| Friday, 13th September 2024, 2:55 pm

പാകിസ്ഥാന്‍ ക്രിക്കറ്റിനെ നിങ്ങള്‍ ഇനിയും തിരുത്തിയിട്ടില്ല; കനത്ത വിമര്‍ശനവുമായി ബാസിത് അലി

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനെതിരെ അടുത്തിടെ നടന്ന ടെസ്റ്റ് പരമ്പരയില്‍ വമ്പന്‍ വിജയമാണ് ബംഗ്ലാദേശ് നേടിയത്. രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം 10 വിക്കറ്റിന്റെ വിജയവും രണ്ടാം മത്സരം 6 വിക്കറ്റിന്റെ വിജയവുമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിലെ പാകിസ്ഥാന്റെ മോശം പ്രകടനം ചൂണ്ടിക്കാണിച്ച് നിരവധി പേര്‍ പാകിസ്ഥാനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.

മുന്‍കാലങ്ങളില്‍ മികച്ച ടെസ്റ്റ് കളിക്കാരുണ്ടായിരുന്ന പാകിസ്ഥാന്റെ നിലവിലെ അവസ്ഥ പരിതാപകരമാണെന്ന് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തില്‍ അനാവശ്യമായി വിക്കറ്റ് നഷ്ടപ്പെടുത്തിയ യാസിര്‍ ഖാനെക്കുറിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിനും സംസാരിച്ചു രംഗത്ത് വന്നിരുന്നു.

ഇതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാക്ക് താരം ബാസിത് അലി. പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ പിഴവുകളെ തിരുത്താന്‍ ബോര്‍ഡിന് കഴിഞ്ഞില്ലെന്നാണ് അലി പറഞ്ഞത്.

‘മൊഹ്‌സിന്‍ നഖ്‌വി, ദയവായി നിങ്ങളുടെ കണ്ണുകള്‍ തുറക്കുക. നിങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റിനെ തിരുത്തിയിട്ടില്ല. യാസിര്‍ ഖാനെക്കുറിച്ച് പറയുമ്പോള്‍ ആളുകള്‍ എന്നെ ആക്ഷേപിക്കാറുണ്ട്, എന്നാല്‍ ഇപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍ അതേ കാര്യം പറഞ്ഞിരിക്കുന്നു. എന്നെപ്പോലെ അശ്വിനും തെറ്റാണോ? പാകിസ്ഥാന്‍ ക്രിക്കറ്റ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് സൗരവ് ഗാംഗുലിയെ പോലും അത്ഭുതപ്പെടുത്തുന്നു. നിങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഗിമ്മിക്കുകളാണ്,’അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനെതിരെ വിജയിച്ച ബംഗ്ലാദേശിന് ഇനി മുന്നിലുള്ളത് ഇന്ത്യയുമായിട്ടുള്ള ടെസ്റ്റ് പരമ്പരയാണ്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് സ്‌ക്വാഡ്

നജ്മനുള്‍ ഷാന്റോ, ഷദ്മാന്‍ ഇസ്ലാം, സാക്കിര്‍ ഹസന്‍, മൊനീമുള്‍ ഹഖ്, മുഷ്ഫിഖര്‍ അഹമ്മദ്, ഷക്കീബ് അല്‍ഹസന്‍, ലിട്ടന്‍ ദാസ്, മെഹ്ദി മിര്‍സ, ജാക്കെര്‍ അലി, തസ്‌കിന്‍ അഹ്‌മ്മദ്, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ, തൈജുല്‍ ഇസ്‌ലാം, മുഹുമ്മദുള്‍ ഹസന്‍ ജോയി, നയീം ഹസന്‍, ഖലീല്‍ അഹമ്മദ്

Content Highlight: Basit Ali Talking About Pakistan Cricket Board

We use cookies to give you the best possible experience. Learn more