ഗംഗയില്‍ അതിമാരകമായ അളവില്‍ എഫ്.സി ബാക്ടീരിയ; കുളിക്കുന്നത് പോലും അപകടമെന്ന് റിപ്പോര്‍ട്ട്
Ganga River Pollution
ഗംഗയില്‍ അതിമാരകമായ അളവില്‍ എഫ്.സി ബാക്ടീരിയ; കുളിക്കുന്നത് പോലും അപകടമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th March 2018, 10:11 am

ന്യൂദല്‍ഹി: ഗംഗാ-യമുന സംഘമത്തിലെ കുളി മാരകമായ ബാക്റ്റീരിയ ബാധയക്ക് കാരണമാവുമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. ഉയര്‍ന്ന അളവിലുള്ള ഫീകല്‍ കോളിഫോം(എഫ്.സി) ബാക്റ്റീരിയകളാണ് ഗംഗാജലത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. അനുവദനീയമായ അളവിലും അഞ്ച് മുതല്‍ 13 ഇരട്ടിവരെ ബാക്ടീരിയ സാന്നിധ്യമുള്ള ജലത്തില്‍ കുളിക്കുന്നത് പോലും സുരക്ഷിതമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇ.കോളിക്ക് സമാനമായ ബാക്ടീരികളാണ് എഫ്.സി. വിസര്‍ജ്യത്തിലൂടെയും അഴുക്കുചാലുകളിലൂടെയുമാണ് ഇവ ജലത്തിലെത്തുന്നത്. നൂറ് മില്ലി ലിറ്റര്‍ ജലത്തില്‍ 2500 എം.പി.എന്‍ ആണ് അനുവദനീയമായ അളവ്. എന്നാല്‍ ഇതിന്റെ 13 ഇരട്ടി അളവ് വരെ ബാക്ടീരിയകള്‍ ഗംഗാജലത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.


Read Also: ‘ട്രെയിന്‍ റൂട്ട് മാറി ഓടി, ഗുരുതര പിഴവുമായി ഇന്ത്യന്‍ റെയില്‍വേ’; ന്യൂദല്‍ഹിയിലേക്കുള്ള ട്രെയിന്‍ എത്തിയത് ഓള്‍ഡ് ദല്‍ഹിയില്‍


തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് സമീപമാണ് മലിനീകരണം ഏറ്റവും കൂടുതല്‍. ഇവിടങ്ങളിലെ ഉയര്‍ന്ന ജനസംഖ്യയും പ്രവൃത്തികളുമാണ് മലിനീകരണത്തിന് കാരണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്ത് വിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ഉത്തര്‍പ്രദേശിലെ 16 കേന്ദ്രങ്ങളില്‍ 50 ശതമാനം സ്ഥലങ്ങളിലും ഗംഗ അതീവ മലിനമാണെന്നാണ് റിപ്പോര്‍ട്ട്. ബീഹാറില്‍ ഇത് 88 ശതമാനമാണ്. കാണ്‍പൂര്‍, അലഹാബാദ്, വാരണസി തുടങ്ങിയവയാണ് ഏറ്റവും കൂടുതല്‍ മലിനീകരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.


Read Also: പ്രശ്നമുണ്ടാക്കുന്നത് അഹങ്കാരം മുഖമുദ്രയാക്കിയ ആക്ഷന്‍ ഹീറോ ബിജുമാര്‍; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഡി.ജി.പി


ഗാര്‍ഹിക മാലിന്യങ്ങള്‍ തള്ളുന്നതാണ് മലിനീകരണത്തിന് പ്രധാന കാരണമെന്ന് യു.പി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനായ അനില്‍ കുമാര്‍ പറയുന്നു. “വാരണാസിയില്‍ പുറംതള്ളുന്ന മാലിന്യത്തിന്റെ നാലില്‍ ഒന്ന് കൈകാര്യം ചെയ്യാനുള്ള ശേഷിയേ നഗരത്തിനുള്ളൂ” – അദ്ദേഹം പറഞ്ഞു. ഗംഗാതീരത്തെ മുഴുവന്‍ ടൗണുകളുടെയും അവസ്ഥ ഇത് തന്നെയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തീരത്തെ 97 ടൗണുകളില്‍ ഉണ്ടാവുന്ന മാലിന്യത്തിന്റെ പകുതിപോലും കൈകാര്യം ചെയ്യാന്‍ സംവിധാനങ്ങളില്ല.

ഗംഗ ശുദ്ധീകരണത്തിന് നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതു വരെ ഫലം കണ്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ കണക്കുകള്‍.