ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ തങ്ങളുടെ ആരാധകര്‍ക്ക് നല്‍കിയിരിക്കുന്ന ആശ്വാസവും സന്തോഷവും ചില്ലറയല്ല. ടി-20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കിയ മെന്‍ ഇന്‍ ബ്ലൂ ഏറെ കാലമായി സ്വന്തം മണ്ണില്‍ പരമ്പര തോറ്റിട്ടില്ല എന്ന റെക്കോഡും കൈവിട്ടില്ല.
സീനിയര്‍ താരങ്ങളില്ലാതെ ടി-20 പരമ്പരക്കിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ ഒന്ന് വിറച്ചെങ്കിലും പരമ്പര കൈവിട്ടില്ല. ശിവം മാവിയുടെയും രാഹുല്‍ ത്രിപാഠിയുടെയും ശുഭ്മന്‍ ഗില്ലിന്റെയും അന്താരാഷ്ട്ര അരങ്ങേറ്റത്തിന് കൂടി കാരണമായ ഈ പരമ്പര ആരാധകരെ സംബന്ധിച്ച് അല്‍പം വൈകാരികമേറിയതുമായി.
ഈ വര്‍ഷം സ്വന്തം മണ്ണില്‍ വെച്ച് ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ ഏകദിന പരമ്പരയിലെ താരങ്ങളുടെ പ്രകടനം ഇന്ത്യന്‍ ആരാധകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു.
മോശം ഫോമിന്റെ പേരില്‍ പഴി കേട്ടിരുന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ അസാധ്യ തിരിച്ചുവരവായിരുന്നു പരമ്പരയിലെ ആദ്യ മത്സരത്തില്‍ കണ്ടത്.
67 പന്തില്‍ നിന്നും 83 റണ്‍സുമായിട്ടാണ് രോഹിത് ഒരിക്കല്‍ക്കൂടി ഹിറ്റ് മാനായത്. മൂന്ന് സിക്‌സറും ഒമ്പത് ഫോറും ഉള്‍പ്പെടെ 123.88 സ്‌ട്രൈക്ക് റേറ്റിലായിരുന്നു രോഹിത് റണ്ണടിച്ചുകൂട്ടിയത്.
രോഹിത്തിന്റെ വെടിക്കെട്ട് കണ്ടപ്പോള്‍ ആരാധകര്‍ മറ്റൊരു സെഞ്ച്വറിയോ ഇരട്ട സെഞ്ച്വറിയോ ഒക്കെ പ്രതീക്ഷിച്ചിരുന്നു. എതിര്‍ വശത്ത് ശ്രീലങ്കയാകുമ്പോള്‍ സ്ഥിരമായി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുന്ന രോഹിത് ശര്‍മയില്‍ നിന്ന് ആരാധകര്‍ മറ്റെന്ത് പ്രതീക്ഷിക്കാന്‍.
ഒടുവില്‍ മറ്റൊരു സെഞ്ച്വറി പ്രതീതി കൂടി സൃഷ്ടിച്ച് രോഹിത് 17 റണ്‍സകലെ മടങ്ങി. നിരന്തരമായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയ ആ ഇന്നിങ്‌സിന് യഥാര്‍ത്ഥത്തില്‍ സെഞ്ച്വറിയേക്കാളേറെ വിലയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. രണ്ടാം മത്സരത്തില്‍ അല്‍പം നിരാശപ്പെടുത്തിയെങ്കിലും ആദ്യ മത്സരത്തിലെ താരത്തിന്റെ ഇന്നിങ്‌സ് പലതും പറഞ്ഞുവെക്കുന്നുണ്ട്.
ആരാധകര്‍ ശ്രീലങ്കന്‍ മര്‍ദ്ദകനെന്ന് വിളിക്കുന്ന രോഹിത്തിന്റെ ഇന്നിങ്‌സ് പോലെ എണ്ണം പറഞ്ഞ പ്രകടനമായിരുന്നു ഇന്ത്യന്‍ മര്‍ദ്ദകനായ ദാസുന്‍ ഷണകയും കാഴ്ചവെച്ചത്.
ക്യാപ്റ്റന്‍ എന്ന ഉത്തരവാദിത്തത്തിന് പുറമെ ആറാം നമ്പറിലിറങ്ങി കിടിലന്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കുക്കുകയും ഫിനിഷറുടെ റോള്‍ എങ്ങനെ നിര്‍വഹിക്കണമെന്ന് കാണിച്ചുതന്നുമാണ് ഷണക പരമ്പരയില്‍ തിളങ്ങിയത്.
ഏകദിന പരമ്പരയിലും ടി-20 പരമ്പരയിലും ടീമിനെ ജയിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും ആരാധകരുടെ മനസ് ജയിച്ചാണ് താരം മടങ്ങുന്നത്. ഇതിനൊപ്പം തന്നെ ഐ.പി.എല്ലില്‍ തന്നെ ടീമിലെത്തിക്കാന്‍ വിസമ്മതിച്ച ഫ്രാഞ്ചൈസികളോടുള്ള മധുരപ്രതികാരവും.
പരമ്പര നഷ്ടപ്പെട്ടെങ്കിലും അവസാന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും ജയിക്കാനും തന്നെയാവും ഷണകയും സംഘവും ഒരുങ്ങുന്നത്. ജനുവരി 15നാണ് പരമ്പരയിലെ അവസാന മത്സരം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് വേദി.
Content highlight: Batting performance of Rohit Sharma and Dasun Shanaka