| Sunday, 14th April 2024, 11:28 pm

ചരിത്രത്തിലാദ്യം, ബയേണിന്റെ ഏകാധിപത്യ തേര്‍വാഴ്ചക്ക് അന്ത്യം; ജര്‍മനിക്ക് ഇനി പുതിയ രാജാക്കന്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബുണ്ടസ് ലീഗ 2023-24 സീസണ്‍ കിരീടം ചൂടി ബയേര്‍ ലെവര്‍കൂസന്‍. വെര്‍ദറിനെതിരായ മത്സരത്തില്‍ വിജയിച്ചതോടെയാണ് ബയേര്‍ ജര്‍മനിയുടെ നെറുകയിലെത്തിയത്.

ലെവര്‍കൂസന്റെ ഹോം ഗ്രൗണ്ടായ ബേ അരീനയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് പോയിന്റ് പട്ടികയില്‍ 12ാം സ്ഥാനത്തുള്ള വെര്‍ദറിനെ ലെവര്‍കൂസന്‍ തകര്‍ത്തുവിട്ടത്.

മത്സരത്തിന്റെ 25ാം മിനിട്ടില്‍ വിക്ടര്‍ ബോണിഫേസിലൂടെയാണ് ബയേര്‍ ഗോള്‍ വേട്ട ആരംഭിച്ചത്. പെനാല്‍ട്ടിയിലൂടെ ലഭിച്ച സുവര്‍ണാവസരം താരം പിഴവേതും കൂടാതെ വലയിലാക്കി.

ആദ്യ പകുതിയില്‍ ഗോള്‍ നേട്ടം ഇരട്ടിയാക്കാന്‍ ലെവര്‍കൂസനും ഗോള്‍ മടക്കാന്‍ വെര്‍ദറും ശ്രമിച്ചെങ്കിലും ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിച്ചില്ല. ഒടുവില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡുമായി ലെവര്‍കൂസന്‍ രണ്ടാം പകുതിയിലേക്ക് കടന്നു.

രണ്ടാം പകുതിയുടെ 15ാം മിനിട്ടില്‍ ബയേര്‍ രണ്ടാം ഗോളും നേടി. ഗ്രയ്ന്റ് സാക്കയാണ് ഗോള്‍ നേടിയത്.

രണ്ടാം ഗോള്‍ പിറന്ന് കൃത്യം എട്ടാം മിനിട്ടില്‍ ബയേര്‍ വീണ്ടും ലീഡ് ഉയര്‍ത്തി. ഫ്‌ളോറിയാന്‍ വിര്‍ട്‌സാണ് ഗോള്‍ നേടിയത്. 83ാം മിനിട്ടിലും 90ാം മിനിട്ടിലും ഗോള്‍ നേടിയ വിര്‍ട്‌സ് ഹാട്രിക്കിനൊപ്പം ബയേണിന്റെ വിജയവും കിരീടവും ഉറപ്പാക്കി.

മത്സരത്തിന്റെ 54 ശതമാനവും പന്ത് കൈവശം വെച്ചത് ബയേര്‍ ലെവര്‍കൂസനായിരുന്നു. ടീം 20 ഷോട്ടുകളുതിര്‍ത്തപ്പോള്‍ അതില്‍ പത്തും ഗോള്‍മുഖം ലക്ഷ്യമാക്കിയുള്ളതായിരുന്നു.

ഈ വിജയത്തിന് പിന്നാലെ 29 മത്സരത്തില്‍ നിന്നും 79 പോയിന്റാണ് ലെവര്‍കൂസന്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക്കിനെക്കാളും 16 പോയിന്റിന്റെ ലീഡാണ് ലെവര്‍കൂസന്‍ നേടിയത്. ശേഷിക്കുന്ന അഞ്ച് മത്സരത്തിലും ബയേണിന് വിജയിക്കാന്‍ സാധിച്ചാലും 16 പോയിന്റിന്റെ ലീഡ് മറികടക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് ലെവര്‍കൂസന്‍ ചാമ്പ്യന്‍മാരായത്.

ടീമിന്റെ ആദ്യ ബുണ്ടസ് ലീഗ കിരീടമാണിത്.

ബയേര്‍ ലെവര്‍കൂസന്‍ ജര്‍മനിയുടെ രാജാക്കന്‍മാരായി അവരോധിക്കപ്പെടുമ്പോള്‍ സാബി അലോണ്‍സോ എന്ന പരിശീലകന്റെ കൂടി കിരീടധാരണമാണിത്. സീസണില്‍ ഒറ്റ മത്സരത്തില്‍ പോലും പരാജയമറിയിക്കാതെയാണ് അലോണ്‍സോ തന്റെ കുട്ടികളെ കിരീടത്തിലേക്ക് നയിച്ചത്.

29 മത്സരത്തില്‍ നിന്നും 25 ജയവും നാല് സമനിലയുമാണ് ലെവര്‍കൂസന്‍ സീസണില്‍ നേടിയത്.

ഏപ്രില്‍ 21നാണ് ടീമിന്റെ അടുത്ത മത്സരം. സിഗ്നല്‍ ഇഡ്യൂന പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടാണ് എതിരാളികള്‍.

Content Highlight: Bayer Leverkusen won Bundesliga title

We use cookies to give you the best possible experience. Learn more