| Tuesday, 6th August 2024, 1:15 pm

അവൻ പ്രാക്ടീസ് പോലും ചെയ്യാതെയാണ് കളിക്കാനിറങ്ങുന്നത്: ഇന്ത്യൻ സൂപ്പർതാരത്തിനെതിരെ മുൻ പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നാളെയാണ് നടക്കുന്നത്. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരം ശ്രീലങ്ക വിജയിക്കുകയുമായിരുന്നു. നാളെ ആര്‍. പ്രേമ ദാസാ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ കഴിയും. മറുഭാഗത്ത് ഇന്ത്യയാണ് വിജയിക്കുന്നതെങ്കില്‍ സീരിസ് 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിയുകയും ചെയ്യും.

ഇപ്പോഴിതാ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെയും ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയുടെ ബാറ്റിങ് പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി. കോഹ്‌ലി മികച്ച തയ്യാറെടുപ്പോടെയല്ല ഈ പരമ്പര കളിക്കാന്‍ എത്തിയതെന്നാണ് ബാസിത് പറഞ്ഞത്.

‘ലോകത്തിലെ ഒന്നാം നമ്പര്‍ ബാറ്ററായ വിരാട് കോഹ്‌ലിയെ പോലെയൊരു മികച്ച താരം രണ്ട് തവണ എല്‍.ബി.ഡബ്യൂ ആയി പുറത്തായി. ഇത് അയ്യറിനോ ദുബെക്കോ ആണ് സംഭവിച്ചതെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ വിരാട് കോഹ്‌ലി വിരാട് കോഹ്‌ലിയാണ്. ഇതെല്ലാം അര്‍ത്ഥമാക്കുന്നത് അദ്ദേഹം പ്രാക്ടീസ് ചെയ്തിട്ടില്ല എന്നാണ്,’ ബാസിത് അലി തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

കോഹ്‌ലിക്ക് പുറമെ മറ്റ് താരങ്ങളുടെ പ്രകടനങ്ങളെ കുറിച്ചും ബാസിത് പറഞ്ഞു.

‘ഇത് ലോകത്തെ മികച്ച ബാറ്റിങ് ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. കെ.എല്‍ രാഹുലും ശ്രേയസ് അയ്യരും ഒരുപക്ഷേ പ്രാക്ടീസ് പോലും ചെയ്തിട്ടുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്. പ്രാക്ടീസ് ഇല്ലാതെയാണ് ഇവര്‍ വന്നത്. ശ്രേയസ് അയ്യർ ഇത്തരം പ്രകടനങ്ങള്‍ കൊണ്ട് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. റിഷബ് പന്ത്, റിങ്കു സിങ്, റിയാന്‍ പരാഗ് എന്നിവര്‍ക്ക് ഇനിയും സമയം ഉണ്ട് എന്ന് ഞാന്‍ കരുതുന്നു. 50 ഓവറുകളുടെ ആഭ്യന്തര ടൂര്‍ണമെന്റുകള്‍ ഗൗതം ഗംഭീറിന് വളരെ പ്രധാനപ്പെട്ടതാണ്. ഇതില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ അദ്ദേഹം ടീമില്‍ എടുക്കണം,’ മുന്‍ പാക് താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Basit Ali Talks About Indian Team Performance

Latest Stories

We use cookies to give you the best possible experience. Learn more