| Tuesday, 6th August 2024, 4:18 pm

ഇവനെയൊക്കെ എടുത്തുകളയേണ്ട സമയമായി, അല്ലെങ്കില്‍ അവര്‍ക്ക് അവസരം കിട്ടില്ല; ഇന്ത്യന്‍ താരത്തെക്കുറിച്ച് മുന്‍ പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയ്‌ക്കെതിരായ ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്ന് ഏകദിന മത്സരത്തിലെ ആദ്യ മത്സരം സമനിലയില്‍ പരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ലങ്കയോട് പരാജയപ്പെടുകയായിരുന്നു. മത്സരത്തില്‍ 32 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 208 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇരുവരും തമ്മിലുള്ള അവസാന മത്സരം ഓഗസ്റ്റ് ഏഴിന് ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കും. ലങ്കയ്‌ക്കെതിരായ ഏകദിന ടീമില്‍ ഏറെ കാലങ്ങള്‍ക്ക് ശേഷം ശ്രേയസ് അയ്യരും തിരിച്ചെത്തിയിരുന്നു. എന്നാല്‍ താരത്തിന് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ആദ്യ മത്സരത്തില്‍ അയ്യര്‍ 23 പന്തില്‍ 23 റണ്‍സ് നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ഒമ്പത് പന്തില്‍ ഏഴ് റണ്‍സ് നേടി പുറത്താകുകയായിരുന്നു താരം.

ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനും കൂടെയായ അയ്യര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി. ശ്രേയസ് മോശം പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും താരത്തിന് പകരം റിഷബ് പന്തിനും റിയാന്‍ പരാഗിനും റിങ്കു സിങ്ങിനും അവസരം കൊടുക്കാമെന്നാണ് താരം പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബാസിത്.

‘ശ്രേയസ് അയ്യര്‍ ഈ പെര്‍ഫോമന്‍സുമായി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. എനിക്ക് തോന്നുന്നത് ഇത് റിഷബ് പന്തും റിയാന്‍ പരാഗും റിങ്കു സിങ്ങും വരേണ്ട സമയമാണെന്ന്,’ അദ്ദേഹം പറഞ്ഞു.

Content Highlight: Basit Ali Talking About Shreyas Iyer

We use cookies to give you the best possible experience. Learn more