| Friday, 16th August 2024, 10:21 pm

ടി-20 ഫോര്‍മാറ്റ് ക്രിക്കറ്റിനെ നശിപ്പിക്കും, ഇന്ത്യയൊഴികെ എല്ലാവരും നശിക്കും; ആഞ്ഞടിച്ച് ബാസിത് അലി

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലീഗുകള്‍ കളിക്കുന്നതിനായി താരങ്ങള്‍ നാഷണല്‍ ഡ്യൂട്ടി ഒഴിവാക്കുന്ന പ്രവണതയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പാക് സൂപ്പര്‍ താരം ബാസിത് അലി. ന്യൂസിലാന്‍ഡ് താരങ്ങളായ ഫിന്‍ അലനും ഡെവോണ്‍ കോണ്‍വേയും സെന്‍ട്രല്‍ കോണ്‍ട്രാക്ട് നിരസിച്ചതിന് പിന്നാലെയാണ് ബാസിത് അലി രംഗത്തെത്തിയത്.

ഇത് കേവലം ന്യൂസിലാന്‍ഡ് ക്രിക്കറ്റിലെ മാത്രം കാര്യമല്ലെന്നും ഇന്ത്യയൊഴികെ എല്ലാ ടീമുകളെയും ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ശ്രീലങ്കക്കെതിരായ പരമ്പരയില്‍ (ഡെവോണ്‍) കോണ്‍വേ കളിക്കുന്നില്ല. ഇത് കേവലം ന്യൂസിലാന്‍ഡ് ടീമിലെ മാത്രം പ്രശ്‌നമല്ല. ഭാവിയില്‍ മറ്റ് ടീമുകളിലെ താരങ്ങളും സെന്‍ട്രല്‍ കോണ്‍ട്രാക്ടിനോട് മുഖം തിരിക്കുന്ന സ്ഥിതി ഉണ്ടാകും. പാകിസ്ഥാന്‍ താരങ്ങളും ഇതേ പാത തന്നെ പിന്തുടരും.

ഇതിന് പ്രധാന കാരണം ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെ ലഭിക്കുന്ന പണമാണ്. ഇക്കാര്യത്തില്‍ ഇന്ത്യ ഭാഗ്യവാന്‍മാരാണ്. അവരുടെ താരങ്ങള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒഴികെ മറ്റൊരു ടി-20 ടൂര്‍ണമെന്റും കളിക്കുന്നില്ല.

ടി-20 ഒരിക്കലും അവസാനിക്കുകയില്ല, അത് ക്രിക്കറ്റിനെ തന്നെ നശിപ്പിക്കും. ടെസ്റ്റ് ക്രിക്കറ്റിന് തന്നെയായിരിക്കണം പ്രധാന പരിഗണന നല്‍കേണ്ടത്. ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകള്‍ കളിക്കുന്ന താരങ്ങളെ സംബന്ധിച്ച് ടി-20യെന്നത് വിഷത്തിന് തുല്യമാണ്. ഇന്ത്യയൊഴികെ എല്ലാ ടീമുകളും ഇതുകൊണ്ട് കഷ്ടപ്പെടും. പണം വിജയിക്കും, ക്രിക്കറ്റ് തോല്‍ക്കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.

അതേസമയം, സെന്‍ട്രല്‍ കോണ്‍ട്രാക്ട് നിരസിക്കാനുള്ള കാരണത്തെ കുറിച്ച് കോണ്‍വേയും പറഞ്ഞിരുന്നു.

‘എന്നെ പിന്തുണച്ച ന്യൂസിലാന്‍ഡ് ക്രിക്കറ്റിനോട് ഞാന്‍ ആദ്യമായി നന്ദി അറിയിക്കുന്നു. സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നും പുറത്തുപോവുക എന്നത് ഒരിക്കലും നിസ്സാരമായി സ്വീകരിച്ചതല്ല. പക്ഷേ നിലവിലെ സാഹചര്യത്തില്‍ എനിക്കും എന്റെ കുടുംബത്തിനും ഗുണകരമാകുന്നത് ഈ തീരുമാനമായിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ന്യൂസിലാന്‍ഡിന് വേണ്ടി കളിക്കുക എന്നത് തന്നെയാണ് എനിക്ക് ഏറ്റവും പ്രധാനം. അന്താരാഷ്ട്ര തലത്തില്‍ ന്യൂസിലാന്‍ഡിനെ പ്രതിനിധീകരിക്കുകയും മത്സരങ്ങള്‍ ജയിക്കുകയുമെന്നത് എന്നും എനിക്ക് ആവേശം നല്‍കിയിട്ടുള്ള കാര്യമാണ്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ തുടരവെ ഇനി നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെട്ടത് എനിക്ക് ഏറെ സന്തോഷം നല്‍കുന്നു. ടീമിന്റെ ഭാഗമാക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം പാകിസ്ഥാനില്‍ വെച്ച് നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്നതും ഏറെ സന്തോഷം നല്‍കും,’ കോണ്‍വേ പറഞ്ഞു.

വിദേശ ടി-20, ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കുന്നതിനായാണ് താരങ്ങള്‍ സെന്‍ട്രല്‍ കോണ്‍ട്രാക്ട് നിരസിച്ചിരിക്കുന്നത്. ന്യൂസിലാന്‍ഡ് ചീഫ് എക്സിക്യുട്ടീവായ സ്‌കോട് വിനീക്കും ഇക്കാര്യം പറഞ്ഞിരുന്നു.

നിലവില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് ഉയര്‍ത്തുന്ന ചില വെല്ലുവിളികളുണ്ട്, ഞങ്ങളുടെ മികച്ച കളിക്കാരെ നിലനിര്‍ത്താന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നു എന്നതാണ് അതിനുള്ള ഏറ്റവും വലിയ ഉദാഹരണം,’ അദ്ദേഹം പറഞ്ഞു.

Content highlight: Basith Ali criticizes the trend of players rejecting central contracts

We use cookies to give you the best possible experience. Learn more