| Saturday, 14th October 2023, 8:12 pm

അവസാന ആറില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും; സിംബാബ്‌വേ മര്‍ദകനല്ല, ഇത് പാകിസ്ഥാന്‍ മര്‍ദകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിലെ രോഹിത് റാംപെയ്ജില്‍ പാകിസ്ഥാന്‍ തകരുന്ന കാഴ്ചക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരിയറിലെ 53ാം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഹിറ്റ്മാന്‍ ഇന്ത്യയെ മുമ്പില്‍ നിന്നും നയിക്കുന്നത്.

ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഇന്ത്യന്‍ നായകന്റെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ പാകിസ്ഥാന്‍ 191 റണ്‍സിന് ഓള്‍ ഔട്ടായി.

സ്പിന്നര്‍മാര്‍ നാല് വിക്കറ്റും പേസര്‍മാര്‍ ആറ് വിക്കറ്റും വീഴ്ത്തിയാണ് ഇന്ത്യന്‍ നിരയില്‍ തരംഗമായത്. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡജേ, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളാണ് നേടിയത്.

192 റണ്‍സിന്റെ ചെറിയ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെയും പെട്ടെന്ന് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ടീമിനെ താങ്ങി നിര്‍ത്തി.

63 പന്തില്‍ ആറ് സിക്‌സറും ആറ് ബൗണ്ടറിയുമായി 86 റണ്‍സാണ് രോഹിത് നേടിയത്. 136.51 എന്ന സ്‌ട്രൈക്ക് റേറ്റില്‍ റണ്ണടിച്ചുകൂട്ടവെ ഷഹീന്‍ ഷാ അഫ്രിദിയുടെ പന്തില്‍ ഇഫ്തിഖര്‍ അഹമ്മദിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്.

രോഹിത്തിന്റെ തകര്‍പ്പന്‍ വെടിക്കെട്ടിനൊപ്പം പാകിസ്ഥാനെതിരെ കളിച്ച പഴയ മത്സരങ്ങളും വീണ്ടും ചര്‍ച്ചയുടെ ഭാഗമായിരിക്കുകയാണ്. പാകിസ്ഥാനെതിരെ എപ്പോഴും മികച്ച ടോട്ടല്‍ കണ്ടെത്തുന്ന രോഹിത്തിന്റെ കംപ്ലീറ്റ് ഡോമിനേഷന്‍ വ്യക്തമാക്കുന്ന സ്റ്റാറ്റുകളാണ് ചര്‍ച്ചയാകുന്നത്.

2023 ലോകകപ്പിലേതടക്കം അവസാനം കളിച്ച ആറ് ഏകദിന മത്സരത്തില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയുമാണ് ഹിറ്റ്മാന്‍ സ്വന്തമാക്കിയത്.

2018ല്‍ ദുബായില്‍ നടന്ന ഏഷ്യാ കപ്പ് മുതല്‍ക്കുള്ള സ്റ്റാറ്റുകളാണ് ചര്‍ച്ചയുടെ ഭാഗമാകുന്നത്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഭുവനേശ്വര്‍ കുമാര്‍ പന്തുകൊണ്ട് വിരുതുകാട്ടിയ മത്സരത്തില്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് തരംഗമായത്. 39 പന്തില്‍ 52 റണ്‍സാണ് രോഹിത് നേടിയത്.

ഗ്രൂപ്പ് സ്റ്റേജില്‍ ഏറ്റുമുട്ടിയതിന് പിന്നാലെ സൂപ്പര്‍ ഫോറിലും ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നിരുന്നു. അന്ന് സെഞ്ച്വറിയടിച്ചാണ് രോഹിത് തിളങ്ങിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 238 റണ്‍സിന്റെ വിജയലക്ഷ്യം രോഹിത്തിന്റെയും ധവാന്റെയും സെഞ്ച്വറി കരുത്തില്‍ 63 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

ശേഷം 2019 ലോകകപ്പിലാണ് രോഹിത്തും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ ട്രാഫോര്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നാണ് രോഹിത് പുറത്തെടുത്തത്. 113 പന്തില്‍ 140 റണ്‍സടിച്ചാണ് രോഹിത് കളം വിട്ടത്.

2023 ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് രോഹിത്തിന് പാകിസ്ഥാന് മുമ്പില്‍ കാലിടറിയത്. 22 പന്തില്‍ 11 റണ്‍സാണ് രോഹിത്തിന് നേടാന്‍ സാധിച്ചത്. എന്നാല്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു.

വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും സെഞ്ച്വറിയാല്‍ ആറാടിയ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ രോഹിത് ശര്‍മയും ഒട്ടും മോശമാക്കിയിരുന്നില്ല. 49 പന്തില്‍ 56 റണ്‍സാണ് രോഹിത് നേടിയത്.

ശേഷം 2023 ലോകകപ്പില്‍ നേടിയ ഈ അര്‍ധ സെഞ്ച്വറിയും രോഹിത് vs പാകിസ്ഥാന്‍ പോരാട്ടത്തിന്റെ ഭാഗമായി എഴുതിച്ചേര്‍ക്കപ്പെട്ടു.

പാകിസ്ഥാനെതിരെ അവസാന ആറ് ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ പ്രകടനം
(റണ്‍സ് – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

52 – ദുബായ് – 2018 (ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടം)

111* – ദുബായ് – 2018 (ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍)

140 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍ – 2019 (ഐ.സി.സി ലോകകപ്പ്)

11 – പല്ലേക്കലെ – 2023 (ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടം)

56 – കൊളംബോ – 2023 (ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍)

86 – അഹമ്മദാബാദ് – 2023 (ഐ.സി.സി ലോകകപ്പ്)

അതേസമയം, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരിക്കുകയാണ്. ഏഴ് വിക്കറ്റും 117 പന്തും ബാക്കി നില്‍ക്കവെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

Content Highlight: Batting performance of Rohit Sharma against Pakistan

We use cookies to give you the best possible experience. Learn more