ലീഗ് വണ്ണില്‍ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ പാരീസ് സെന്റ് ഷെര്‍മാങ് എ.സി. അയാക്‌സിയോയെ (AC Ajaccio) നേരിടും. പോയിന്റ് പട്ടികയുടെ തലപ്പത്തുള്ള പി.എസ്.ജിയും 18ാം സ്ഥാനത്തുള്ള അയാക്‌സിയോയും തമ്മിലുള്ള മത്സരം വണ്‍ സൈഡാകുമെന്ന് ഏകദേശം ഉറപ്പാണ്.
എന്നാല്‍ ഒരു പ്രത്യേക ആവേശത്തോടെയാണ് ആരാധകര്‍ ഈ മത്സരത്തെ നോക്കിക്കാണുന്നത്. ഫാമിലി റീ യൂണിയനിനാണ് അയാക്‌സിയോയുടെ ഹോം ഗ്രൗണ്ടായ സ്‌റ്റേഡ് ഫ്രാങ്കോയിസ് കോട്ടി വേദിയാകാനൊരുങ്ങുന്നത്.
മത്സരത്തില്‍ അച്ഛനും മകനുമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ആയാക്‌സിയോയുടെ സഹപരിശീലകന്‍ പി.എസ്.ജിയുടെ കോച്ച് ക്രിസ്‌റ്റൊഫെ ഗാള്‍ട്ടിയറിന്റെ മകനായ ജോര്‍ദാന്‍ ഗാള്‍ട്ടിയറാണ്.
ഈ സീസണില്‍ ലീഗ് വണ്ണിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ക്ലബ്ബാണ് അയാക്‌സിയോ. ടീം കോച്ചായ ഒലിവിയര്‍ പ്ലാന്റോലൊനിയെയാണ് ജോര്‍ദാന്‍ ഗാള്‍ട്ടിയര്‍ അസിസ്റ്റ് ചെയ്യുന്നത്.
എന്നാല്‍ അച്ഛനെ നേരിടുന്നതിനെ സംബന്ധിച്ച കാര്യങ്ങളൊന്നും തന്നെ സംസാരിക്കാന്‍ ജോര്‍ദാന്‍ ഗാള്‍ട്ടിയര്‍ തയ്യാറായിരുന്നില്ല.
‘ഇക്കാര്യങ്ങളൊന്നും തന്നെ അവന്‍ അധികം സംസാരിക്കാറില്ല, അവനെപ്പോഴും സ്വയം പ്രൊട്ടെക്ട് ചെയ്തുകൊണ്ടിരിക്കാനാണ് താത്പര്യപ്പെടുന്നത്. അതിനെ കുറിച്ച് അധികം സംസാരിക്കരുത്,’ എന്നായിരുന്നു എ.സി. അയാക്‌സിയോയുടെ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായ ജോഹാന്‍ കവാല്ലി പറഞ്ഞത്.
എന്നാല്‍ ഇതിന് മുമ്പ് 2022ല്‍ നടന്ന ഒരു അഭിമുഖത്തില്‍ ജോര്‍ദാന്‍ ഗാള്‍ട്ടിയര്‍ തന്നെ ഇതുസംബന്ധിച്ച് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു.
‘ഞാന്‍ ക്രിസ്റ്റൊഫെ ഗാള്‍ട്ടിയറിന്റെ മകനാണെന്നുള്ള തോന്നല്‍ എനിക്കെപ്പോഴും ഉണ്ടാകാറുണ്ട്. എനിക്കൊരു ഫസ്റ്റ് നെയിം ഉണ്ടെന്ന് തെളിയിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ല.
ബന്ധങ്ങളെ കുറിച്ച് സംസാരിക്കുന്നത് ഇപ്പോഴൊരു ഫാഷനായി മാറിയിരിക്കുന്നു, എന്നാല്‍ എന്റെ ജോലിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ആളുകള്‍ അറിയണമെന്ന് ഞാന്‍ ഒരിക്കലും താത്പര്യപ്പെടുന്നില്ല,’ ജോര്‍ദാന്‍ ഗാള്‍ട്ടിയര്‍ പറഞ്ഞു.
അതേസമയം, കളിച്ച 11 മത്സരങ്ങളില്‍ ഒന്നില്‍ പോലും തോല്‍ക്കാതെയാണ് ക്രിസ്‌റ്റൊഫെ ഗാള്‍ട്ടിയറിന്റെ കുട്ടികള്‍ ലീഗ് വണ്‍ പോയിന്റ് ടേബിളിന്റെ തലപ്പത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്. ഒമ്പത് ജയവും രണ്ട് സമനിലയുമായി 29 പോയിന്റാണ് പി.എസ്.ജിക്കുള്ളത്.
പതിനെട്ടാം സ്ഥാനത്തുള്ള അയാക്‌സിയോക്ക് 11 മത്സരത്തില്‍ നിന്നും രണ്ട് ജയം മാത്രമാണുള്ളത്. രണ്ട് സമനിലയും ഏഴ് തോല്‍വിയും വഴങ്ങിയ അയാക്‌സിയോക്ക് എട്ട് പോയിന്റാണുള്ളത്.
Content Highlight: Battle between Cristophe Galtier and Jordan Galtier as PSG takes AC Ajaccio in League One