സ്വന്തം മണ്ണില്‍ നാണംകെട്ട ഓസ്‌ട്രേലിയയെ 7-1ന് കശാപ്പ് ചെയ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം; ഓര്‍മകളില്‍ തികട്ടി വരുന്ന വാശിക്കളി
DISCOURSE
സ്വന്തം മണ്ണില്‍ നാണംകെട്ട ഓസ്‌ട്രേലിയയെ 7-1ന് കശാപ്പ് ചെയ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം; ഓര്‍മകളില്‍ തികട്ടി വരുന്ന വാശിക്കളി
ജാഫര്‍ ഖാന്‍
Thursday, 11th January 2024, 9:52 pm

 

ജനുവരി പതിമൂന്നിന് ഖത്തറില്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ നേരിടുമ്പോള്‍ ഓര്‍മകളില്‍ തികട്ടിവരുന്നത് ഒരു ‘വാശിക്കളിയാണ്’.

ലോകകപ്പിനേക്കാളും ഒളിമ്പിക്‌സ് ഫുട്‌ബോള്‍ മുന്തിനിന്ന കാലത്തെ കഥയാണ്. 1956 ഒളിമ്പിക്‌സ് നടന്നത് ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍. ജപ്പാനെ 2-0ന് തോല്‍പിച്ചു വരുന്ന ഓസ്‌ട്രേലിയക്ക് ക്വാര്‍ട്ടറില്‍ എതിരാളികള്‍ ഇന്ത്യന്‍ ടീം.

ഇന്നത്തെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യ ആതിഥേയരെ 4-2ന് കശാപ്പുചെയ്തു സെമിയിലേക്ക് കയറി. മലയാളികളായ ഡിഫന്‍ഡര്‍ കോഴിക്കോട്ടുകാരന്‍ റഹ്‌മാനും ഒറ്റപ്പാലത്തുകാരന്‍ ഗോളി എസ്.എസ്. നാരായണനും അണിനിരന്ന ടീമായിരുന്നു അത്.

മുംബൈക്കാരന്‍ നെവില്‍ ഡിസൂസ നേടിയ ഹാട്രിക്കും ഒപ്പം കിട്ടു സാര്‍ എന്ന് വിളിക്കുന്ന ജെ. കൃഷ്ണസ്വാമി നേടിയ ഒരു ഗോളും വെച്ചാണ് ആ ഇന്ത്യന്‍ ടീം ജയിക്കുന്നതും സെമിയില്‍ കയറുന്നതും. ഇന്ത്യന്‍ ഫുട്‌ബോള്‍ രാജ്യാന്തരതലത്തില്‍ ഇന്നും ആഘോഷിക്കുന്ന/ വീമ്പ് പറയുന്ന നേട്ടം.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനോട് സ്വന്തം നാട്ടില്‍ നാണംകെട്ടു തോറ്റ ഓസ്‌ട്രേലിയക്ക് ഒരു മോഹം. ഇന്ത്യയോട് വീണ്ടും മുട്ടണം.

ഒളിമ്പിക്‌സ് മത്സരങ്ങള്‍ കഴിഞ്ഞു തിരിച്ചുപോകാന്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീമിനെ ഓസ്‌ട്രേലിയക്കാര്‍ വെല്ലുവിളിച്ചു.

‘ക്വാര്‍ട്ടറില്‍ ഞങ്ങള്‍ക്കെതിരെ നിങ്ങള്‍ നേടിയത് ഭാഗ്യവിജയമാണ്, ഒരു കളി കൂടി നാളെ നടത്താന്‍ ധൈര്യമുണ്ടോ ?’

ഇന്ത്യന്‍ ഫുട്‌ബോളിന്റെ കോച്ചിങ് ഉസ്താദ് എസ്.എ. റഹീം സാബ് വെല്ലുവിളി ഏറ്റെടുത്തു. മത്സരത്തിന് ടീമിനെ ഒരുക്കി. സ്വന്തം കാണികളെ ഇറക്കി ഓസ്‌ട്രേലിയക്കാര്‍ മെല്‍ബണ്‍ സ്റ്റേഡിയം നിറച്ചു. ഇഷ്ടപ്പെട്ട ഒഫീഷ്യല്‍സിനെ പീപ്പി കൊടുത്ത് ഇറക്കി.

വാശിപ്പുറത്തിറങ്ങിയ റഹീം സാബിന്റെ ശിഷ്യര്‍ ഓസീസ് ടീമിനെ 7-1ന് തകര്‍ത്തുവിട്ടു. പി.കെ. ബാനര്‍ജി, നെവില്‍ ഡിസൂസ, കിട്ടു എന്നിവര്‍ രണ്ട് ഗോളുകള്‍, നായകന്‍ സമര്‍ ബാനര്‍ജിയുടെ ഒന്നും. വെല്ലുവിളിച്ചവര്‍ സ്വന്തം ഗ്രൗണ്ടില്‍ അപമാനം കൊണ്ട് തലതാഴ്ത്തി മടങ്ങി.

അടുത്ത ശനിയാഴ്ച വീണ്ടും നാം ഓസ്‌ട്രേലിയക്ക് മുന്നില്‍ എത്തുമ്പോള്‍ ഇരുടീമുകളും തമ്മില്‍ നിലവാരത്തില്‍ യുഗങ്ങളുടെ മാറ്റമുണ്ട്. എങ്കിലും നാം മികച്ചൊരു ഫലം പ്രതീക്ഷിക്കുന്നു.

 

1956 മെല്‍ബണ്‍ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം:

ഗോള്‍കീപ്പര്‍മാര്‍:

പീറ്റര്‍ തങ്കരാജ് (മദ്രാസ് റെജിമെന്റല്‍ സെന്റര്‍, സര്‍വീസസ്), ശങ്കര്‍ സുബ്രഹ്‌മണ്യം നാരായണ്‍ (കാല്‍ടെക്‌സ്, ബോംബെ).

ഡിഫന്‍ഡര്‍മാര്‍:

അബ്ദുള്‍ ടി.റഹ്‌മാന്‍ (രാജസ്ഥാന്‍ ക്ലബ്, കല്‍ക്കട്ട), സയ്യിദ് ഖ്വാജ അസിസുദ്ദീന്‍ (ഹൈദരാബാദ് സിറ്റി പൊലീസ്), എസ്.എ.ലത്തീഫ് (ബോംബെ).

 

മിഡ്ഫീല്‍ഡര്‍മാര്‍:

മരിയാന കെമ്പിയ (ഈസ്റ്റ് ബംഗാള്‍ ക്ലബ്), മുഹമ്മദ് അബ്ദുല്‍ സലാം (ബംഗാള്‍), നിഖില്‍ കുമാര്‍ നന്ദി (ഈസ്റ്റേണ്‍ റെയില്‍വേ എസ്.സി, ബംഗാള്‍), അഹമ്മദ് ഹുസൈന്‍ (ഹൈദരാബാദ്), നൂര്‍ മുഹമ്മദ് (ഹൈദരാബാദ് സിറ്റി പൊലീസ്).

ഫോര്‍വേഡുകള്‍:

സമര്‍ ബാനര്‍ജി (മോഹന്‍ ബഗാന്‍ എ.സി-ക്യാപ്റ്റന്‍), ജെ. കൃഷ്ണസ്വാമി ‘കിട്ടു’ (ഈസ്റ്റ് ബംഗാള്‍ ക്ലബ്ബ്), പി.കെ. ബാനര്‍ജി (ബംഗാള്‍), കൃഷ്ണ ചന്ദ്ര കെസ്റ്റോ പാല്‍ (ബംഗാള്‍), മുഹമ്മദ് കണ്ണായന്‍ (ബംഗാള്‍-നാഗ്പൂര്‍ റെയില്‍വേ, കല്‍ക്കട്ട), നെവില്‍ സ്റ്റീഫന്‍ ഡിസൂസ (ബോംബെ-വൈസ് ക്യാപ്റ്റന്‍), തുളസീദാസ് ബലറാം (ഹൈദരാബാദ്), മുഹമ്മദ് സുല്‍ഫിഖറുദ്ദീന്‍ (ഹൈദരാബാദ് സിറ്റി പൊലീസ്).

 

Content Highlight: Battle between India and Australia football teams after 1956 Olympics