| Thursday, 21st September 2023, 8:37 am

ചാമ്പ്യൻസ് ലീഗിൽ ഗോൾ മഴ ; ചെകുത്താൻമാരെ പെട്ടിയിലാക്കി ജർമൻ വമ്പൻമാർ

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ്‌ എ യിലെ ഗ്ലാമർ പോരാട്ടത്തിൽ ഇംഗ്ലീഷ് വമ്പൻമാർ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ബയേൺ മ്യൂണിക് കിരീടത്തിലേക്കുള്ള കുതിപ്പ് തുടങ്ങി.

ഏഴ് ഗോളുകൾ പിറന്ന ആവേശകരമായ മത്സരത്തിൽ 4-3 നായിരുന്നു ബയേണിന്റെ വിജയം.

ബയേൺ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടായ അലിയൻസ് അറീനയിൽ വെച്ച് നടന്ന മത്സരത്തിൽ ആതിഥേയരാണ് ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ 28ാം മിനിട്ടിൽ ജർമൻ താരം ലിയൊറി സനെയിലൂടെയാണ് ബയേൺ ലീഡെടുത്തത്. ഇംഗ്ലീഷ് താരം ഹാരി കെയ്നിൽ നിന്നും പന്ത് സ്വീകരിച്ച സനെ പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.

മത്സരത്തിന്റെ 32ാം മിനിട്ടിൽ സെർജിയോ നാബ്രിയിലൂടെ ബയേൺ രണ്ടാം ഗോൾ നേടി. പെനാൽട്ടി ബോക്സിൽ നിന്നും ജമാൽ മുസിയാലയുടെ പാസിൽ നിന്നും നാബ്രി പോസ്റ്റിലേക്ക് ഉന്നം വെക്കുകയായിരുന്നു.

ആദ്യ പകുതിയിൽ യുണൈറ്റഡിന് ഗോൾ തിരിച്ചടിക്കാൻ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചില്ല. ആദ്യപകുതി അവസാനിക്കുമ്പോൾ ബയേൺ 2-0 ത്തിന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 49ാം മിനിട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടി ഗോൾ നേടി. യുണൈറ്റഡ് പുതിയതായി സൈനിങ് ചെയ്ത ഡെൻമാർക്ക്‌ താരം റാസ്മസ്‌ ഹോജ്ലണ്ട് ആണ് ഗോൾ നേടിയത്. താരം ക്ലബ്ബിനായി നേടുന്ന ആദ്യ ഗോൾ ആണിത്. പെനാൽട്ടി ബോക്സിനുള്ളിൽ നിന്നും റാഷ്ഫോഡിൽ നിന്നും പന്ത് സ്വീകരിച്ച താരം പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യുകയായിരുന്നു.

മത്സരത്തിന്റെ 53ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ഇംഗ്ലണ്ട് സൂപ്പർ താരം ഹാരി കെയ്ൻ ബയേൺ മ്യൂണിക്കിനായി മൂന്നാം ഗോൾ നേടി.

മത്സരത്തിന്റെ 88ാം മിനിട്ടിൽ ബ്രസീലിയൻ താരം കാസിമിറോ ഗോൾ നേടികൊണ്ട് 3-2 എന്ന നിലയിൽ യുണൈറ്റഡിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വരുമെന്ന് തോന്നിച്ചെങ്കിലും ഇഞ്ച്വറി ടൈമിൽ മത്യാസ് ടെല്ലിലൂടെ ബയേൺ നാലാം ഗോൾ കണ്ടെത്തിയതോടെ യുണൈറ്റഡിന്റെ ആ പ്രതീക്ഷയും അവസാനിക്കുകയായിരുന്നു.

മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കി നിൽക്കെ കാസിമിറോ വീണ്ടും പന്ത് ബയേണിന്റെ വലയിൽ എത്തിച്ചു. വലതു കോർണറിൽ നിന്നും ബ്രൂണോ ഫെർണാണ്ടസ് എടുത്ത ഫ്രീകിക്കിന് തല വച്ചുകൊണ്ടാണ് താരം മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടിയത്.

ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ 4-3 എന്ന ആവേശകരമായ സ്കോറിൽ ബയേൺ സ്വന്തം തട്ടകത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ഗ്രൂപ്പ് എ യിൽ ഒന്നാം സ്ഥാനത്തെത്താനും ജർമൻ വമ്പൻമാർക്ക് സാധിച്ചു. ഒക്ടോബർ 4 ന് കൊപ്പെൻഹാഗനുമായാണ് ബയേൺ മ്യൂണിക്കിന്റെ അടുത്ത മത്സരം.

അതേസമയം തോൽവിയോടെ ഗ്രൂപ്പ് എ യിൽ അവസാന സ്ഥാനത്തേക്ക് യുണൈറ്റഡ് പിന്തള്ളപ്പെട്ടു. ഒക്ടോബർ നാലിന് ഗാലട്ടസാറയുമായാണ് റെഡ് ഡെവിൾസിന്റെ അടുത്ത മത്സരം.

Content Highlight: Bayern Munich beat Manchester United 4-3 in the Champions League.

We use cookies to give you the best possible experience. Learn more