| Wednesday, 1st January 2025, 9:18 am

നിതീഷ് കുമാര്‍ റെഡ്ഡിയെ നാലാം നമ്പറില്‍ ഇറക്കണം, ഫോമില്ലാത്തവനെ ലോവര്‍ ഓര്‍ഡറിലേക്ക് മാറ്റണം: ബാസിത് അലി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നിര്‍ണായകമായ മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 184 റണ്‍സിന്റെ തോല്‍വി നേരിട്ടതോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ 2-1ന് ഓസ്‌ട്രേലിയ മുന്നിലാണ്. നിര്‍ണായകമായ ബോക്സിങ് ഡേ ടെസ്റ്റില്‍ വിരാട് കോഹ്‌ലിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുത്താന്‍ സാധിച്ചില്ല.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ യുവ താരം നിതീഷ് കുമാര്‍ റെഡ്ഡി മികച്ച സെഞ്ച്വറി നേടിയാണ് ഇന്ത്യയെ സമ്മര്‍ദ ഘട്ടത്തില്‍ നിന്ന് താരം രക്ഷിച്ചത്. 114 റണ്‍സായിരുന്നു താരം നേടിയത്. ലോവര്‍ ഓര്‍ഡറില്‍ നിന്ന് യുവ താരങ്ങള്‍ സെഞ്ച്വറി നേടുമ്പോഴും വിരാടും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മോശം പ്രകടനം കാഴ്ചവെക്കുന്നതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ മുന്‍ പാക് താരം ബാസിത് അലി വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിക്കുകയാണ്. യുവ താരം നിതീഷ് കുമാര്‍ റെഡ്ഡിയെ നാലാം നമ്പറില്‍ ഇറക്കാനും വിരാട് കോഹ്‌ലിയെ ലോവര്‍ ഓര്‍ഡറിലേക്ക് മാറ്റാനുമുള്ള സമയമാണിതെന്നും ബാസിത് അലി പറഞ്ഞു. സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ രോഹിത് മാറിയ പോലെ ലോവര്‍ ഓര്‍ഡറില്‍ മാറാനും താരം പറഞ്ഞു.

‘നിതീഷ് കുമാര്‍ റെഡ്ഡിയുടെ ബാറ്റിങ് സ്ലോട്ട് നാലാം സ്ഥാനത്തേക്ക് ഉയര്‍ത്താനും റണ്‍സ് നേടാത്തതിനാല്‍ വിരാട് കോഹ്‌ലിയെ അഞ്ചാം നമ്പറിലേക്ക് ഇറക്കാനുമുള്ള സമയമാണിത്. നിങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, ലോവര്‍ ഓര്‍ഡറിലേക്ക് ഇറങ്ങുക. രോഹിത് ശര്‍മ അത് ചെയ്തു, പക്ഷേ ആരും വിരാട് കോഹ്‌ലിയെക്കുറിച്ച് ചിന്തിക്കുന്നില്ല, കാരണം എല്ലാവരും അവനെ ഭയപ്പെടുന്നു,’ ബാസിത് അലി പറഞ്ഞു.

ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റിങ് നിരയില്‍ മോശം പ്രകടനമാണ് വിരാട് കോഹ്‌ലി നടത്തിയത്. ബോക്‌സിങ് ഡേയിലെ ആദ്യ ഇന്നിങ്‌സില്‍ 24 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് റണ്‍സുമാണ് വിരാടിന്റെ സംഭാവന. മാത്രമല്ല പെര്‍ത്തില്‍ താരം നേടിയ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ മികവ് പുലര്‍ത്തിയ ഇന്നിങ്‌സ് ഒന്നുപോലും എടുത്ത് പറയാന്‍ ഇല്ല.

Content Highlight: Basit Ali Talking About Virat Kohli

We use cookies to give you the best possible experience. Learn more