സിക്‌സറുകളുമായി ബാറ്റര്‍മാര്‍ അഴിഞ്ഞാടിയ മത്സരത്തിനാണ് കഴിഞ്ഞ ദിവസം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് സാക്ഷ്യം വഹിച്ചത്. സാഹുര്‍ അഹമ്മദ് ചൗധരി സ്റ്റേഡിയത്തില്‍ നടന്ന കോമില്ല വിക്ടോറിയന്‍സ് – ചാറ്റോഗ്രാം ചലഞ്ചേഴ്‌സ് മത്സരത്തിലാണ് ബൗളര്‍മാര്‍ അടിവാങ്ങിക്കൂട്ടിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിക്ടോറിയന്‍സിനായി ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസും വില്‍ ജാക്‌സും മികച്ച തുടക്കമാണ് നല്‍കിയത്. 86 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.
31 പന്തില്‍ 60 റണ്‍സടിച്ചാണ് ദാസ് പുറത്തായത്. ഒമ്പത് ഫോറും മൂന്ന് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
പിന്നാലെയെത്തിയ തൗഹിദ് ഹൃദോയ് ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ബ്രൂക് ഗസ്റ്റ് പത്ത് റണ്‍സിനും പുറത്തായി.
അഞ്ചാം നമ്പറില്‍ മോയിന്‍ അലിയെത്തിയതോടെ വിക്ടോറിയന്‍സ് സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ സിക്‌സറുകള്‍ പറന്നപ്പോള്‍ സ്‌റ്റേഡിയം ആവേശത്തിലായി.
വില്‍ ജാക്‌സ് 53 പന്തില്‍ നിന്നും 203.77 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ പുറത്താകാതെ 108 റണ്‍സ് നേടി. അഞ്ച് ഫോറും പത്ത് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
മറുവശത്ത് നിന്ന് മോയിന്‍ അലിയും ഒട്ടും മോശമാക്കിയില്ല. 220.83 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ അര്‍ധ സെഞ്ച്വറി തികച്ചാണ് മോയിന്‍ അലി സ്‌കോറിങ്ങില്‍ നിര്‍ണായകമായത്. രണ്ട് ഫോറും അഞ്ച് സിക്‌സറും അടക്കം 24 പന്തില്‍ പുറത്താകാതെ 53 റണ്‍സാണ് താരം നേടിയത്. 128 റണ്‍സാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റിന് 239 എന്ന നിലയില്‍ വിക്ടോറിയന്‍സ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചാറ്റോഗ്രാമിനും ഗംഭീര തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 80 റണ്‍സാണ് ജോഷ് ബ്രൗണും തന്‍സിദ് ഹസനും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 24 പന്തില്‍ നിന്നും 41 റണ്‍സ് നേടിയ തന്‍സിദ് ഹസനെ പുറത്താക്കി മുസ്തഫിസുര്‍ റഹ്‌മാനാണ് കൂട്ടുകെട്ട് പൊളിച്ചത്. വില്‍ ജാക്‌സിന് ക്യാച്ച് നല്‍കിയാണ് ഹസന്‍ പുറത്തായത്.
സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ ബ്രൗണും മടങ്ങി. പിന്നാലെയെത്തിയവര്‍ കാര്യമായ ചലനമുണ്ടാക്കാതെ തിരിച്ചു നടന്നു.
അഞ്ചാം നമ്പറിലിറങ്ങിയ സൈകത് അലിയുടെ വെടിക്കെട്ടാണ് ഹോം ക്രൗഡിനെ ആവേശത്തിലാഴ്ത്തിയത്. വെറും 11 പന്ത് നേരിട്ട് 327.27 സ്‌ട്രൈക്ക് റേറ്റില്‍ 36 റണ്‍സാണ് താരം നേടിയത്. ഒരു ബൗണ്ടറിയും അഞ്ച് പടുകൂറ്റന്‍ സിക്‌സറുകളുമാണ് അലിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ടീം സ്‌കോര്‍ 157ല്‍ നില്‍ക്കവെ മോയിന്‍ അലിയുടെ പന്തില്‍ വില്‍ ജാക്‌സിന് ക്യാച്ച് നല്‍കി സൈകത് അലി പുറത്തായി. തന്റെ സ്‌പെല്ലിലെ തൊട്ടടുത്ത ഓവറില്‍ മോയിന്‍ അലി ഹാട്രിക് നേടിയതോടെ ചലഞ്ചേഴ്‌സ് 166ന് ഓള്‍ ഔട്ടായി.
ഇരു ടീമിലെയും ബൗളര്‍മാര്‍ അടി വാങ്ങിയ മത്സരത്തില്‍ 29 സിക്‌സറുകളും 32 ബൗണ്ടറികളുമാണ് പിറന്നത്.
ബി.പി.എല്ലില്‍ ബുധനാഴ്ചയാണ് വിക്ടോറിയന്‍സിന്റെ അടുത്ത മത്സരം. കുല്‍ന ടൈഗേഴ്‌സാണ് എതിരാളികള്‍. ഫെബ്രുവരി 16നാണ് ചലഞ്ചേഴ്‌സ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ബാബര്‍ അസവും ബ്രാന്‍ഡന്‍ കിങ്ങും മുഹമ്മദ് നബിയും അണിനിരക്കുന്ന രംഗപൂര്‍ റൈഡേഴ്‌സാണ് എതിരാളികള്‍.
Content Highlight: Batters put up a good performance in Comilla Victorians vs Chattogram Challengers match