ഇന്ത്യന്‍ സൂപ്പര്‍ താരം ശ്രേയസ് അയ്യരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് താരം ബാസിത് അലി. ശ്രേയസിന് ടെസ്റ്റ് ഫോര്‍മാറ്റിനോട് ഒരു അഭിനിവേശവുമില്ലെന്നും ആകെ താത്പര്യം കാണിക്കുന്നത് ബൗണ്ടറികള്‍ നേടാനാണെന്നും അദ്ദേഹം പറഞ്ഞു.
ദുലീപ് ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ഇന്ത്യ ഡി ക്യാപ്റ്റനെതിരെ ആഞ്ഞടിച്ച് ബാസിത് അലി രംഗത്തെത്തിയത്. ഇന്ത്യന്‍ ടീമിന്റെ സെലക്ടറുടെ റോളില്‍ താനായിരുന്നുവെങ്കില്‍ ശ്രേയസ് ഒരിക്കലും ദുലീപ് ട്രോഫി കളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാസിത് അലി ഇന്ത്യന്‍ താരത്തിനെതിരെ വിമര്‍ശനങ്ങളുന്നയിച്ചത്.
‘ശ്രേയസ് അയ്യരിന് റെഡ് ബോള്‍ ഫോര്‍മാറ്റിനോടുള്ള അഭിനിവേശമെല്ലാം തന്നെ നഷ്ടപ്പെട്ടു. ഇപ്പോള്‍ ബൗണ്ടറികള്‍ നേടാന്‍ മാത്രമാണ് അവന് താത്പര്യമുള്ളത്. അതിനൊരിക്കലും മുന്‍ഗണന നല്‍കരുത്.
ലോകകപ്പില്‍ രണ്ട് സെഞ്ച്വറിയടിച്ചാല്‍ വിരാട് കോഹ്ലിയെ പോലെയാണെന്നാണ് അവന് ധരിച്ചിരിക്കുന്നതെങ്കില്‍ അത് അങ്ങനെയല്ല എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവനെ ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ ആരാധകരെ ഓര്‍ത്ത് എനിക്ക് സങ്കടമുണ്ട്.
ഞാനായിരുന്നു ഇന്ത്യയുടെ സെലക്ടറെങ്കില്‍ അവനൊരിക്കലും ദുലീപ് ട്രോഫി കളിക്കില്ലായിരുന്നു. അവന് ആ ഗെയിമിന് ഒരു ബഹുമാനവും നല്‍കുന്നില്ല,’ ബാസിത് അലി പറഞ്ഞു.
അതേസമയം, റൂറല്‍ ഡെവലപ്മെന്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ എ-ക്കെതിരെ ഇന്ത്യ ഡി-യുടെ മത്സരം തുടരുകയാണ്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ ഷാംസ് മുലാനിയുടെയും തനുഷ് കോട്ടിയന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ 290 റണ്‍സ് നേടി. മുലാനി 187 പന്തില്‍ 89 റണ്‍സ് നേടിയപ്പോള്‍ 80 പന്തില്‍ 53 റണ്‍സാണ് കോട്ടിയന്‍ നേടിയത്.
ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ഡി-ക്കായി ഹര്‍ഷിത് റാണ നാല് വിക്കറ്റ് നേടി. വിദ്വത് കവേരപ്പയും അര്‍ഷ്ദീപ് സിങ്ങും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ സൗരഭ് കുമാറും സാരാംശ് ജെയ്നുമാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
ആദ്യ ഇന്നിങ്സിനിറങ്ങിയ ഇന്ത്യ ഡി-ക്കായി ദേവ്ദത്ത് പടിക്കല്‍ മാത്രമാണ് ചെറുത്തുനിന്നത്. 124 പന്തില്‍ 92 റണ്‍സാണ് താരം നേടിയത്. ശ്രേയസ് അയ്യര്‍ ഏഴ് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായി. 29 പന്തില്‍ 31 റണ്‍സ് നേടിയ ഹര്‍ഷിത് റാണയാണ് ടീമിലെ മറ്റൊരു റണ്‍ ഗെറ്റര്‍.
ഒടുവില്‍ ആദ്യ ഇന്നിങ്സില്‍ 183 റണ്‍സിനാണ് ടീം പുറത്തായത്. ഇന്ത്യ എ-യ്ക്കായി ആഖിബ് ഖാനും ഖലീല്‍ അഹമ്മദും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ തനുഷ് കോട്ടിയന്‍, പ്രസിദ്ധ് കൃഷ്ണ, ഷാംസ് മുലാനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
107 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ 260ന് രണ്ട് എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ പ്രഥം സിങ്ങാണ് സ്കോര്‍ ബോര്‍ഡിനെ താങ്ങി നിര്‍ത്തിയത്.
സിങ് 189 പന്തില്‍ 122 റണ്‍സ് നേടി പുറത്തായി. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ 87 പന്തില്‍ 56 റണ്‍സ് നേടിയാണ് പുറത്തായത്. 101 പന്തില്‍ 60 റണ്‍സുമായി തിലക് വര്‍മയും 25 പന്തില്‍ 19 റണ്‍സുമായി റിയാന്‍ പരാഗുമാണ് ക്രീസില്‍.