ബുണ്ടസ്‌ലീഗയില്‍ ബയെര്‍ ലെവര്‍കൂസന്‍ വിജയകുതിപ്പ് തുടരുന്നു. ജര്‍മന്‍ ലീഗില്‍ നടന്ന മത്സരത്തില്‍ വി. എഫ്. എല്‍ ബോച്ചമിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബയെര്‍ ലെവര്‍കൂസന്‍ തകര്‍ത്തത്. ലെവര്‍കൂസനായി ചെക്ക് താരം പാട്രിക് ഷിക്ക് തകര്‍പ്പന്‍ ഹാട്രിക് നേടി മികച്ച പ്രകടനമാണ് നടത്തിയത്.
ഈ വിജയത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ബയെര്‍ ലെവര്‍കൂസനെ തേടിയെത്തിയത്. യൂറോപ്യന്‍ കോമ്പറ്റീഷനില്‍ ഒരു സീസണില്‍ 25 മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയം അറിയാതെ അണ്‍ ബീറ്റണ്‍ നടത്തുന്ന ജര്‍മന്‍ ടീമെന്ന ചരിത്ര നേട്ടമാണ് സാബി അലോണ്‍സയും കൂട്ടരും സ്വന്തം പേരില്‍ കുറിച്ചത്. 25 മത്സരങ്ങളില്‍ നിന്നും 80 ഗോളുകളാണ് ബയെര്‍ ലെവര്‍കൂസന്‍ എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്.
ബയെര്‍ ലെവര്‍കൂസന്റെ ഹോം ഗ്രൗണ്ടായ ബായ് അറീനയില്‍ നടന്ന മത്സരത്തില്‍ 3-4-1-2 എന്ന ഫോര്‍മേഷനിലാണ് ഹോം ടീം കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-3 ശൈലിയായിരുന്നു സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു പാട്രിക് ഷിക്കിന്റെ ഹാട്രിക് പിറന്നത്. 30′, 32′, 45+1′ എന്നീ മിനിട്ടുകളിലായിരുന്നു ചെക്ക് താരത്തിന്റെ മൂന്ന് ഗോളുകള്‍ പിറന്നത്. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആതിഥേയര്‍ മുന്നിട്ടു നിന്നു.
രണ്ടാം പകുതിയില്‍ 69ാം മിനിട്ടില്‍ വിക്ടര്‍ ബോണിഫേസ് നാലാം ഗോള്‍ നേടിയതോടെ മത്സരം പൂര്‍ണമായും ലെവര്‍ക്കൂസന്‍ സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ ബുണ്ടസ്‌ലീഗയില്‍ 16 മത്സരങ്ങളില്‍ നിന്നും 13 വിജയവും മൂന്ന് സമനിലയും അടക്കം 42 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സാബി അലോണ്‍സയും കൂട്ടരും. ബുണ്ടസ്‌ലീഗയില്‍ ജനുവരി 13ന് ആഗ്‌സന്‍ബര്‍ഗിനെതിരെയാണ് ബയെര്‍ ലെവര്‍ക്കൂസന്റെ അടുത്ത മത്സരം.
Content Highlight: Bayer Leverkusen create a historical record.