| Friday, 19th April 2024, 11:22 am

അർജന്റീനയുടെ റെക്കോഡ് തകർത്തവർ, ജർമനി കീഴടക്കിയവർ യൂറോപ്പും പിടിച്ചെടുക്കാൻ ഒരുങ്ങുന്നു; ആർത്തിയാണ് കിരീടങ്ങളോട്!

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോപ്പ ലീഗില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയര്‍ ലെവര്‍ക്കൂസന്‍ സെമിയില്‍ പ്രവേശിച്ചു. യൂറോപ്പ ലീഗിലെ ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം പാദം മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ് വെസ്റ്റ് ഹാമിനെ 1-1 എന്ന നിലയില്‍ സമനിലയില്‍ തളച്ചു കൊണ്ടാണ് ലെവര്‍ക്കൂസന്‍ സെമിയിലേക്ക് മുന്നേറിയത്.

ആദ്യപാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ലെവര്‍ക്കൂസന്‍ വിജയിച്ചിരുന്നു. ഇതോടെ ഈ മത്സരം സമനിലയായതോടെ 3-1 എന്ന അഗ്രിഗേറ്റ് സ്‌കോറില്‍ ലെവര്‍ക്കൂസന്‍ മുന്നേറുകയായിരുന്നു.

യൂറോപ്പില്‍ സ്വപ്നതുല്യമായ മുന്നേറ്റമാണ് സാബി അലോണ്‍സയുടെ കീഴില്‍ ലെവര്‍ക്കൂസന്‍ നടത്തിയത്. അടുത്തിടെ ബുണ്ടസ് ലീഗയിലും ലെവര്‍കൂസന്‍ കിരീടം ഉയര്‍ത്തിയിരുന്നു. സീസണ്‍ അവസാനിക്കാന്‍ ഇനിയും മത്സരങ്ങള്‍ അവശേഷിക്കെയാണ് സാബിയും കൂട്ടരും കിരീടം സ്വന്തമാക്കിയത്.

ഇതോടെ ജര്‍മനിയിലെ നീണ്ട 11 വര്‍ഷത്തെ ബയേണ്‍ മ്യൂണികക്കിന്റെ ആധിപത്യം അവസാനിപ്പിക്കാനും ലെവര്‍ക്കൂസന് സാധിച്ചു. ഇപ്പോള്‍ മറ്റൊരു ടൂര്‍ണമെന്റിന്റെ കിരീട പോരാട്ടത്തിന്റെ അടുത്ത ലവര്‍ കൂസന്‍ വീണ്ടും എത്തിനില്‍ക്കുകയാണ്.

വെസ്റ്റ് ഹാമിന്റെ തട്ടകമായ ലണ്ടന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13ാം മിനിട്ടില്‍ മൈക്കല്‍ അന്റണിയിലൂടെ വെസ്റ്റ് ഹാം ആണ് ആദ്യം ലീഡ് നേടിയത്. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ വെസ്റ്റ് ഹാം എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ടുനിന്നു. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കുകയായിരുന്നു ബയര്‍ ലെവര്‍ക്കൂസന്‍ ഗോള്‍ നേടിയത്. ജെറെമി ഫ്രിങ്‌പൊങ്ങിലൂടെയാണ് സന്ദര്‍ശകര്‍ സമനില ഗോള്‍ നേടിയത്.

മത്സരത്തില്‍ 58 ശതമാനവും ബോള്‍ പൊസഷന്‍ ലെവര്‍ക്കൂസന്റെ കൈകളില്‍ ആയിരുന്നു. ഒമ്പത് ഷോട്ടുകളാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ പോസ്റ്റിലേക്ക് സന്ദര്‍ശകര്‍ ഉതിര്‍ത്തത്. മറുഭാഗത്ത് 14 ഷോട്ടുകളാണ് ജര്‍മന്‍ ക്ലബ്ബിനെതിരെ ആതിഥേയര്‍ അടിച്ചത്.

യൂറോപ്പ ലീഗയുടെ സെമി ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബ് എ. എസ് റോമയാണ് സാബി അലോണ്‍സയുടെയും കൂട്ടരുടെയും എതിരാളികള്‍. മെയ് മൂന്നിനാണ് സെമിയുടെ ആദ്യ പാദം നടക്കുക.

Content Highlight: Bayer Levarkusen beat West Ham in Europa league

Latest Stories

We use cookies to give you the best possible experience. Learn more