ഐ.സി.സി ഏകദിന റാങ്കിങ്ങിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മുന്‍ പാക് താരം ബാസിത് അലി. ഐ.സി.സിയിലെ ആളുകളെല്ലാം ബാബര്‍ അസമിന്റെ ശത്രുക്കളാണെന്നും ബാബര്‍ മികച്ച പ്രകടനം പുറത്തെടുക്കരുത് എന്നാണ് ഐ.സി.സി ആഗ്രഹിക്കുന്നതെന്നും ബാസിത് അലി പറഞ്ഞു.
യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഐ.സി.സിയിലെ ആളുകളെല്ലാം ബാബറിന്റെ ശത്രുക്കളാണ്. ഏകദിന ബാറ്റര്‍മാരുടെ ഐ.സി.സി റാങ്കിങ് പട്ടിക പരിശോധിക്കുമ്പോള്‍ അതില്‍ ഒന്നാം സ്ഥാനക്കാരനായി ബാബര്‍ അസം സ്ഥാനം പിടിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയും മൂന്നാമത് ശുഭ്മന്‍ ഗില്ലുമാണ്. വിരാട് കോഹ്‌ലിയാണ് നാലാം നമ്പറില്‍ ഉണ്ടായിരുന്നത്.
പട്ടികയിലെ ബാക്കിയുള്ള പേരുകള്‍ വായിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല. കാരണം എനിക്ക് ട്രാവിസ് ഹെഡിന്റെയോ രചിന്‍ രവീന്ദ്രയുടെയോ പേരുകള്‍ അതില്‍ കാണാന്‍ സാധിക്കുന്നില്ല.
ബാബര്‍ അസം മികച്ച പ്രകടനം നടത്തരുതെന്ന് ഐ.സി.സി ആഗ്രഹിക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ഏകദിനത്തില്‍ ഒന്നാം നമ്പര്‍ ബാറ്ററാകുന്നത് അവന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ടാകാം. ആരാണ് ഈ റാങ്കിങ്ങെല്ലാം നല്‍കുന്നത്? എന്തിന്റെ അടിസ്ഥാനത്തിലാണ് ബാബര്‍ അസവും ശുഭ്മന്‍ ഗില്ലും അവിടെയുള്ളത്?,’ ബാസിത് അലി ചോദിച്ചു.
824 റേറ്റിങ്ങോടെയാണ് ബാബര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. രോഹിത് ശര്‍മ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ ഗില്‍ ഒരു സ്ഥാനം നഷ്ടപ്പെട്ടാണ് മൂന്നാം സ്ഥാനത്തെത്തിയത്. യഥാക്രമം 765, 763 റേറ്റിങ്ങാണ് ഇരുവര്‍ക്കുമുണ്ടായിരുന്നത്.
746 റേറ്റിങ്ങോടെ വിരാട് കോഹ്‌ലിയും ഹാരി ടെക്ടറും നാലാമതെത്തി.
(ഐ.സി.സി റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയ വിജയിക്കുമെന്ന് അഭിപ്രായപ്പെട്ട മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന്റെ അഭിപ്രായത്തോടും ബാസിത് അലി പ്രതികരിച്ചിരുന്നു.
‘ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയ 3-1ന് ജയിക്കുമെന്നാണ് റിക്കി പോണ്ടിങ് പറഞ്ഞിരിക്കുന്നത്. അദ്ദേഹം മൈന്‍ഡ് ഗെയിമുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഈ തന്ത്രങ്ങളെക്കുറിച്ച് ഇന്ത്യന്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും വ്യക്തമായി തന്നെ അറിയാം. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ കഴിഞ്ഞ രണ്ട് പതിപ്പുകളിലും ഇന്ത്യ വിജയിച്ചിരുന്നു. അപ്പോഴെന്ന പോലെ ഇപ്പോഴും വലിയ വ്യത്യാസമൊന്നും ഉണ്ടാകില്ല.
എനിക്ക് ഓസ്‌ട്രേലിയക്കാരെ നന്നായി അറിയാം. വലിയ പ്രസ്താവനകള്‍ നടത്തുന്ന ശീലം ഇവര്‍ക്കുണ്ട്. വിരാട് (കോഹ്‌ലി), രോഹിത് (ശര്‍മ), യശസ്വി (ജെയ്‌സ്വാള്‍), (ജസ്പ്രീത്) ബുംറ, (മുഹമ്മദ്) ഷമി, (മുഹമ്മദ്) സിറാജ് എന്നിവരില്ലാതെ ഇന്ത്യ യാത്ര ചെയ്താല്‍ ഓസ്‌ട്രേലിയക്ക് ഇന്ത്യയെ 5-0ന് തോല്‍പ്പിക്കാനാകും,’ ബാസിത് പറഞ്ഞു.