Entertainment
അന്ന് എന്തിനാണ് അത്രയും പാവമായി നിന്നതെന്ന് ആ അമ്മമാർ ചോദിച്ചു: ഭാവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 18, 07:45 am
Sunday, 18th August 2024, 1:15 pm

മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. കമൽ ഒരുക്കിയ നമ്മൾ എന്ന ചിത്രത്തിലൂടെ പരിമളം എന്ന ഒരു ചെറിയ കഥാപാത്രമായി ബിഗ് സ്‌ക്രീനിൽ എത്തിയ ഭാവന പിന്നീട് തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരുന്നു. കരിയറിലെ ഒരു ഇടവേളക്ക് ശേഷം താരം വീണ്ടും സിനിമകളിൽ സജീവമായി കൊണ്ടിരിക്കുകയാണ്.

ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്- ഭാവന ടീം ഒന്നിക്കുന്ന പാരാനോർമൽ ത്രില്ലർ ചിത്രമായ ഹണ്ട് റിലീസിന് ഒരുങ്ങുകയാണ്. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഹണ്ട് ഒരുക്കിയിരിക്കുന്നത്.

എന്നാൽ ഹണ്ട് എന്ന ചിത്രത്തിന് ചിന്താമണി കൊലക്കേസുമായി യാതൊരു ബന്ധമില്ലെന്ന് പറയുകയാണ് ഭാവന. ഹണ്ടിൽ തന്റെ കഥാപാത്രം പേടിക്കുന്നതാണെന്നും എന്നാൽ ചിന്താമണി കൊലക്കേസ് അങ്ങനെയല്ലെന്നും ഭാവന പറയുന്നു.

അന്ന് ചിന്താമണി കൊലക്കേസ് കണ്ട് ഒരുപാട് അമ്മമാർ തന്നോട് സംസാരിച്ചിരുന്നുവെന്നും എന്തിനാണ് ഇത്ര പാവമായി അഭിനയിച്ചതെന്ന് അവർ ചോദിച്ചിട്ടുണ്ടെന്നും ഭാവന പറയുന്നു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ഭാവന.

‘ഹണ്ട് എന്ന സിനിമയിൽ സത്യത്തിൽ ഞാൻ അല്ല പേടിപ്പിക്കുന്നത്. എന്റെ കഥാപാത്രമല്ല പേടിപ്പിക്കുന്നത്. ആ കഥാപാത്രം പേടിക്കുന്നതാണ്. ചിന്താമണി കൊലക്കേസുമായി ഒരിക്കലും ഇതിനെ കംമ്പയർ ചെയ്യാൻ കഴിയില്ല.

ചിന്താമണിയിലെ പല കാര്യങ്ങളും എനിക്കിപ്പോഴും ഓർമയുണ്ട്. ആ സിനിമ കഴിഞ്ഞ ശേഷം ഞാൻ എയർപോർട്ടിലൊക്കെ പോവുമ്പോൾ ചില അമ്മമാർ എന്റെയടുത്ത് വരും, മോൾ എന്തിനാണ് അവരുടെ അടുത്ത് അത്രയും പാവമായി നിന്നതെന്ന്  ചോദിക്കും.

അങ്ങനെ ചോദിച്ച ആളുകളുണ്ട്. മോൾക്ക് തിരിച്ച് പറഞ്ഞൂടെ എന്നൊക്കെ ചോദിച്ചിട്ടുള്ള അനുഭവം എനിക്കുണ്ടായിട്ടുണ്ട്,’ഭാവന പറയുന്നു.

 

Content Highlight: Bavana Talk About Chinthamani Kolacase Movie