പാകിസ്ഥാന്‍ പേസര്‍മാര്‍ക്കെതിരെ വലിയ സ്‌കോര്‍ നേടാനുള്ള കഴിവ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കുണ്ടെന്ന് ബാറ്റിങ് കോച്ച് വിക്രം റാത്തൂര്‍. ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ നേപ്പാളിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയതിന് ശേഷമുള്ള പത്രസമ്മേളനത്തിലായിരുന്ന് റാത്തൂറിന്റെ പ്രതികരണം.
ശനിയാഴ്ച പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ പേസര്‍മാരായ അഫ്രീദിയും ഹാരിസ് റൗഫും ഇന്ത്യന്‍ ടോപ്പ് ഓര്‍ഡറിനെ വിറപ്പിച്ചിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയെ 15 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് എന്ന നിലയില്‍ പാക് പേസര്‍മാര്‍ എറിഞ്ഞുവീഴ്ത്തിയിരുന്നു. പിന്നീട് ഇഷാന്‍ കിഷന്റെയും ഹാര്‍ദിക്കിന്റെയും മികച്ച ഇന്നിങ്‌സുകളാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഈ സാഹചര്യത്തിലാണ് പാകിസ്ഥാനെ വരും മത്സരങ്ങളില്‍ നേരിടുന്നതിനെക്കുറിച്ച് റാത്തൂര്‍ സംസാരിക്കുന്നത്.
‘ഇനി വരാന്‍ പോവുന്ന മത്സരത്തില്‍ ടീം ഇന്ത്യ നന്നായി ബാറ്റ് ചെയ്യാന്‍ ശ്രമിക്കും. ആദ്യ മത്സരത്തിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. പാകിസ്ഥാന് മികച്ച ബൗളിങ് നിരയുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് അവരെ നേരിടാന്‍ കഴിയാത്തവരല്ല. ചില ദിവസങ്ങളില്‍ അവര്‍ക്ക് മുന്‍തൂക്കം ഉണ്ടാകും. ഒരു മികച്ച തുടക്കം ലഭിക്കുമ്പോള്‍, ടീം ഇന്ത്യയുടെ ബാറ്റര്‍മാര്‍ ഒരു വലിയ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ പ്രാപ്തരാണ്,’ റാത്തൂര്‍ പറഞ്ഞു.