മനുഷ്യാവകാശ പ്രവര്‍ത്തകരും കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കളും നിരന്തരം ആവശ്യപ്പെട്ടിട്ടും കേസന്വേഷിക്കുന്ന ദല്‍ഹി പോലീസിലെ പ്രത്യേക വിഭാഗം പുറത്ത് വിടാതിരുന്ന റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് പുറം ലോകമറിഞ്ഞത്.
ദല്‍ഹി ജാമിഅ മില്ലിയ വിദ്യാര്‍ഥികളായ മുഹമ്മദ് സാജിദ്(17), ആത്വിഫ് അമീന്‍ (24) എന്നിവരാണ് 2008 സെപ്തംബര്‍ 18ന് നടന്ന പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഭീകരരായ ഇരുവരും ഏറ്റമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഇവരുടെ ശരീരത്തില്‍ മര്‍ദനമേറ്റ മുറിവുകള്‍ എങ്ങിനെയുണ്ടായെന്നതാണ് സംശയമുയര്‍ത്തുന്നത്.
അമീന്റെ ശരീരത്തിലുള്ള ഏഴാമത്തെ മുറിവ് 1.5×1 വ്യാപ്തിയുള്ള മൂര്‍ച്ചയില്ലാത്ത ഉകരണം കൊണ്ട് ഏറ്റതാണ്. അഞ്ച് വെടിയുണ്ടകള്‍ സാജിദിന്റെ തലയുടെ മുകള്‍ ഭാഗത്താണ് ഏറ്റത്. തലയിലേറ്റ വെടി തലച്ചോറിലെ സെറിബ്രത്തെയും ക്രാണിയത്തെയും തകരാറിലാക്കിയതാണ് സാജിന്റെ മരണത്തിന് കാരണമായത്.
സംഭവത്തില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്റ്റര്‍ ഷര്‍മയുടെ ശരീരത്തില്‍ വെടിയുണ്ടയേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. അടിവയറ്റിലേറ്റ വെടിയുണ്ടയാണ് ഷര്‍മയുടെ മരണത്തിനിടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അഅ്‌സംഗഡുകാരായ ഇരുവരുടെയും മൃതദേഹങ്ങള്‍ കുളിപ്പിക്കുന്ന സമയത്ത്, ശരീരത്തില്‍ കഠിനമായ മര്‍ദ്ദനമേറ്റതിന്റെ ഫലമായുള്ള നിരവധി മുറിവുകള്‍ കണ്ടതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. പോലിസ് പറയുന്നതുപോലെ ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടതെങ്കില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ എങ്ങനെ വന്നുവെന്ന ചോദ്യമുയരുകയാണ്.
മൃതദേഹങ്ങളില്‍ കണ്ടെത്തിയ വെടിയേറ്റതല്ലാത്ത മുറിവുകളും വസ്തുതാന്വേഷണസംഘങ്ങളും മനുഷ്യാവകാശസംഘടനകളും കണ്ടെത്തിയ തെളിവുകളും വ്യക്തമാക്കുന്നത് ഏറ്റുമുട്ടല്‍ വ്യാജമായിരുന്നെന്നും ഇരുവരെയും പോലിസ് പിടിച്ചുനിര്‍ത്തി വെടിവച്ചുകൊല്ലുകയായിരുന്നുവെന്നുമാണെന്ന് സംഭവമുണ്ടായ ഉടന്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു. വെടിയുണ്ടകള്‍ സാജിദിന്റെ തലയുടെ മുകള്‍ഭാഗത്തുകൂടി താഴേക്ക് തുളച്ചുകയറിയതിന്റെ പാടുകള്‍ മൃതദേഹം കുളിപ്പിക്കുന്ന സമയത്ത് ബന്ധുക്കള്‍ രഹസ്യമായെടുത്ത ചിത്രങ്ങളില്‍ നിന്നു വ്യക്തമായിരുന്നു. കുനിച്ചിരുത്തിയ ശേഷം വെടിവച്ചുകൊല്ലുകയായിരുന്നെന്നാണ് ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപിച്ചിരുന്നത്.
വിവരാവകാശ പ്രവര്‍ത്തകനായ ജാമിഅ മില്ലിയ ഇസ്‌ലാമിയയിലെ വിദ്യാര്‍ഥി അഫ്രോസ് ആലം സാഹിലിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇതിനായി ദല്‍ഹി പോലിസ്, ഐ ഐ ഐ എം എസ്, കേന്ദ്ര വിവരാവകാശ കമ്മീഷന്‍ തുടങ്ങിയവയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വഴിയാണ് സാഹിലിന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെ പകര്‍പ്പു ലഭിച്ചത്.
കോളിളക്കം സൃഷ്ടിച്ച ബട്‌ല ഹൗസ് സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പല സംഘടനകളും നേരത്തെ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ബട്‌ല ഹൗസ് സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് അടുത്ത ദിവസം പറഞ്ഞത് വിവാദമായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് സമാജ് വാദി പാര്‍ട്ടിയും ബി എസ് പിയും ആവശ്യപ്പെട്ടിരുന്നു.