ആദ്യം ദക്ഷിണാഫ്രിക്കയില്‍, പിന്നെ ഇന്ത്യയില്‍, അവസാനം അമേരിക്കയില്‍; ചെന്നൈയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട മുംബൈ
Sports News
ആദ്യം ദക്ഷിണാഫ്രിക്കയില്‍, പിന്നെ ഇന്ത്യയില്‍, അവസാനം അമേരിക്കയില്‍; ചെന്നൈയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട മുംബൈ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 18th July 2023, 1:51 pm

മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ചും എം.ഐ ഫ്രാഞ്ചൈസിയെ സംബന്ധിച്ചും ഈ വര്‍ഷം അത്ര മികച്ചതായിരുന്നില്ല. വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ കിരീടം നേടിയെങ്കിലും ആ നേട്ടം പുരുഷ ക്രിക്കറ്റിലെ ഒറ്റ ലീഗില്‍ പോലും ആവര്‍ത്തിക്കാന്‍ മുംബൈക്ക് സാധിക്കുന്നില്ല.

2023ല്‍ ഐ.പി.എല്‍ അടക്കം നാല് ലീഗുകളിലാണ് മുംബൈ ഫ്രാഞ്ചൈസികള്‍ കളിച്ചത്. അതില്‍ ഫൈനല്‍ കഴിഞ്ഞ മൂന്നില്‍ (എസ്.എ 20, ഐല്‍. ടി-20, ഐപി,എല്‍) ഒന്നില്‍ പോലും കിരീടം നേടാന്‍ മുംബൈക്ക് സാധിച്ചിട്ടില്ല.

ഇതിനെല്ലാം പുറമെ ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും അവരുടെ ഫ്രാഞ്ചൈസികളോടും തോല്‍വി വഴങ്ങിയതും എം.ഐ ഫ്രാഞ്ചൈസികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ബ്ലാക്ക് മാര്‍ക്കായി തുടരുന്നു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

 

കഴിഞ്ഞ ദിവസം കഴിഞ്ഞതടക്കം അഞ്ച് മത്സരങ്ങളിലാണ് ഇരു ഫ്രാഞ്ചൈസികളും ഏറ്റമുട്ടിയത്. ഇതില്‍ ഒന്നില്‍ മാത്രമാണ് എം.ഐക്ക് വിജയിക്കാന്‍ സാധിച്ചത്.

ഐ.പി.എല്ലിന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍പാര്‍ട്ടായ എസ്.എ 20യിലാണ് ഈ വര്‍ഷത്തെ സൂപ്പര്‍ കിങ്‌സ് – എം.ഐ പോരാട്ടത്തിന് തുടക്കമായത്. എം.ഐ കേപ്ടൗണ്‍ – ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സ് മത്സരത്തില്‍ വിജയം എം.ഐക്കൊപ്പമായിരുന്നു. ജനുവരി 14ന് ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഈ മത്സരത്തില്‍ മാത്രമാണ് 2023ല്‍ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടത്താന്‍ നീലപ്പടയ്ക്കായത്.

എസ്.എ 20യില്‍ ഇരുവരും നേര്‍ക്കുനേര്‍ വീണ്ടും ഏറ്റമുട്ടിയപ്പോള്‍ വിജയം സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു. ഫെബ്രുവരി ആറിന് വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 76 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം നേടിയാണ് ജോബെര്‍ഗ് എം.ഐയെ തകര്‍ത്തുവിട്ടത്.

എസ്.എ 20ക്കൊപ്പം തന്നെ ഐ.എല്‍ ടി-20യും നടന്നിരുന്നെങ്കിലും ടൂര്‍ണമെന്റില്‍ ചെന്നൈ ഫ്രാഞ്ചൈസിക്ക് ടീം ഉണ്ടായിരുന്നില്ല.

ശേഷം ഐ.പി.എല്ലിലേക്കെത്തിയപ്പോഴും സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ഡോമിനേഷന്‍ തുടര്‍ന്നു. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെയിലെത്തി ആതിഥേയരെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയ സി.എസ്.കെ സ്വന്തം ഗ്രൗണ്ടിലും വിജയം ആവര്‍ത്തിച്ചു. ചെപ്പോക്കില്‍ ആറ് വിക്കറ്റിനായിരുന്നു സൂപ്പര്‍ കിങ്‌സിന്റെ വിജയം.

ഇപ്പോള്‍ ഐ.പി.എല്ലിന്റെ അമേരിക്കന്‍ കൗണ്ടര്‍പാര്‍ട്ടായ മേജര്‍ ലീഗ് ക്രിക്കറ്റ് എന്ന എം.എല്‍.സിയിലും സൂപ്പര്‍ കിങ്‌സ് വിജയം ആവര്‍ത്തിച്ചിരിക്കുകയാണ്.

ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടന്ന എം.എല്‍.സിയിലെ എല്‍ ക്ലാസിക്കോയില്‍ 17 റണ്‍സിനാണ് ടെക്‌സസ് സൂപ്പര്‍ കിങ്‌സ് എം.ഐ ന്യൂയോര്‍ക്കിനെ തോല്‍പിച്ചുവിട്ടത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ മത്സരം മാത്രമാണ് ഇരു ടീമും കളിക്കുക എന്നുള്ളതിനാല്‍ നോക്ക് ഔട്ട് ഘട്ടത്തിലാകും വീണ്ടും മറ്റൊരു അമേരിക്കന്‍ എല്‍ ക്ലാസിക്കോക്ക് കളമൊരുങ്ങുക.

 

 

Content Highlight:  Battle of MI – Super Kings franchises