| Tuesday, 9th November 2021, 4:46 pm

ബത്തേരി കോഴക്കേസ്; കൂടുതല്‍ ശബ്ദരേഖകള്‍ പുറത്ത്; ബി.ജെ.പി കുരുക്കിലേക്ക്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബത്തേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാവുന്നതിന് വേണ്ടി ബി.ജെ.പി, സി.കെ. ജാനുവിന് കോഴ നല്‍കിയെന്ന ജെ.ആര്‍.പി നേതാവ് പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്ന കൂടുതല്‍ ശബ്ദ രേഖകള്‍ പുറത്ത്. പ്രസീതയുടെ ഫോണില്‍ നിന്ന് തന്നെയാണ് അന്വേഷണസംഘത്തിന് ശബ്ദരേഖകള്‍ ലഭിച്ചിരിക്കുന്നത്.

ബി.ജെ.പി നല്‍കിയ 10 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ച് പ്രസീതയും സി.കെ. ജാനുവും സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ലഭിച്ചത്. അവര്‍ എന്തൊക്കെയാണ് സംസാരിച്ചതെന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കേസില്‍ നിര്‍ണായക തെളിവാകും ഈ ശബ്ദ രേഖയെന്നാണ് ക്രൈബ്രാഞ്ച് കരുതുന്നത്. തന്റെ ഫോണ്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയതെന്നാണ് പ്രസീത അഴീക്കോട് പറയുന്നത്.

ഈ സംഭാഷണത്തിന്റെ ശബ്ദ പരിശോധനയും നടത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും സി.കെ. ജാനുവിനെയും ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.കെ. ജാനുവിനെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ 35 ലക്ഷം രൂപ കൈമാറിയെന്ന കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

തിരുവനന്തപുരം, ബത്തേരി എന്നിവിടങ്ങളില്‍ വെച്ച് ഈ തുക കൈമാറിയതെന്നാണ് പ്രസീത അഴിക്കോട് ആരോപിക്കുന്നത്. ബത്തേരിയിലെ ഹോംസ്റ്റയില്‍ വെച്ച് പൂജാദ്രവ്യങ്ങള്‍ എന്ന വ്യാജേന പ്രശാന്ത് മണവയല്‍ 25 ലക്ഷം രൂപ കൈമാറിയെന്നും തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷം കൈമാറിയെന്നും പ്രസീത ആരോപിക്കുന്നു.

നേരത്തെ, കോടതി നിര്‍ദേശപ്രകാരം കേസിലുള്‍പ്പെട്ട പ്രസീത അഴീക്കോട്, പ്രശാന്ത് മണവയല്‍, സി.കെ. ജാനു, ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എന്നിവരുടെ ശബ്ദരേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാല്‍, ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ് രാഷ്ട്രീയ പ്രേരിതമാണന്നൊയിരുന്നു ജാനുവിന്റെ വാദം. കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, എന്നാല്‍ പുറത്തുവന്ന ശബ്ദ രേഖകള്‍ പൂര്‍ണമായും തെറ്റല്ലെന്നും ജാനു കൂട്ടിച്ചേര്‍ത്തു.

പതിനഞ്ചാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകാന്‍ സി. കെ. ജാനുവിന് 35 ലക്ഷം കോഴ നല്‍കി എന്നതായിരുന്നു കേസ്. നേരത്തെ പുറത്തു വന്ന ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Bathery bribery case, crime branch collects more audios

We use cookies to give you the best possible experience. Learn more