സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ അവന് കഴിയില്ല; ബാസിത് അലി
Sports News
സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ അവന് കഴിയില്ല; ബാസിത് അലി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th September 2024, 3:49 pm

പാകിസ്ഥാനെതിരെ റാവല്‍പിണ്ടിയില്‍ നടന്ന രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. ആദ്യമായാണ് ബംഗ്ലാദേശ് പാകിസ്ഥാനെ തകര്‍ത്ത് ചരിത്ര വിജയം സ്വന്തമാക്കുന്നത്. തോല്‍വിയെത്തുടര്‍ന്ന് പാകിസ്ഥാന് വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

എന്നാല്‍ ഇനി പാകിസ്ഥാന് മുന്നിലുള്ളത് സ്വന്തം തട്ടകത്തില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ്. ഒക്ടോബര്‍ ഏഴിനാണ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 15 മുതല്‍ 19 വരെയും അവസാന ടെസ്റ്റ് 24 മുതല്‍ 28 വരെയുമാണ്.

ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സംസാരിച്ചിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി. ഇംഗ്ലണ്ടിന്റെ വജ്രായുധമായ ജോ റൂട്ടിനെക്കുറിച്ചും ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെക്കുറിച്ചും മുന്‍ താരം പറഞ്ഞിരുന്നു. പാകിസ്ഥാന്‍ ടീം ക്യാപ്റ്റനായി മുഹമ്മദ് റിസ്വാനെ നിയമിക്കണമെന്നും ബാസിത് അഭിപ്രായപ്പെട്ടിരുന്നു.

‘ മുഹമ്മദ് റിസ്വാനെ ക്യാപ്റ്റനാക്കിയാല്‍ ഇംഗ്ലണ്ടിനെതിരെ ഉറപ്പായും വിജയിക്കും. ആ മാറ്റം നടത്തിയാല്‍ ഇംഗ്ലണ്ടിനെതിരെ ബാബര്‍ അസമിന്റെ പ്രകടനത്തിലെ മാറ്റം കാണാനാകും, ബംഗ്ലാദേശിനെതിരെ തോല്‍വി വഴങ്ങിയിട്ടും നിങ്ങള്‍ പഠിച്ചില്ലെങ്കില്‍ നേപ്പാളിനോടും അഫ്ഗാനിസ്ഥാനോടും കളിക്കൂ,’ ബാസിത് അലി പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് തകര്‍പ്പന്‍ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാല്‍ പാകിസ്ഥാനെതിരെ റൂട്ട് സെഞ്ച്വറി നേടില്ലെന്നും ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോഡ് മറികടക്കാന്‍ റൂട്ടിന് കഴിയില്ലെന്നും ബാസിത് അലി പറഞ്ഞിരുന്നു.

‘സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡ് തകര്‍ക്കാന്‍ റൂട്ടിന് കഴിയില്ല. ഇംഗ്ലീഷ് മാധ്യമങ്ങള്‍ അവര്‍ക്കാവശ്യമായ പലതും പറയട്ടെ. പാകിസ്ഥാനെതിരെ അദ്ദേഹം സെഞ്ച്വറി നേടിയാല്‍ ഞാന്‍ ബൗളര്‍മാരുടെ കഴിവില്ലായ്മയെക്കുറിച്ച് പറയും,’ ബാസിത് പറഞ്ഞു.

2022ല്‍ ഇംഗ്ലണ്ട് പാകിസ്ഥാനില്‍ കളിക്കുമ്പോള്‍ അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് 125 റണ്‍സ് മാത്രമാണ് റൂട്ടിന് നേടാനായത്. എന്നാല്‍ ലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വറി നേടിയാണ് റൂട്ട് തിളങ്ങിയത്.

ആദ്യ ഇന്നിങ്സില്‍ 121 പന്തില്‍ 103 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 206 പന്തില്‍ 143 റണ്‍സുമാണ് റൂട്ട് നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 34ാംസെഞ്ച്വറി നേട്ടമായിരുന്നു ഇത്. ഇതോടെ 33 സെഞ്ച്വറി നേടിയ ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം അലിസ്റ്റര്‍ കുക്കിനെ മറികടന്നുകൊണ്ട് ചരിത്രം കുറിക്കാനും റൂട്ടിന് സാധിച്ചു.

 

Content Highlight: Basit Ali Talking About Joe Root and Sachin Tendulkar