ഇശലുകളില്‍ പൂക്കളം തീര്‍ത്ത പാട്ടുകാരന്‍
DISCOURSE
ഇശലുകളില്‍ പൂക്കളം തീര്‍ത്ത പാട്ടുകാരന്‍
ഡോ. ബാവ കെ. പാലുകുന്ന്‌
Thursday, 12th September 2024, 8:26 am
ദ്രാവിഡ രാജാവായ മാവേലിയുടെ സദ്ഭരണത്തില്‍ അസൂയപൂണ്ട ആര്യന്‍മാര്‍ അദ്ദേഹത്തെ വകവരുത്തിയതിന്റെ പ്രതീകാത്മക ആവിഷ്‌കാരമായി ആ പുരാവൃത്തത്തെ സമീപിക്കുമ്പോള്‍ , മാറ്റൊരു ചോദ്യത്തിനു കൂടി നാം മറുപടി കണ്ടെത്തേണ്ടിവരും.'കൊന്ന നാള്‍ ആഘോഷമായ് കൊണ്ടാടിടുന്നാര്യന്മാര്‍ / കൊല്ലുവോര്‍ക്കൊപ്പം ചലിച്ചോ സാധു ദ്രാവിഡന്‍മാര്‍ ! ''എന്ന കവിയുടെ സന്ദേഹം അതാണോര്‍മിപ്പിക്കുന്നത്.

കേരള ചരിത്രത്തെയും സംസ്‌കാരത്തെയും ആഴത്തില്‍ സ്വാധീനിച്ച ആഘോഷമാണ് ഓണം. വിശ്വാസങ്ങള്‍ക്കും ഐതിഹ്യങ്ങള്‍ക്കുമപ്പുറം അതിന്റെ ഉത്ഭവം എന്നാണെന്ന് തീര്‍ത്തുപറയുക പ്രയാസം. മതംമാറി മക്കത്തുപോയ ചേരമാന്‍ പെരുമാളിന്റെ ഓര്‍മയ്ക്കായാണ് ഈ ആഘോഷത്തിനു തുടക്കം കുറിച്ചതെന്ന അനുമാനംവരെ മുന്നോട്ടു വയ്ക്കുന്നവരുണ്ട്.

രണ്ടായിരം വര്‍ഷം മുമ്പു രചിക്കപ്പെട്ടതെന്നു കരുതുന്ന സംഘകാല തമിഴ് കൃതിയായ മധുരൈക്കാഞ്ചിയില്‍പോലും ഓണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്. മധുരയിലെ അങ്ങാടിയില്‍ ആളുകള്‍ ആഘോഷപൂര്‍വം ഓണം കൊണ്ടാടിയിരുന്നതിന്റെ വര്‍ണനകളാണവ. സംഘകാലമായി പരിഗണിക്കേണ്ട നൂറ്റാണ്ടുകള്‍ ഏതൊക്കെയാണെന്ന കാര്യത്തില്‍ ഗവേഷകര്‍ വ്യത്യസ്ത നിലപാടുകള്‍ വച്ചുപുലര്‍ത്തുന്നവരാണ് .

എങ്കിലും, മലയാളം തമിഴില്‍ നിന്നു വ്യത്യസ്തമായ ഒരു സ്വതന്ത്ര ഭാഷയായിപ്പരിണമിച്ച പൊ. വ ഒമ്പതാം നൂറ്റാണ്ടിനു മുമ്പാണ് ഓണാഘോഷം രൂപപ്പെട്ടതെന്ന് അനുമാനിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. മലയാളത്തില്‍ പ്രചുരപ്രചാരം നേടിയ പഴമൊഴികളിലും ശൈലികളിലും, സ്ഥലനാമങ്ങളിലും, നാടന്‍പാട്ടുകളിലുമൊല്ലാം ഓണത്തെക്കുറിച്ചുള്ള സൂചനകളും പരാമര്‍ശങ്ങളും തെളിഞ്ഞു കാണുന്നത് അതിന്റെ പ്രാചീനതയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്.

ഓണത്തെക്കുറിച്ചു പാടാത്ത മലയാള കവികളും വിരളമാണ്. വൈലോപ്പിള്ളിയുടെയും ,കുഞ്ഞിരാമന്‍ നായരുടെയും, ഒ. എന്‍. വിയുടെയും കവിതകളില്‍ ഓണം സജീവ സാന്നിധ്യമായി പ്രതൃക്ഷപ്പെടുന്നതു കാണാം. മലയാളത്തിലെ നാടന്‍പാട്ടുകള്‍ക്ക് സമാന്തരമായി ഉടലെടുക്കുകയും സാമുദായികമായ അതിര്‍വരമ്പുകള്‍ ഭേദിച്ച് ജനകീയമാനം കൈവരിക്കുകയും ചെയ്ത ഗാനശാഖയാണ് മാപ്പിളപ്പാട്ടുകള്‍.

നൂറ്റാണ്ടുകളായി കേരളത്തിലെ വിവിധ സമുദായങ്ങളോടൊപ്പം ഇടപഴകി ജീവിക്കുകയും ആദാനപ്രദാനങ്ങളിലൂടെ സാംസ്‌കാരികമായ സ്വത്വം നില നിര്‍ത്തിപ്പോരികയും ചെയ്ത മാപ്പിള മുസ്ലിംകള്‍ക്കിടയിലണ് അതു വികാസം പ്രാപിച്ചത്.

സ്വാഭാവികമായും ഓണത്തിന്റെ സ്വാധീനം മാപ്പിളപ്പാട്ടുകളിലും ദൃശ്യമാകേണ്ടതുണ്ട്.

എന്നാല്‍, ഓണവുമായി ബന്ധപ്പെടുത്തി നടന്നിട്ടുള്ള അക്കാദമിക ഗവേഷണങ്ങളിലോ, പഠനങ്ങളിലോ ഈ വഴിയിലുള്ള ഒരന്വേഷണം നടന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. മാപ്പിളപ്പാട്ടു രചയിതാക്കള്‍ക്കിടയില്‍ ഈ പ്രമേയം ഗൗരവപൂര്‍വം പരിഗണിച്ചിട്ടുള്ള ചുരുക്കം കവികളേയുള്ളൂ. അക്കൂട്ടത്തില്‍ പ്രഥമഗണനീയന്‍ എം.എ കല്പറ്റ എന്ന തൂലികാനാമത്തില്‍ കാവ്യഗുണ സമ്പന്നമായ പാട്ടുകള്‍ രചിച്ചിട്ടുള്ള പി.എം.എ തങ്ങളാണ്.

PMA Thangal was known as MA Kalpatta

എം.എ കല്‍പറ്റ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പി.എം.എ തങ്ങള്‍

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലായിരുന്നു ജനനമെങ്കിലും , യൗവനാരംഭത്തില്‍ തന്നെ വയനാട്ടിലെ കല്‍പറ്റയിലെത്തി രാഷ്ട്രീയ- സാംസ്‌കാരിക രംഗങ്ങളില്‍ അദ്ദേഹം വ്യക്തിമുദ്രപതിപ്പിച്ചു . 1980- ല്‍ വയനാട് ജില്ല രൂപം കൊണ്ടപ്പോള്‍, രചിച്ച ‘വയനാട് മംഗളം’ എന്ന ഒറ്റപ്പാട്ടുതന്നെ മാപ്പിളപ്പാട്ടു രചയിതാക്കള്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള സ്ഥാനം ഉറപ്പിക്കാന്‍ പോന്നതായിരുന്നു.

ആയിരത്തോളം പാട്ടുകളും, അസംഖ്യം ലേഖനങ്ങളും, രണ്ട് ഗദ്യകൃതികളുമാണ് അദ്ദേഹത്തിന്റെ തൂലികയില്‍നിന്നും കൈരളിക്കു ലഭിച്ചിട്ടുള്ളത്. എഴുത്തിനോടൊപ്പം പത്രപ്രവര്‍ത്തകന്റെയും , പ്രഭാഷകന്റെയും , സംഘാടകന്റെയും വേഷങ്ങളില്‍ നാടിന്റെ സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ പതിറ്റാണ്ടുകളോളം അദേഹം നിറഞ്ഞുനിന്നു.

വയനാട്ടിലെയും നീലഗിരിയിലെയും മുസ്‌ലിം ലീഗിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായ പങ്ക് വഹിച്ച അദ്ദേഹത്തിന്റെ ‘മുസ്‌ലിം ലീഗ് വയനാട്ടില്‍’ എന്ന കൃതി രാഷ്ട്രീയ ചരിത്രമെഴുതുന്നവര്‍ക്കും ഗവേഷകര്‍ക്കും അവലംബിക്കാവുന്ന മികച്ച കൈപ്പുസ്തകമാണ്.

1958-ല്‍ ‘യുവാവ് ‘ എന്ന പേരില്‍ കല്‍പറ്റയില്‍ നിന്നും ഒരു മാസികയും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. മൂന്ന് ലക്കം മാത്രമേ, അതു പുറത്തിറക്കാനാ യുള്ളൂ. വയനാട്ടില്‍ നിന്നും വെളിച്ചം കണ്ട ആദ്യത്തെ ആനുകാലികമായിരുന്നു അത്.

First issue of Yuvav magazine released on February 28, 1958

1958 ഫെബ്രുവരി 28 ന് പുറത്തിറക്കിയ യുവാവ് മാസികയുടെ പ്രഥമലക്കം

കേരളീയ ഭൂപ്രകൃതിയുടെ ദൃശ്യചാരുത മാപ്പിളപ്പാട്ടുകളിലാവിഷ്‌കരിക്കുന്നതില്‍ എം.എ കല്പറ്റയോളം വിജയിച്ച കവികള്‍ ഏറെയില്ല. ‘മാപ്പിളപ്പാട്ടിലെ പ്രകൃതിഗായകന്‍ ‘ എന്ന വിശേഷണത്തിന് സര്‍വ്വഥാ, യോഗ്യന്‍ !

ലളിതവും ഹൃദ്യവുമാണ് അദ്ദേഹത്തിന്റെ ശൈലി. മാപ്പിളപ്പാട്ടുകളുടെ ആത്മാവായ ഇശല്‍ – പ്രാസ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ട് നിമിഷ നേരത്തിനകം മനോഹരമായ ഗാനങ്ങള്‍ രചിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

മുഖ്യധാരാ മാധ്യമങ്ങളില്‍നിന്നു ഭിന്നമായി മാപ്പിളപ്പാട്ടുകള്‍ക്ക് ഇടം നല്‍കിയിരുന്ന മലബാറിലെ വിവിധ മുസ്ലിം ആനുകാലികങ്ങളിലും, പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും സോവനീറുകളിലുമാണ് തങ്ങളുടെ രചനകള്‍ ഏറെയും പ്രത്യക്ഷപ്പെട്ടിരുന്നത്. അവയില്‍ വലിയൊരു ഭാഗം സമാഹരിക്കപ്പെടാതെ പോയി എന്നത് ദു:ഖകരമത്രേ.

സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പ്രസിദ്ധീകരിച്ചതും, കവിയുടെ മകന്‍ പി.എം അശ്‌റഫ് തങ്ങള്‍ സമാഹരിച്ചതുമായ ‘തെരെഞ്ഞെടുത്ത മാപ്പിളപ്പാട്ടുകളും ‘ , കവിയുടെ ജീവിത കാലത്ത് കോഴിക്കോട്ടെ ചില പ്രസാധക സ്ഥാപനങ്ങള്‍ പുറത്തിറക്കിയ കൃതികളും മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്.

books of ma 6thangal

പി.എം.എ. തങ്ങളുടെ കൃതികള്‍

ഓണവുമായി ബന്ധപ്പെട്ടു രചിച്ച മാവേലി സ്മരണ, ഓണ നാളില്‍, ഓണസന്ദേശം, ഓണാശംസകള്‍ എന്നീ രചനകളാണ് തെരെഞ്ഞടുത്ത പാട്ടുകളിലുള്‍പ്പെടുത്തിയിരിക്കുന്നത്.

അറബിമലയാളത്തിലെ ക്ലാസ്സിക് കാവ്യമായ മോയിന്‍ കുട്ടി വൈദ്യരുടെ ബദര്‍ പടപപ്പാട്ടുപോലുള്ള കൃതികളില്‍ നിന്നുള്ള ഇശലുകള്‍ അവലംബിച്ചാണ് ഇവയില്‍ മിക്കതിന്റെയും രചന. ഈ പാട്ടുകളില്‍ ഏറെ കാവ്യഗുണ സമ്പന്നമായ ‘ഓണാംശസകള്‍’ എന്ന രചന ആരിലും കൗതുകമുണര്‍ത്തുന്ന മട്ടിലുള്ളതാണ്.

മാപ്പിളപ്പാട്ടിലെ അജ്ഞാതകര്‍ത്തൃകമായ പാട്ടുകള്‍ക്കിടയില്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ചിട്ടുള്ള ‘താമരപ്പൂങ്കാവനത്തില്‍ ‘എന്ന പാട്ടിന്റെ ഈണവഴക്കമാണ് ഇതിനുള്ളത്. തങ്ങളോടൊപ്പമില്ലെങ്കിലും, ഒറ്റ മനസ്സായിക്കഴിയുന്ന പ്രവാസി സുഹൃത്തുക്കള്‍ക്ക് ഓണാശംസകളര്‍പ്പിച്ചുകൊണ്ടാണ് പാട്ടിന്റെ തുടക്കം.

ഓണമെന്നു കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ഇതള്‍ വിരിയുന്ന പ്രസിദ്ധമായ നാടന്‍ പാട്ടില്‍ വര്‍ണിക്കുന്നവിധമുള്ള മാവേലിക്കാലത്തെക്കുറിച്ചുള്ള സങ്കല്പം കവി തനിമ ചോരാതെ ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നതു നോക്കൂ:

‘വാണൊരു മാവേലി പണ്ടീ മാമലതന്‍ നാട്ടില്‍ /വാടിടും വദനങ്ങളില്ലെന്നോതിയന്നീ നാട്ടില്‍ / ജാഡയും പൊയ് വചനവും എള്ളോളവും അന്നില്ലാ / ജാതിയും ഉപജാതിയും ഉപജാപവും കണ്ടില്ല/ അന്നിഹം നാം മാനുഷര്‍ എല്ലാരുമൊ ന്നുപോലെ / എന്നതാണൈതിഹ്യമീ സങ്കല്പമെത്ര മേലെ ‘

ഇപ്രകാരം സ്മരണകളില്‍ പോലും ലാവണ്യം നിറക്കുന്ന ആ സമഭാവനയുടെ കാലമൊക്കെ കേവല സ്വപ്‌നങ്ങളായി പരിണമിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം കവി കാണിച്ചു തരുന്നുണ്ട് :

‘ഇന്ന് നാമൊന്നല്ല വര്‍ഗങ്ങള്‍ തരങ്ങള്‍ പാടെ / എന്നതോ പോകട്ടെ, രക്തം ചിന്തിടുന്നു നാടെ / മുഷ്ടികള്‍ ആക്രോശമാല്‍ ചാലിട്ടു നീങ്ങും നീളെ / മുക്കുപണ്ടപ്പാവനേതാക്കള്‍ പിറന്ന കാലെ ‘

ഈ വിധം പരസ്പരമുള്ള വിദ്വേഷവും വെറുപ്പും പൊലിപ്പിച്ചു നടക്കുന്ന മനുഷ്യര്‍ പെരുകിവരുമ്പോള്‍ , അവിടെ എങ്ങനെ പൂവനങ്ങള്‍ കനിയുമെന്നും, പുഷ്പഗന്ധം വീശുമെന്നും കവി ചോദിക്കുന്നുമുണ്ട്.

ഈ പാട്ടില്‍ തെളിയുന്ന മാവേലിക്കാലത്തിന്റെ ചിത്രം ഏറിയോ കുറഞ്ഞോ തങ്ങളുടെ മറ്റു പാട്ടുകളിലും പ്രത്യക്ഷപ്പെടുന്നതു കാണാം. ‘വമ്പുറ്റ ഹംസ ‘ എന്ന ഇശലില്‍ രചിച്ച ‘ഓണസന്ദേശം ‘ എന്ന പാട്ടില്‍ ആ ഭാവന ഇങ്ങനെ ഇതള്‍ വിരിയുന്നു :

‘ഉച്ചനീചത്വങ്ങളൊന്നുമേല്‍ക്കാതെ / സ്വച്ഛന്ദം മേയുന്ന ഭാവനം / ഇക്ഷിതിയില്‍ ദൈവദാസന്മാര്‍ മുന്നം / ദീക്ഷിച്ചു പോന്നൊരുദ്‌ബോധനം

ഇച്ഛയാല്‍ സങ്കല്പ വാനില്‍ നാമെന്നും /പക്ഷങ്ങളേല്‍ക്കുമീധാവനം കള്ളവും പൊള്ളും കപടത്തവുമില്ല / കൊള്ളക്കൊടുക്കലില്‍ ചില്ലിപ്പിശകില്ല / കള്ളിയില്‍പ്പോലും പൊളി വാക്കുരയ്ക്കില്ല / കൊല്ലാക്കൊലയ്‌ക്കൊട്ട് തെല്ലും പഴുതില്ല. ‘

മാനവ സാഹോദര്യവും ഐക്യവുമെല്ലാം ഉദ്‌ബോധനം ചെയ്ത ദൈവദൂതന്‍മാരുടെ സന്ദേശവും, മാവേലിനാടിനെക്കുറിച്ചുള്ള സങ്കല്പവും സമാനമാണെന്നു കവിയുടെ നിരീക്ഷണം പ്രസക്തമത്രേ! ആഘോഷങ്ങളില്‍ ഒരുമിക്കുന്നവര്‍ക്ക് അവയ്ക്കു പിന്നിലെ പുരാവൃത്തങ്ങളെയും കാലികമായി വ്യാഖ്യാനിക്കാന്‍ കഴിയേണ്ടതുണ്ട്.

ഓണക്കാലത്തെ പ്രകൃതിഭംഗി വര്‍ണിക്കുന്നതില്‍ മത്സരിച്ച മലയാള കവികള്‍ നമുക്കുണ്ടായിരുന്നല്ലോ. അവരുടെ രചനകളോടൊപ്പം ചേര്‍ത്തു വയ്ക്കാവുന്ന വരികള്‍ എം.എ കല്പറ്റയുടെ മാവേലി സമരണയില്‍ ‘ കാണാം. ബദര്‍ പടപ്പാട്ടിലെ ‘അടിപെട്ട് കൊത്തിപ്പിടിത്താരോ ‘എന്ന മട്ടിലുള്ള ആ പാട്ടിലെ:

‘പൊന്നോണച്ചിങ്ങത്തിന്‍ ഈറന്‍ അണിയുന്ന് / പൂമലക്കാടുകള്‍ പൊട്ടിച്ചിരിക്കുന്ന് / പുന്നാരത്തുമ്പികള്‍ പാറിപ്പറക്കുന്ന് / പുളകം ചൊരിഞ്ഞോമല്‍ മക്കള്‍ മദിക്കുന്ന് / സാകൂതം – സര്‍വ സാമോദം’ എന്ന വരികള്‍ ഹൃദയഹാരിയാണ്.

മൂന്നടി മണ്ണു ചോദിച്ചെത്തിയ വാമനന്‍ മാവേലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയെന്ന ഓണത്തിന്റെ പുരാവൃത്തത്തെ ‘ഓണനാളില്‍, ‘ ‘ഓണാശംസകള്‍ ‘ എന്നീ പാട്ടുകളില്‍ ആവിഷ്‌കരിക്കുന്നുണ്ട്. എന്നാല്‍ സാന്ദര്‍ഭിക പരാമര്‍ശം എന്നതിലുപരി യുക്തിഭദ്രമായി അതിനെ സമീപിക്കാനും കവിക്കു കഴിയുന്നുണ്ട്.

handwritten copy ma thangal

കവിയുടെ കൈപടയിലുള്ള പാട്ട്

ദ്രാവിഡ രാജാവായ മാവേലിയുടെ സദ്ഭരണത്തില്‍ അസൂയപൂണ്ട ആര്യന്‍മാര്‍ അദ്ദേഹത്തെ വകവരുത്തിയതിന്റെ പ്രതീകാത്മക ആവിഷ്‌കാരമായി ആ പുരാവൃത്തത്തെ സമീപിക്കുമ്പോള്‍ , മാറ്റൊരു ചോദ്യത്തിനു കൂടി നാം മറുപടി കണ്ടെത്തേണ്ടിവരും.

‘ കൊന്ന നാള്‍ ആഘോഷമായ് കൊണ്ടാടിടുന്നാര്യന്മാര്‍ / കൊല്ലുവോര്‍ക്കൊപ്പം ചലിച്ചോ സാധു ദ്രാവിഡന്‍മാര്‍ ! ”
എന്ന കവിയുടെ സന്ദേഹം അതാണോര്‍മിപ്പിക്കുന്നത്.

ഓണം പ്രമേയമായി വരുന്ന എം.എ കല്പറ്റയുടെ ഇത്തരം രചനകള്‍ മുന്‍നിര്‍ത്തി അദ്ദേത്തിന്റെ രചനാലോകത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. പ്രകൃതിഗായകന്‍ എന്നതുപോലെ മാപ്പിളപ്പാട്ടിലെ ഓണപ്പാട്ടുകാരന്‍ എന്ന വിശേഷണത്തിനും യോഗ്യനാണ് ഈ കവി.

content highlights: Bava K Palakunnu writes about PMA Thangals Onam songs and poems