മെസിയെയും എംബാപ്പെയെയും പൂട്ടാനുള്ള വിദ്യ ഞങ്ങള്‍ക്ക് വശമുണ്ട്, കളിയില്‍ ഞങ്ങള്‍ ജയിക്കും: ബയേണ്‍ മ്യൂണിക്ക് കോച്ച്
Football
മെസിയെയും എംബാപ്പെയെയും പൂട്ടാനുള്ള വിദ്യ ഞങ്ങള്‍ക്ക് വശമുണ്ട്, കളിയില്‍ ഞങ്ങള്‍ ജയിക്കും: ബയേണ്‍ മ്യൂണിക്ക് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th March 2023, 8:34 am

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വാശിയേറിയ പോരാട്ടം ഇന്ന് നടക്കാനിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ ഘട്ടത്തില്‍ ഒരിക്കല്‍ കൂടി ബയേണും പി.എസ്.ജിയും നേര്‍ക്കുനേര്‍ വരുന്നു. ബയേണിന്റെ ഹോം ഗ്രൗണ്ടായ അലിയന്‍സ് അരീനയില്‍ വെച്ചാണ് ഈ മത്സരം നടക്കുക.

ആദ്യ പാദ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബയേണ്‍ പി.എസ്.ജിയെ കീഴ്‌പ്പെടുത്തിയിരുന്നു. രണ്ടാം പാദത്തിലും പാരീസിയന്‍സിനെ കീഴ്‌പ്പെടുത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബയേണ്‍.

മത്സരത്തില്‍ തങ്ങള്‍ ജയിക്കുമെന്നും ലയണല്‍ മെസിയെയും കിലിയന്‍ എംബാപ്പെയെയും നിയന്ത്രിക്കാന്‍ തങ്ങള്‍ക്കറിയാമെന്നും പറഞ്ഞിരിക്കുകയാണ് ബയേണ്‍ മ്യൂണിക് കോച്ച് ജൂലിയന്‍ നഗല്‍സ്മാന്‍.

‘സമനില നേടാന്‍ അവര്‍ക്ക് ഒരു ഗോളെങ്കിലു നേടേണ്ടി വരും. തുടക്കം മുതല്‍ അവര്‍ വലിയ സമ്മര്‍ദം ചെലുത്തുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ലീഗ് വണ്ണില്‍ അവര്‍ പ്രതിരോധം ശക്തമാക്കുകയും കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തുകയുമായിരുന്നു. അന്നത്തെ ദിവസം ആരാണ് ഫിറ്റ്, ആര്‍ക്കാണ് കളിക്കാന്‍ കഴിയുക എന്നതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ കളി.

ഞങ്ങളും പി.എസ്.ജിയും അറ്റാക്കിങ്ങിന്റെ കാര്യത്തില്‍ തുല്യരാണ്്. തുടക്കത്തില്‍ ആധിപത്യം പുലര്‍ത്തുന്നതില്‍ നിന്ന് ഞങ്ങള്‍ക്കവരെ തടയണം.

രണ്ടാം പാദത്തില്‍ അവരുടെ പേസ് തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം. കിലിയനെയും മെസിയെയും തടയാന്‍ ഞങ്ങള്‍ക്കറിയാം മത്സരം ഞങ്ങള്‍ ജയിക്കുകയും ചെയ്യും. ഞങ്ങളുടേത് നന്നായി ചിട്ടപ്പെടുത്തിയെടുത്ത ടീമാണ്,’ നെഗല്‍സമാന്‍ പറഞ്ഞു.

അതേസമയം, രണ്ടാം പാദ മത്സരത്തില്‍ പി.എസ്.ജി ഫുള്‍ സ്‌ട്രെങ്ത്തിലായിരിക്കില്ല. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ സീസണില്‍ നിന്ന് തന്നെ പുറത്തായിരിക്കുകയാണ്. താരം സര്‍ജറിക്ക് വിധേയനാകാനൊരുങ്ങുകയാണെന്നും നാലഞ്ച് മാസത്തെ വിശ്രമം വേണ്ടി വരുമെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയം നേടിക്കൊണ്ടാണ് പി.എസ്.ജി ഈ മത്സരത്തിനു വരുന്നത്.

മെസ്സിയും എംബപ്പേയും മികച്ച ഫോമിലാണ് എന്നുള്ളത് ആരാധകര്‍ക്ക് പ്രതീക്ഷകള്‍ സമ്മാനിക്കുന്ന ഒരു കാര്യമാണ്. പക്ഷേ എതിരാളികളെ ഒരു കാരണവശാലും പി.എസ്.ജിക്ക് വിലകുറച്ചു കാണാനാവില്ല. ഇന്ത്യന്‍ സമയം രാത്രി 1:30നാണ് മത്സരം.

Content Highlights: Bayern Munich coach Julian Nagelsmann is high confident before the match against PSG in UEFA Champions league