ഇത് ഇന്ത്യന്‍ ടീമല്ല, ഒരു ഐ.പി.എല്‍ ടീമായാണ് എനിക്ക് തോന്നുന്നത്; വിമര്‍ശനവുമായി ബാസിത് അലി
Sports News
ഇത് ഇന്ത്യന്‍ ടീമല്ല, ഒരു ഐ.പി.എല്‍ ടീമായാണ് എനിക്ക് തോന്നുന്നത്; വിമര്‍ശനവുമായി ബാസിത് അലി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th October 2024, 5:15 pm

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സിന്റെ വിജയലക്ഷ്യം 49 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

ഇന്ത്യയുടെ മികച്ച താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചുകൊണ്ടാണ് ഇന്ത്യ കളത്തില്‍ ഇറങ്ങിയത്. മുന്‍നിര താരങ്ങളായ ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത്, ജസ്പ്രീത് ബുംറ എന്നിവര്‍ക്കാണ് വിശ്രമം നല്‍കിയത്. എന്നാല്‍ ഇന്ത്യയുടെ വിജയത്തിന് ശേഷം മുന്‍ പാകിസ്ഥാന്‍ താരം ബംഗ്ലാദേശിനെയും ഇന്ത്യന്‍ ടീമിനേയും വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

പാകിസ്ഥാനെ ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് ടീമിന് ഇന്ത്യയെ എന്ത് കൊണ്ടാണ് പരാജയപ്പെടുത്താന്‍ സാധിക്കാത്തതെന്ന് ബാസിത് ചോദിച്ചു. മാത്രമല്ല മുന്‍ നിര താരങ്ങളില്ലാതെ കളിച്ച ആതിഥേയരെ ഐ.പി.എല്‍ ടീം എന്നും മുന്‍ താരം പറഞ്ഞു.

ബാസിത് അലി പറഞ്ഞത്

‘ഇതുതന്നെയാണോ പാകിസ്ഥാനെ തോല്‍പ്പിച്ച ബംഗ്ലാദേശ്? ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ മറികടക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു, ഇപ്പോള്‍ ആദ്യ ടി20യില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, അക്‌സര്‍ പട്ടേല്‍, റിഷബ് പന്ത് എന്നിവര്‍ കളിക്കുന്നില്ല. ശ്രേയസ് അയ്യരും രവി ബിഷ്‌ണോയിയും ടീമില്‍ ഇല്ല. അവര്‍ക്ക് ആദ്യ മത്സരത്തില്‍ അവസരം നല്‍കിയില്ല. ഇത് ഇന്ത്യന്‍ ടീമല്ല, മറിച്ച് എനിക്ക് ഐ.പി.എല്‍ ഇലവനാണ്,’ ബാസിത് അലി പറഞ്ഞു.

ബംഗ്ലാദേശിന്റെ ബാറ്റിങ് പ്രകടനം

32 പന്തില്‍ പുറത്താകാതെ 35 റണ്‍സ് നേടിയ മെഹ്ദി ഹസന്‍ മിറാസാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍. 25 പന്തില്‍ 27 റണ്‍സുമായി ക്യാപ്റ്റന്‍ ഷാന്റോ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവരുടെ പിന്തുണയില്ലാതെ വന്നതോടെ മികച്ച സ്‌കോറിലെത്താനുള്ള മോഹവും പൊലിഞ്ഞു.

അര്‍ഷ്ദീപ് സിങ്ങിന്റെ പ്രകടനം തന്നെയാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. 3.5 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ഇടംകയ്യന്‍ പേസര്‍ തിളങ്ങിയത്. വരുണ്‍ ചക്രവര്‍ത്തിയും കടുവകളുടെ മൂന്ന് വിക്കറ്റ് നേടിയിരുന്നു. മായങ്ക് യാദവും വാഷിങ്ടണ്‍ സുന്ദറും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും നേടി.

ഇന്ത്യയുടെ ബാറ്റിങ് പ്രകടനം

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശര്‍മ ഏഴ് പന്തില്‍ 16 റണ്‍സ് നേടി റണ്‍ ഔട്ട് ആയപ്പോള്‍ സൂര്യകുമാറിന്റെ വെടിക്കെട്ടില്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. 14 പന്തില്‍ മൂന്ന് സിക്സറും രണ്ട് ഫോറും ഉള്‍പ്പെടെ 29 റണ്‍സാണ് താരം സ്വന്തമാക്കിയത്. അവസരം ലഭിച്ച സഞ്ജു സാംസണും നിരാശനാക്കിയില്ല. 19 പന്തില്‍ 29 റണ്‍സടിച്ചാണ് സഞ്ജു മടങ്ങിയത്.

പിന്നാലെയെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് അനായാസം ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. പാണ്ഡ്യ 16 പന്തില്‍ പുറത്താകാതെ 39 റണ്‍സ് നേടിയപ്പോള്‍ 15 പന്തില്‍ 16 റണ്‍സുമായി നിതീഷ് കുമാറും പുറത്താകാതെ നിന്നു.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ 1-0ന്റെ ലീഡ് നേടാനും ഇന്ത്യക്കായി. ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയമാണ് വേദി.

 

Content Highlight: Basit Ali Talking About Indian Cricket Team