ലാലിഗയിലെ ആദ്യ രണ്ടാ സ്ഥാനക്കാര്‍ തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. ബാര്‍സിലോനയും അത്‌ലറ്റിക്കോ മാഡ്രിഡും ഓരോ ഗോളടിച്ചാണ് പിരിഞ്ഞത്.
അത്‌ലറ്റിക്കോയുടെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 77-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയുടെ ഗോളിലാണ് അത്‌ലറ്റിക്കോ ആദ്യം മുന്നിലെത്തിയത്. ജയമുറപ്പിച്ച മത്സരത്തിന്റെ അവസാന മിനിറ്റിലാണ് ഡെംബലെ ബാര്‍സിലോനയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
ഒന്നാമതുള്ള ബാര്‍സയുമായി ഒരു പോയന്റ് വ്യത്യാസം മാത്രമാണ് നിലവില്‍ അത്‌ലറ്റിക്കോയ്ക്കുള്ളത്. മുന്നേറ്റത്തിലും പന്തടക്കത്തിലും കാറ്റലന്‍ പടയ്ക്കായിരുന്നു സര്‍വാധിപത്യം.
അതേ സമയം ലാലിഗ വമ്പന്‍മാരായ റയലിന്റെ കണ്ടകശനി മാറിയിട്ടില്ല. താല്‍കാലിക പരിശീലകനായി സ്‌കൊളാരിയെ സ്ഥിരം പരിശീലകനായി നിയമിച്ച ശേഷമുള്ള ആദ്യ ലാലിഗ മത്സരത്തില്‍ ടീമിന് അട്ടിമറി തോല്‍വി.
ദുര്‍ബലരായ ഐബര്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയലിനെ തകര്‍ത്തത്. ഗോണ്‍സാലോ എസ്‌കലാന്റെയും സെര്‍ജി എന്റിക്കും കികെയുമാണ് സ്‌കോറര്‍മാര്‍. പോയന്റ് ടേബിളില്‍ ആറാമതാണ് റയല്‍.
ലാലിഗയില്‍ റയലിന്റെ അതേ അവസ്ഥയാണ് ബുന്ദസ് ലീഗയില്‍ ബയേണ്‍ മ്യുനിക്കിനും. നിക്കോ കൊവാച്ചിന്റെ കീഴില്‍ സീസണ്‍ ആരംഭിച്ച ബയേണ്‍ സമീപകാലത്തെ ഏറ്റവും മോശം ഫോമിലാണ് ഉള്ളത്. ലീഗില്‍ ബയേണിന്റെ അപ്രമാധിത്വം തകരുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്.
ഇന്നലെ നടന്ന മത്സരത്തില്‍ ദുര്‍ബലരായ ഫോര്‍ട്യൂണ ബയേണിനെ സമനിലയില്‍ തളച്ചു. ആദ്യ പകുതിയില്‍ തോമസ് മുള്ളറിന്റേയും സ്യൂളിന്റേയും ഗോളുകളില്‍ രണ്ട് ഗോളിന് ബയേണ്‍ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ സ്ഥിതി മാറി.
ദോദി ലുകെബാകിയോയുടെ ഹാട്രിക് മികവില്‍ ഫോര്‍ട്യുണ സമനില പിടിച്ചെടുക്കുകയായിരുന്നു. ഇരു ടീമുകളും മത്സരത്തില്‍ മൂന്ന് ഗോള്‍ വീതം നേടി. പോയന്റ് ടേബിളില്‍ നിലവില്‍ അഞ്ചാമതാണ് ബയേണ്‍.
പോയന്റ് ടേബിളില്‍ ഒന്നാമതുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഒന്നിനെതിരെ രണ്ട് ഗോളിന് മൈന്‍സിനെ തോല്‍പിച്ചു. ഇതോടെ കിരീട പോരാട്ടത്തില്‍ രണ്ടാമതുള്ള ഫ്രങ്ക്ഫര്‍ട്ടുമായുള്ള പോയന്റ് വ്യത്യാസം ഏഴാക്കി ഉയര്‍ത്തി.
ടീമിലെ ഗോള്‍ വേട്ടക്കാരന്‍ പാകോ അല്‍കാസെറിന്റേയും ലൂകാസ് പിസ്സെക്കിന്റേയും മികവിലായിരുന്നു ഡോര്‍ട്മുണ്ടിന്റെ ജയം. റോബിന്‍ ക്വയിസണാണ് മെയിന്‍സിന്റെ ഏക ഗോള്‍ നേടിയത്.
ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ യുവന്റസ് എതിരില്ലാത്ത രണ്ട് ഗോളിന് സ്പാലിനെ തോല്‍പിച്ചു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമ മരിയോ മാന്‍സൂക്കിച്ചുമാണ് സ്‌കോറര്‍മാര്‍. ലീഗില്‍ യുവെയ്ക്കായി റോണോയുടെ ഒമ്പതാം ഗോളാണ് ഇന്നലെ നേടിയത്.