| Monday, 5th August 2024, 7:37 pm

ആ രണ്ട് താരങ്ങളില്ലാതെ ഇന്ത്യയുടെ ഏകദിന ടീം പൂർണമാവില്ല: മുൻ പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 32 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 208 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി.

‘പാകിസ്ഥാന് ശേഷം ഇന്ത്യയും സ്പിന്നര്‍മാര്‍ക്കെതിരെ ബാറ്റ് ചെയ്യാന്‍ മറന്നുപോയതായി ഞാന്‍ കരുതുന്നു. ടി-20യില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാവാം ഇത് സംഭവിച്ചത്. ശിവം ദുബെ പുറത്തായത് കണ്ടപ്പോള്‍ സങ്കടം വന്നു. അദ്ദേഹത്തിന് അത് കൃത്യമായി റീഡ് ചെയ്യാന്‍ സാധിക്കാതെ പോവുകളയായിരുന്നു. വാഷിങ്ങ്ടണ്‍ സുന്ദറും പുറത്തായി.

ആദ്യ കളിയില്‍ നടന്ന അതെ ഫാഷന്‍ തന്നെയാണ് ഇവിടെയും സംഭവിച്ചത്. ശിവം ദുബെയെ ടി-20യില്‍ മാത്രം കളിപ്പിക്കുക. ഏകദിനത്തിലേക്ക് തെരഞ്ഞെടുക്കരുത്. അവനെ 50 ഓവര്‍ ആഭ്യന്തര മത്സരങ്ങള്‍ കളിപ്പിക്കണം. ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഇല്ലെങ്കിൽ ഇന്ത്യയുടെ ഏകദിന ടീം പൂര്‍ണമാവില്ല’, ബാസിത് അലി തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. പുതിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയായിരുന്നു ഇന്ത്യ സീരീസ് വിജയിച്ചത്.

എന്നാല്‍ ടി-20യില്‍ നടത്തിയ മികച്ച പ്രകടനം ഏകദിനത്തില്‍ നടത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. ആദ്യ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യ ജയിച്ചു എന്ന് തോന്നിയ നിമിഷത്തില്‍ നിന്നും ശ്രീലങ്ക അവിശ്വസനീയമായ വിധം മത്സരം സമനിലയിലാക്കുകയായിരുന്നു.

പരമ്പരയിലെ അവസാന മത്സരം നടക്കുന്നത് ഓഗസ്റ്റ് ഏഴിനാണ് നടക്കുക. ആര്‍. പ്രേമ ദാസാ സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സമനിലയാക്കാന്‍ മാത്രമേ സാധിക്കൂ. ഈ മത്സരം പരാജയപ്പെടുകയാണെങ്കില്‍ ശ്രീലങ്ക 2-0ത്തിന് പരമ്പര സ്വന്തമാക്കുകയും ചെയ്യും.

Content Highlight: Basit Ali Talks About Indian Cricket Team

Latest Stories

We use cookies to give you the best possible experience. Learn more