| Tuesday, 20th August 2024, 10:10 pm

ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത് വെറുതെ കരിയര്‍ ഇല്ലാതാക്കരുത്: ബാസിത് അലി

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി 2024 ടി-20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കുവേണ്ടി വമ്പന്‍ പ്രകടനം കാഴ്ചവെച്ചത് പേസ് മാസ്റ്റര്‍ ജസ്പ്രിത് ബുംറയായിരുന്നു. ടൂര്‍ണമെന്റില്‍ 29.4 ഓവര്‍ ചെയ്തു 15 വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. ശേഷം മിന്നും പ്രകടനത്തിന് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡും താരത്തെ തേടി എത്തിയിരുന്നു.

ലോകത്തെ മികച്ച ബൗളര്‍മാരിലൊരാളായ ബുംറ ക്യാപ്റ്റന്‍സിയിലും മികവ് തെളിയിച്ചിരുന്നു. തനിക്ക് ഇന്ത്യയുടെ ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ സാധിക്കുമെന്നും താരം അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോള്‍ താരത്തക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി. ക്യാപ്റ്റന്‍സി റോള്‍ ഏറ്റെടുത്ത് തന്റെ ബൗളിങ് മികവ് നശിപ്പിക്കെരുതെന്നാണ് ബാസിത് അലി പറയുന്നത്.

‘ലോകത്തിലെ ഏറ്റവും മികച്ച ബോളര്‍ ആണ് ജസ്പ്രീത് ബുംറ. അത് കൊണ്ട് തന്നെ അദ്ദേഹം ക്യാപ്റ്റന്‍സി ഏറ്റെടുത്ത് ബൗളിങ്ങില്‍ മോശമായ പ്രകടനം നടത്താന്‍ സാധ്യതയുണ്ട്. അത്തരത്തില്‍ അദ്ദേഹം തന്റെ കരിയര്‍ അവസാനിപ്പിക്കരുത്. ബൗളിങ്ങില്‍ മാത്രം ശ്രദ്ധിക്കുന്നതായിരിക്കും അദ്ദേഹത്തിന് നല്ലത്,’ ബാസിത് അലി പറഞ്ഞു.

നിലവില്‍ 36 ടെസ്റ്റ് മത്സരത്തിലെ 69 ഇന്നിങ്സില്‍ നിന്ന് 159 വിക്കറ്റുകളും ഏകദിനത്തിലെ 89 മത്സരത്തില്‍ നിന്ന് 149 വിക്കറ്റും ബുംറയ്ക്ക് ഉണ്ട്. ടി-20യിലെ 70 മത്സരത്തില്‍ നിന്ന് 89 വിക്കറ്റും നേടിയ ബുംറ ഇന്ത്യയുടെ നിര്‍ണായക ബൗളറാണ്. അതുകൊണ്ടുതന്നെ ലോകകപ്പിന് ശേഷം ബുംറയ്ക്ക് ബി.സി.സി.ഐ വിശ്രമം അനുവദിച്ചിരിക്കുകയാണ്.

Content highlight: Basit Ali talking About Jasprit Bumrah

We use cookies to give you the best possible experience. Learn more