിവധ സൂപ്പര്‍ക്ലബ്ബുകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട് എന്നാല്‍ ഒരു ക്ലബ്ബ് താരത്തിനായി ഇതുവരെ കരാര്‍ വെച്ചിട്ടില്ല.

ബയേണ്‍ മ്യൂണിക്കുമായി റോണോയുടെ ഏജന്റ് ചര്‍ച്ച നടത്തിയെന്നും ജര്‍മന്‍ ക്ലബ്ബില്‍ കയറുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആ വാര്‍ത്തകള്‍ നിരസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബയേണ്‍ മ്യൂണിക്ക്.

റൊണാള്‍ഡോയെ സ്വന്തമാക്കാനായി ബയേണ്‍ മ്യൂണിക്ക് നീക്കം നടത്തില്ലെന്ന് വ്യക്തമാക്കി ജര്‍മന്‍ ക്ലബിന്റെ സി.ഇ.ഒ ആയ ഒലിവര്‍ ഖാന്‍ വ്യക്തമാക്കി. അത്തരമൊരു നീക്കം ക്ലബ്ബിന്റെ ഫിലോസഫിക്ക് യോജിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഏറ്റവും മികച്ച താരങ്ങളിലൊരായി ഞാന്‍ വിലയിരുത്തുന്നുണ്ടെങ്കിലും, ഞങ്ങളുടെ ഫിലോസഫിക്ക് ആ ഒരു ട്രാന്‍സ്ഫര്‍ അനുയോജ്യമാകില്ല,’ ഖാന്‍ ജര്‍മന്‍ പ്രസിദ്ധീകരണമായ കിക്കറിനോട് പറഞ്ഞു.

ഇക്കാര്യത്തില്‍ ഖാന്‍ കൂടുതല്‍ വിശദീകരണം നല്‍കിയില്ലെങ്കിലും റൊണാള്‍ഡോയില്‍ ബയേണിനു താത്പര്യമില്ലെന്ന കാര്യം ഈ അഭിപ്രായത്തില്‍ തന്നെ വ്യക്തമായിക്കഴിഞ്ഞു.

പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിയാണ് റോണോയെ സ്വന്തമാക്കാന്‍ സാധ്യതയുള്ള ഒരു ക്ലബ്ബ്. പി.എസ്.ജിക്ക് റോണോയില്‍ താല്‍പര്യമുണ്ടെന്ന വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും അതിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

ഒരു ഗ്ലോബല്‍ സൂപ്പര്‍താരത്തെ സൈന്‍ ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന ചെല്‍സി ഉടമ ടോഡ് ബോഹ്‌ലി റൊണാള്‍ഡോക്കായി ആദ്യ ബിഡ് സമര്‍പ്പിക്കാനുള്ള നീക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സാലറി കട്ടാണ് റോണോയെ ടീം വിടാന്‍  പ്രേരിപ്പിക്കുന്നതെന്നും അതല്ല യുണൈറ്റഡിന്റെ ട്രാന്‍സ്ഫറിലുള്ള പോരായ്മയാണ് താരം ടീം വിടാന്‍ ആലോചിക്കുന്നതെന്നും വാര്‍ത്തകളുണ്ട്. എന്തായാലും താരം എങ്ങോട്ടാണ് മാറുന്നതെന്ന് നോക്കിയിരിക്കുകയാണ് ആരാധകര്‍.

Content Highlights: Bayern Munich  doesn’t want Cristiano Ronaldo

We use cookies to give you the best possible experience. Learn more