അരങ്ങേറ്റക്കാരന്റെ ആറാട്ട്; പാകിസ്ഥാനെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി ബാസിത് അലി
Sports News
അരങ്ങേറ്റക്കാരന്റെ ആറാട്ട്; പാകിസ്ഥാനെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി ബാസിത് അലി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th October 2024, 4:28 pm

ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മുള്‍ട്ടാനില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 366 റണ്‍സിന് ഓള്‍ ഒൗട്ട് ആവുകയായിരുന്നു.

പാകിസ്ഥാന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് അരങ്ങേറ്റക്കാരനായ കമ്രാന്‍ ഗുലാമാണ്. 224 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും 11 ഫോറും ഉള്‍പ്പെടെ 118 റണ്‍സ് നേടാനാണ് ഗുലാമിന് സാധിച്ചത്. ബാബര്‍ അസമിന് പകരക്കാരനായി വന്ന ഗുലാമിനെ ഇതിനോടകം പല മുന്‍ താരങ്ങളും പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.

ഇപ്പോള്‍ മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലിയും താരത്തെ പ്രശംസിച്ചിരിക്കുകയാണ്. ബാബറിനെ പുറത്താക്കി ഗുലാമിനെ ഉള്‍പ്പെടുത്തിയതില്‍ മൈക്കല്‍ വോണ്‍ അടക്കം പല മുന്‍ താരങ്ങളും നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ ബാസിത് മറുപടി പറയുകയും ചെയ്തു.

‘സ്‌കോര്‍ 19/2 എന്ന നിലയിലായപ്പോഴാണ് ഗുലാം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ബാബറിന് വിശ്രമം നല്‍കിയത് തെറ്റായ നടപടിയാണെന്നും ഇതോടെ സ്പോണ്‍സര്‍മാര്‍ വരില്ലെന്നും പറയപ്പെടുന്നു. ഗുലാമിന്റെ ചിത്രം മൈക്കല്‍ വോണിനെ കാണിച്ച് അവന്‍ അത് നേടിയെടുത്തെന്ന് പറയൂ.

പി.സി.ബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി ഇന്ന് വളരെ സന്തോഷവാനായിരിക്കും. പകരക്കാരനെ കിട്ടാനില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പുതിയ ആളെ പരിചയപ്പെടുത്തിയതിന് പുതിയ സെലക്ടര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍. അരങ്ങേറ്റത്തില്‍ തന്നെ അവന്‍ നൂറ് റണ്‍സ് നേടി. പാകിസ്ഥാന്റെ ക്രിക്കറ്റിനെ മെച്ചപ്പെടുത്താന്‍ ഈ ധീരമായ തീരുമാനങ്ങള്‍ക്ക് കഴിയും. രോഹിത് ശര്‍മയെപ്പോലെ, ആഭ്യന്തര ക്രിക്കറ്റിന് ബഹുമാനം നല്‍കേണ്ടത് പ്രധാനമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ രണ്ടാം ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് നേടിയത്. ഓപ്പണര്‍ സാക്ക് ക്രോളി 27 റണ്‍സിന് മടങ്ങിയപ്പോള്‍ വണ്‍ ഡൗണ്‍ ബാറ്റര്‍ ഒല്ലി പോപ്പ് 29 റണ്‍സിനും പുറത്തായി. ഇപ്പോള്‍ ക്രീസില്‍ തുടരുന്നത് 76 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റും ആറ് റണ്‍സ് നേടിയ ജോ റൂട്ടുമാണ്.

 

Content Highlight: Basit Ali Talking About Kamran Ghulam’s Great Performance