| Sunday, 18th October 2015, 4:20 pm

മധുരമൂറും 'ബസുന്ദി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു ഉത്തരേന്ത്യന്‍ മധുര പലഹാരമാണ് ബസുന്ദി( Basundi ). നവരാത്രി, ദീപാവലി പോലുള്ള വിശേഷ ആഘോഷ ദിനങ്ങളില്‍ ഉത്തരേന്ത്യന്‍ വീടുകളില്‍ ഉണ്ടാക്കാറുള്ള സ്വാധിഷ്ഠമായ ഒരു ഡിസേര്‍ട്ട് ആണ് ഇത്. ഒരുപക്ഷെ നമ്മുടെ നാട്ടില്‍ അധികമാര്‍ക്കും ഇതെങ്ങിനെയാണ് ഉണ്ടാക്കുകയെന്ന് അറിയുമായിരിക്കില്ല..  നമുക്ക് പരിചിതമായ ചേരുവകളായതുകൊണ്ടുതന്നെ എളുപ്പത്തില്‍ ഉണ്ടാക്കുവാനും സാധിക്കും. ഇനി എങ്ങിനെയാണ് ബസുന്ദി ഉണ്ടാക്കുന്നതെന്ന് നോക്കാം

ആവശ്യമുള്ള സാധനങ്ങള്‍

പാല് – 1കാല്‍ ലിറ്റര്‍

കണ്ടന്‍സ്ഡ് മില്‍ക്ക്- ഒരു ടിന്‍

ഇഷ്ടമുള്ള ഡ്രൈഫ്രൂട്ട്‌സ് – ചെറുതായി അരിഞ്ഞത്

കശുവണ്ടി, പിസ്ത, ബദാം എന്നിവയും ചെറുതായി അരിഞ്ഞ് വെക്കുക.

അഞ്ച് ഏലയ്ക്കകള്‍ ചേര്‍ത്ത് പൊടിച്ച എലക്കപ്പൊടി

ജാതിക്കപ്പൊടി അല്‍പ്പം

കുങ്കുമപ്പൂവ്

ഉണ്ടാക്കുന്നവിധം

1. ആവശ്യത്തിന് വലിപ്പമുള്ള ഒരു നോണ്‍സ്റ്റിക് കടായിയില്‍ നാലോ അഞ്ചോ കപ്പ് പാല്‍ ഒഴിക്കുക

2. ഇതിലേക്ക് 400 ഗ്രാം കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ക്കുക. കണ്ടന്‍സ്ഡ് മില്‍ക്കിന്റെ മധുരം അനുസരിച്ച് വേണം പാലിന്റെ അളവ് നിശ്ചയിക്കാന്‍. ഒരു ടിന്‍ കണ്ടന്‍സ്ഡ് മില്‍ക്കിന് നാലോ അഞ്ചോ കപ്പ് പാലോ അധിലധികമോ എടുക്കാം. എന്നാല്‍ മധുരം കൂടിപ്പൊകാതെ ശ്രദ്ധിക്കണം. മധുരം കൂടുതലാണെങ്കില്‍ അതിനനുസരിച്ച് പാല്‍ ചേര്‍ക്കുക.

മാത്രവുമല്ല ഈ മിശ്രിതം ചൂടാക്കുമ്പോള്‍ കുറുകി വരുമെന്നതും ഓര്‍മ്മയിലിരിക്കണം. അതുകൊണ്ട് ആവശ്യത്തിനനുസരിച്ച് പാല്‍ ചേര്‍ക്കുക.

3. നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഈ മിശ്രിതം ചെറുചൂടില്‍ അടുപ്പത്ത് വെക്കുക.

4. ചെറുചൂടില്‍ വെച്ച് ഈ മിശ്രിതം നന്നായി ഇളക്കിക്കൊണ്ടിരിക്കുക. അടിയില്‍ പിടിക്കാതിരിക്കാനും വാടിപ്പൊക്കാതിരിക്കാനുമായി നിശ്ചിത ഇടവേളകളില്‍ ഇളക്കുക.

5. ബസുന്ദി മിശ്രിതം കട്ടിയായിവരാന്‍ തുടങ്ങും. നന്നായി ഇളക്കിക്കൊണ്ടിരിക്കുക.

6. പാത്രത്തിന്റെ അരികുകളില്‍ കട്ടിയായി പറ്റിപിടിച്ചിരിക്കുന്ന മിശ്രിതത്തിന്റെ കൊഴുപ്പ് സ്പൂണ്‍കൊണ്ട്് ചുരണ്ടിയെടുത്ത് മിശ്രിതത്തിലേക്ക് തന്നെ ചേര്‍ത്ത് ഇളക്കുക. ഇങ്ങനെ 20-25 മിനിറ്റ് ചെറുചൂടില്‍ മിശ്രിതം പാകം ചെയ്യുക.

7. എന്നിട്ട് ഇതിലേക്ക് ഒരുനുള്ള് ജാതിക്കപ്പൊടി ചേര്‍ക്കുക

8. അരിഞ്ഞുവെച്ചിരിക്കുന്ന ഡ്രൈഫ്രൂട്ട്‌സ്, കശുവണ്ടി, പിസ്ത, ഒപ്പം ഏലയ്ക്കപ്പൊടി, കുങ്കുമപ്പൂവ് എന്നിവ ചേര്‍ക്കുക.

9. എന്നിട്ട് ഒരു മിനിറ്റ് ചെറുചൂടില്‍ ഇളക്കുക.

10. ചൂടോടെയോ തണുപ്പിച്ചോ ബസുന്ദി കഴിക്കാം. അല്‍പ്പം കൂടി കുങ്കുമപ്പൂവ് ചേര്‍ത്ത് അലങ്കരിച്ചാല്‍ കാണാനും ഭംഗിയാവും.

We use cookies to give you the best possible experience. Learn more