മെസിയും റൊണാള്‍ഡോയും പടിക്ക് പുറത്ത്; ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ടീമിനെ തെരഞ്ഞെടുത്ത് ഇതിഹാസം
Sports News
മെസിയും റൊണാള്‍ഡോയും പടിക്ക് പുറത്ത്; ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ടീമിനെ തെരഞ്ഞെടുത്ത് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 1st December 2024, 4:42 pm

ലയണല്‍ മെസി – ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫുട്‌ബോള്‍ എന്ന ഗെയിം എത്ര കാലം ഈ ലോകത്തുണ്ടാകുമോ, അത്രയും കാലം ഇരുവരുടെയും പേര് ആരാധകര്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

ലോക ഫുട്‌ബോളിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളായാണ് ഇരുവരും വാഴ്ത്തപ്പെടുന്നത്. എന്നാല്‍ ഇരുവരെയും പരിഗണിക്കാതെ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഇലവനെ തെരെഞ്ഞെടുക്കുകയാണ് ജര്‍മനി – ബയേണ്‍ മ്യൂണിക് ഇതിഹാസ താരം ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍.

 

ആരാധകര്‍ക്ക് ഇക്കാര്യം ദഹിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണെങ്കിലും ഷ്വെയ്ന്‍സ്റ്റീഗറിന്റെ ഇലവന്‍ ശക്തിയേറിയതുതന്നെയെന്ന് സമ്മതിച്ചുകൊടുക്കേണ്ടി വരും. നേരത്തെ അദ്ദേഹം തെരഞ്ഞെടുത്ത ഈ ഡ്രീം ടീം വീണ്ടും ചര്‍ച്ചകളുടെ ഭാഗമാവുകയാണ്.

4-4-2 ഫോര്‍മേഷനിലാണ് താരം ടീം ഒരുക്കിയിരിക്കുന്നത്.

സാധാരണയായി ഏതൊരാളും തന്റെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം തെരഞ്ഞെടുക്കുമ്പോഴും ഗോള്‍വലയുടെ കാവല്‍ ജിയാന്‍ലൂജി ബഫണിന് നല്‍കുകയാണ് പതിവ്. എന്നാല്‍ ഇവിടെ ആ പതിവ് തെറ്റിച്ച ഷ്വെയ്ന്‍സ്റ്റീഗര്‍ ജര്‍മനിയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരുവനായ മാനുവല്‍ നൂയറിനെയാണ് ഗോള്‍മുഖം സംരക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിരക്കുന്നത്.

ഗോള്‍കീപ്പറെ തെരഞ്ഞെടുക്കുന്നതില്‍ കാണിച്ച സൂക്ഷ്മത അദ്ദേഹം പ്രതിരോധ ഭടന്‍മാരെ തെരഞ്ഞെടുക്കുമ്പോഴും കാണിച്ചിട്ടുണ്ട്.

ജര്‍മനിയുടെയും ബയേണിന്റെയും മുന്‍ നായകനായ ഫിലിപ് ലാമിനെ റൈറ്റ് ബാക്കായും ബ്രസീലിന്റെ ലെജന്‍ഡറി ജേഴ്സി നമ്പര്‍ സിക്സ് താരവും സെറ്റ് പീസ് സ്‌പെഷ്യലിസ്റ്റുമായ റോബര്‍ട്ടോ കാര്‍ലോസിനെ ലെഫ്റ്റ് ബാക്കുമായാണ് അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്.

താരമായും പരിശീകനായും ലോകകപ്പ് കിരീടമുയര്‍ത്തി ചരിത്രം സൃഷ്ടിച്ച ഫ്രാന്‍സ് ബെക്കന്‍ബോയും ഇറ്റാലിയന്‍ സൂപ്പര്‍ താരം ലിയനാര്‍ഡോ ബൊണൂച്ചിയും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ പ്രതിരോധ നിര.

1990 ലോകകപ്പില്‍ വെസ്റ്റ് ജര്‍മനിയെ ലോകകിരീടം ചൂടിച്ച ലോഥര്‍ മഥൗസ്, രണ്ട് തവണ ബാലണ്‍ ഡി ഓര്‍ ജേതാവും ഫ്രാന്‍സിന്റെ ഇതിഹാസ താരവുമായ സിനദിന്‍ സിദാന്‍ എന്നിവര്‍ക്കൊപ്പം തോമസ് മുള്ളറിനെയും ഫ്രാങ്ക് റിബറിയെയും അണിനിരത്തിയാണ് ഡ്രീം ടീമിന്റെ മധ്യനിര കരുത്തുറ്റതാക്കുന്നത്.

 

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയെ ഇതിഹാസ നിരയിലേക്കുയര്‍ത്തിയ എറിക് കാന്റോനക്കൊപ്പം ഇറ്റാലിയന്‍ ഇതിഹാസം റോബര്‍ട്ടോ ബാജിയോ എന്നിവരെയാണ് മുന്നേറ്റ നിരയില്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ കളത്തിലിറക്കുന്നത്.

ഇതിനൊപ്പം 12ാമനായി റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെയും താരം തെരഞ്ഞെടുത്തിട്ടുണ്ട്.

 

ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗറിന്റെ ഗ്രേറ്റസ്റ്റ് ഇലവന്‍ ഓഫ് ഓള്‍ ടൈം:

ഗോള്‍കീപ്പര്‍: മാനുവല്‍ നൂയര്‍

പ്രതിരോധ നിര: ഫിലിപ് ലാം, റോബര്‍ട്ടോ കാര്‍ലോസ്, ഫ്രാന്‍സ് ബെക്കന്‍ബോ, ലിയനാര്‍ഡോ ബൊണൂച്ചി

മധ്യനിര: സിനദിന്‍ സിദാന്‍, ലോഥര്‍ മഥൗസ്, തോമസ് മുള്ളര്‍, ഫ്രാങ്ക് റിബറി

മുന്നേറ്റ നിര: എറിക് കാന്റോന, റോബര്‍ട്ടോ ബാജിയോ

സബ്‌സ്റ്റിയൂട്ട്: റോബര്‍ട്ട് ലെവന്‍ഡോസ്‌കി

 

Content Highlight: Bastian Schweinsteiger picks his greatest of all time eleven