ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും. ബോര്‍ഡര്‍ ഗവാസ്‌കറിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെ ഗബ്ബയിലാണ് അരങ്ങേറുക.
പരമ്പരയില്‍ അവശേഷിക്കുന്ന മൂന്ന് മത്സരത്തിലെ രണ്ട് മത്സരം വിജയിച്ചാല്‍ ഇന്ത്യയ്ക്ക് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ ഉറപ്പിക്കാം. എന്നിരുന്നാലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് സൗത്ത് ആഫ്രിക്കയുള്ളത് ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും.
ഇപ്പോള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഏതെല്ലാം ടീമുകളാണ് മത്സരിക്കേണ്ടതെന്ന് പറയുകയാണ് മുന്‍ പാകിസ്ഥാന്‍ ബാറ്റര്‍ ബാസിത് അലി. മെഗാ ഇവന്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തന്നെ ഏറ്റുമുട്ടണമെന്നാണ് ബാസിത് അലി പറഞ്ഞത്. കഴിഞ്ഞ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ കിരീടമുയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ത്യ ചാമ്പ്യന്‍ ഷിപ്പില്‍ പുറത്തായാല്‍ ഓസ്‌ട്രേലിയയ്ക്ക് വീണ്ടും കിരീടം ഉറപ്പിക്കാന്‍ മികച്ച അവസരമുണ്ടാകുമെന്നും ബാസിത് പറഞ്ഞു.
‘ഇന്ത്യ പുറത്തായാല്‍, ഓസ്ട്രേലിയയ്ക്ക് അത് മികച്ച അവസരമാകും, കാരണം ഇന്ത്യയ്ക്ക് മൂന്ന് മത്സരങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ, ഓസ്ട്രേലിയയ്ക്ക് അഞ്ച് മത്സരങ്ങളുണ്ട്. എന്ത് വന്നാലും ഫൈനല്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലായിരിക്കണം,
അത് കഠിനമായിരിക്കും, സ്‌കോര്‍ലൈനില്‍ ശ്രദ്ധിക്കുന്നതിന് പകരം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നേടുന്നതില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണം. ന്യൂസിലന്‍ഡിനെതിരായ വൈറ്റ്വാഷ് ഇന്ത്യയെ വേദനിപ്പിച്ചിരുന്നു, അതൊരു വലിയ നഷ്ടമായതിനാല്‍ അവര്‍ ഖേദിക്കുന്നു. ഇന്ത്യയില്‍ ഇംഗ്ലണ്ട് വിജയിക്കുകയാണെങ്കിലും ന്യൂസിലാന്‍ഡ് തുടര്‍ച്ചയായ മൂന്ന് ടെസ്റ്റ് ജയിക്കുമെന്ന് തോന്നുന്നില്ല,’ ബാസിത് അലി പറഞ്ഞു.