ഗൗതം ഗംഭീര്‍ വിജയിച്ചു, അവര്‍ രണ്ടുപേരും ഇന്ത്യയുടെ ഭാവിയാണ്; പ്രശംസയുമായി ബാസിത് അലി
Sports News
ഗൗതം ഗംഭീര്‍ വിജയിച്ചു, അവര്‍ രണ്ടുപേരും ഇന്ത്യയുടെ ഭാവിയാണ്; പ്രശംസയുമായി ബാസിത് അലി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 10th October 2024, 2:19 pm

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20യിലും ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു ഇന്ത്യ.

ശേഷം ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി നാലാമനായി എത്തിയ നിതീഷ് കുമാര്‍ റെഡ്ഡി ബംഗ്ലാദേശിന്റെ പദ്ധതികളെ പൊളിച്ചടുക്കുകയായിരുന്നു. 34 പന്തില്‍ 74 റണ്‍സാണ് റെഡ്ഡി നേടിയത്. ഏഴ് സിക്‌സറും നാല് ഫോറും അടിച്ചാണ് റെഡ്ഡി ബംഗ്ലാദേശ് ബൗളര്‍മാരെ പഞ്ഞിക്കിട്ടത്.

അഞ്ചാമനായി ഇറങ്ങിയ റിങ്കുസിങ് മികച്ച പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവെച്ചത്. റിങ്കു സിങ് 29 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും അടക്കം 53 റണ്‍സ് നേടിയാണ് തിളങ്ങിയത്. ടീമിന്റെ മിഡില്‍ ഓര്‍ഡറില്‍ മിന്നും പ്രകടനം റെഡ്ഡിയെയും റിങ്കുവിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി. മാത്രമല്ല ഇന്ത്യയുടെ പുതിയ പരിശീലകന്‍ എന്ന നിലയില്‍ ഗൗതം ഗംഭീര്‍ വിജയിച്ചെന്നും ബാസിത് പറഞ്ഞു.

‘നിതീഷ് കുമാര്‍ റെഡ്ഡിയുടെ സിക്സറുകള്‍ ‘അഥേയെ’ പോലെ ആയിരിക്കണം. മൈക്കിള്‍ ബെവന്‍ ആണ് റിങ്കു സിങ്. ഇതില്‍ ഗൗതം ഗംഭീര്‍ വിജയിച്ചു, ഒരു പ്രധാന പരിശീലകനെന്ന നിലയില്‍ അദ്ദേഹം എല്ലാ നടപടികളും കൃത്യമാക്കുകയാണ്. യുവതാരങ്ങള്‍ പരാജയപ്പെട്ടാലും ഗൗതം അവരെ പിന്തുണയ്ക്കും,’ അദ്ദേഹം പറഞ്ഞു.

ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം പിഴയ്ക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ (ഏഴ് പന്തില്‍ പത്ത്), അഭിഷേക് ശര്‍മ ( 11 പന്തില്‍ 15), സൂര്യകുമാര്‍ യാദവ് (പത്ത് പന്തില്‍ എട്ട്) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. തുടര്‍ന്ന് മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാരുടെ സഹായത്തില്‍ സ്‌കോര്‍ ഉയര്‍ത്തിയ ഇന്ത്യക്ക് വേണ്ടി അവസാന ഘട്ടത്തില്‍ ഹര്‍ദിക്ക് പാണ്ഡ്യ 19 പന്തില്‍ നിന്ന് 32 റണ്‍സ് നേടി.

 

Content Highlight: Basit Ali Talking About Young Indian Players And Gautham Gambhir