| Friday, 10th November 2023, 9:38 am

അത്ഭുതപ്പെടുത്തുകയാണ് ഇവര്‍; യൂറോപ്പില്‍ സ്വപ്നതുല്യമായ മുന്നേറ്റവുമായി ജര്‍മന്‍ ക്ലബ്ബ്

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ യൂറോപ്പ ലീഗില്‍ ബയേര്‍ ലെവര്‍കൂസന് ജയം. ക്വറാബാഗ് എഫ്.കെയെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലെവര്‍കൂസന്‍ പരാജയപ്പെടുത്തിയത്. ജയത്തോടെ ഈ സീസണില്‍ സ്വപ്നതുല്യമായ കുതിപ്പാണ് ബയെര്‍ ലെവര്‍കുസന്‍ നടത്തുന്നത്. യൂറോപ്പ്യന്‍ ടോപ്പ് ഫൈവ് ലീഗില്‍ ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ലെവര്‍കൂസന്‍ മുന്നേറുന്നത്.

2023-24 സീസണില്‍ ഇതുവരെ 16 മത്സരങ്ങള്‍ കളിച്ച ലെവര്‍കൂസന്‍ 15 വിജയങ്ങളാണ് സ്വന്തമാക്കിയത്. സാബി അലോണ്‍സയുടെ നേതൃത്വത്തിലുള്ള ടീം ഇതുവരെ 55 ഗോളുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്. 16 മത്സരങ്ങളില്‍ നിന്നും വെറും 14 ഗോളുകള്‍ മാത്രമാണ് ജര്‍മന്‍ ക്ലബ്ബ് വഴങ്ങിയത്.

ബുണ്ടസ്ലീഗയില്‍ പത്ത് മത്സരങ്ങളില്‍ നിന്നും ഒന്‍പത് മത്സരങ്ങളും വിജയിക്കാന്‍ ലെവര്‍കൂസന്‍ സാധിച്ചപ്പോള്‍ ഒരു സമനിലയും ടീമിന്റെ പേരിലുണ്ട്. നിലവില്‍ ജര്‍മന്‍ ലീഗില്‍ 28 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ലെവര്‍കൂസന്‍.

വിക്ടര്‍ ബോണിഫേസ് ഏഴ് ഗോളുകളും, ജോനാസ് ഹോഫ്മാന്‍, അലജാന്‍ഡ്രോ ഗ്രിമാല്‍ഡോ എന്നിവര്‍ അഞ്ച് ഗോളുകള്‍ വീതവും നേടി മിന്നും ഫോമിലാണ്. ബുണ്ടസ്ലീഗ കിരീട പോരാട്ടത്തില്‍ ഈ സീസണില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണികിനും ബൊറൂസിയ ഡോര്‍ട്മുണ്ടിനും ശക്തമായ വെല്ലുവിളിയായിരിക്കും സാബി അലോണ്‍സയും കൂട്ടരും.

ക്വറാബാഗിന്റെ ഹോം ഗ്രൗണ്ട് ടോഫിഖ് ബഹറമോവ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-4-2-1 എന്ന ഫോര്‍മേഷനിലായിരുന്നു ലെവര്‍കൂസന്‍ അണിനിരന്നത്. 4-1-4-1 എന്ന ശൈലിയാണ് ആതിഥേയര്‍ കളത്തിലിറങ്ങിയത്.

നിശ്ചിത സമയത്തിനുള്ളില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ആയിരുന്നു ബയെര്‍ ലെവര്‍കൂസന്റെ വിജയഗോള്‍ പിറന്നത്. ടീമിന് അനുകമലമായി ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് വിക്ടര്‍ ബോണിഫേസ് ആണ് ഗോള്‍ നേടിയത്.

ജയത്തോടെ യൂറോപ്പ ലീഗില്‍ ഗ്രൂപ്പ് എച്ചില്‍ നാല് മത്സരവും വിജയിച്ച 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ലെവര്‍കൂസന്‍.

ബുണ്ടസ്ലീഗയില്‍ നവംബര്‍ 12ന് യൂണിയന്‍ ബെര്‍ലിനുമായാണ് ലെവര്‍കൂസന്റെ അടുത്ത മത്സരം.

Content Highlight: Bayer leverkusen continues their unbeaten run in Europe.

We use cookies to give you the best possible experience. Learn more