| Friday, 24th September 2021, 9:58 am

സി.കെ ജാനുവിന് കോഴ നല്‍കിയെന്ന കേസ്; സുരേന്ദ്രന്റെ ശബ്ദപരിശോധന നടത്താന്‍ കോടതി ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ശബ്ദ പരിശോധന നടത്താന്‍ കോടതി നിര്‍ദേശം.

സുല്‍ത്താന്‍ ബത്തേരി ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ സി.കെ. ജാനുവിന് സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസിലാണ് നടപടി.

കോഴ വാഗ്ദാനം ചെയ്തുകൊണ്ടുള്ള സുരേന്ദ്രന്റെ ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വിട്ട ജെ.ആര്‍.പി നേതാവ് പ്രസീത അഴീക്കോടിന്റെ ശബ്ദവും പരിശോധിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

പരിശോധനയ്ക്കായി ശബ്ദ സാംപിളുകള്‍ അടുത്ത മാസം 11ാം തിയതി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കോഴക്കേസില്‍ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

സി.കെ ജാനുവിന് സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷവും ബത്തേരിയില്‍ വച്ച് 25 ലക്ഷം രൂപയും നല്‍കിയെന്നാണ് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നത്. ഇത് തെളിയിക്കാന്‍ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു.

മാര്‍ച്ച് 26ന് ബത്തേരിയിലെ ഹോംസ്റ്റേയില്‍ വെച്ച് 25 ലക്ഷം രൂപ സഞ്ചിയിലാക്കി പൂജാ സാധനങ്ങള്‍ എന്ന വ്യാജേനെ ജാനുവിന് നല്‍കിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. കിട്ടിയ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് പകരം സി.കെ. ജാനു സ്വന്തം ആവശ്യങ്ങള്‍ക്കായി മാറ്റിയെന്നും പ്രസീത പറഞ്ഞിരുന്നു.

അതേസമയം, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രേനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഏഴ് ദിവസത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ സുരേന്ദ്രനോട് ക്രൈം ബ്രാഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

നഷ്ടപ്പെട്ടുവെന്ന് സുരേന്ദ്രന്‍ മൊഴി നല്‍കിയ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സുരേന്ദ്രന്റെ മൊഴികളില്‍ പലതും പച്ചക്കള്ളമാണെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 16ന് ക്രൈംബ്രാഞ്ച് സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും കെ. സുന്ദരയെ അറിയില്ലെന്നും പരാതിയില്‍ പറയുന്ന ദിവസം കാസര്‍ഗോഡ് തന്നെ ഇല്ലായിരുന്നു എന്നുമാണ് സുരേന്ദ്രന്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്.

എന്നാല്‍ പരാതിയില്‍ പറയുന്ന കാസര്‍ഗോഡുള്ള ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്ന സുരേന്ദ്രന്റെ മൊഴി തെറ്റാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുള്‍പ്പെടെയുള്ളയുള്ള വിഷയങ്ങളില്‍ വ്യക്തത വരുത്താണ് ക്രൈംബ്രാഞ്ച് വീണ്ടും സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Bathery election bribery case Court instruction to check k surendrans voice

We use cookies to give you the best possible experience. Learn more