അല്‍ നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ ടീമില്‍ എത്തിക്കാന്‍ ജര്‍മന്‍ ക്ലബ്ബായ ബയര്‍ ലെവര്‍കൂസന്‍ ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
സൗദിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ മുതാബ് ബിന്‍ അബ്ദുല്ലയുടെ റിപ്പോര്‍ട്ട് പ്രകാരം വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ ബയര്‍ ലെവര്‍കൂസന്‍ പരിശീലകന്‍ സാബി അലോണ്‍സ റൊണാള്‍ഡോയെ ടീമില്‍ എത്തിക്കാന്‍ ക്ലബ്ബ് അധികൃതരോട് ആവശ്യപ്പെട്ടു എന്നാണ് പറയുന്നത്. തന്റെ എക്‌സ് അക്കൗണ്ടിലൂടെ ചെയ്യുകയായിരുന്നു മുതാബ് ബിന്‍.
‘ജര്‍മന്‍ ക്ലബ്ബ് ബയര്‍ ലെവര്‍കൂസന്‍ പരിശീലകന്‍ സാബി അലോണ്‍സയുടെ ശുപാര്‍ശ പ്രകാരം അല്‍ നസര്‍ താരവും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി ഒരു കരാര്‍ ഒപ്പിടാന്‍ ആഗ്രഹിക്കുന്നു,’ മുതാബ് ബിന്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.
ഈ ട്രാന്‍സ്ഫര്‍ നടന്നാല്‍ ചാമ്പ്യന്‍സ് ലീഗിന്റെ പോരാട്ടഭൂമിയിലേക്ക് തിരിച്ചെത്താന്‍ റൊണാള്‍ഡോക്ക് സാധിക്കും. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അവിസ്മരണീയമായ ഒരു പിടി മികച്ച റെക്കോഡുകള്‍ റൊണാള്‍ഡോയുടെ പേരിലുണ്ട്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ടീമുകള്‍ക്കായി ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച റൊണാള്‍ഡോ 183 മത്സരങ്ങളില്‍ നിന്നും 140 ഗോളുകളും 40 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
2008ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പമായിരുന്നു റോണോ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിനൊപ്പം ഹാട്രിക് കിരീടമടക്കം അഞ്ച് ചാമ്പ്യന്‍സ് ലീഗ് ആണ് റൊണാള്‍ഡോ വിജയിച്ചിട്ടുള്ളത്. 2013-14 ചാമ്പ്യന്‍സ് ലീഗ് സീസണില്‍ റയല്‍ മാഡ്രിനായി 17 ഗോളുകള്‍ ആണ് പോര്‍ച്ചുഗീസ് ഇതിഹാസം നേടിയത്. ഇത് ചാമ്പ്യന്‍ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ്.
റൊണാള്‍ഡോ 2022ല്‍ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ഒരു ഫ്രീ ട്രാന്‍സ്ഫര്‍ ആയാണ് അല്‍ നസറില്‍ എത്തിയത്. സൗദി വമ്പന്മാര്‍ക്കൊപ്പം രണ്ടര വര്‍ഷത്തെ കരാറില്‍ ആയിരുന്നു റൊണാള്‍ഡോ ഉണ്ടായിരുന്നത്.
2025 സമ്മര്‍ വരെയാണ് റൊണാള്‍ഡോ അല്‍ നസറുമായി കരാറുള്ളത്. നിലവില്‍ റൊണാള്‍ഡോ മായുള്ള കരാര്‍ അവസാനിക്കാന്‍ ഒരു വര്‍ഷം മാത്രമേ ഇനി മുന്നിലുള്ളൂ.
ഈ സീസണില്‍ റൊണാള്‍ഡോ മിന്നും ഫോമിലാണ് കളിക്കുന്നത്. ഈ സീസണില്‍ ഇതിനോടകം തന്നെ 40 മത്സരങ്ങളില്‍ നിന്ന് 41 ഗോളുകളും 12 അസിസ്റ്റുകളും നേടി കൊണ്ട് പ്രായത്തെ വെല്ലുന്ന പോരാട്ട വീര്യമാണ് നടത്തുന്നത്.
അതേസമയം സീസണില്‍ സ്വപ്നതുല്യമായ കുതിപ്പാണ് ബയര്‍ ലെവര്‍ക്കൂസന്‍ നടത്തിയത്. 11 വര്‍ഷത്തെ ബയേണ്‍ മ്യൂണിക്കിന്റെ ജര്‍മനിയിലെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ടാണ് ഈ സീസണിലെ ബുണ്ടസ്ലീഗ കിരീടം നേടാന്‍ സാബി അലോണ്‍സക്കും സംഘത്തിനും സാധിച്ചിരുന്നു.
കഴിഞ്ഞദിവസം നടന്ന യൂറോപ്പ ലീഗിന്റെ സെമി ഫൈനലിന്റെ രണ്ടാം പാദം മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ എ.എസ് റൊമയെ 4-2 എന്ന അഗ്രിഗേറ്റ് സ്‌കോറിൽ മറികടന്നുകൊണ്ട് ഫൈനലിലേക്ക് മുന്നേറാനും ബയര്‍ ലെവര്‍കൂസന് സാധിച്ചിരുന്നു.
Content Highlight: Bayer Leverkusen are reportedly targeting Cristiano Ronaldo in this summer’s transfer window