ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലും ഇന്ത്യ ഞെട്ടിക്കുന്ന പരാജയമാണ് ഏറ്റുവാങ്ങിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടാണ് ഇന്ത്യ തലകുനിച്ചു നില്‍ക്കുന്നത്.
ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായി എത്തിയതോടെ ഇന്ത്യ രണ്ട് ടെസ്റ്റ് സീരീസാണ് പരാജയപ്പെട്ടത്. ഇതിന് പുറകെ നിരവധി താരങ്ങള്‍ ഇന്ത്യയെ വിമര്‍ശിച്ച് സംസാരിച്ചിരുന്നു. ഇപ്പോള്‍ മുന്‍ പാക് താരം ബാസിത് അലിയും ഇന്ത്യയുടെ മോശം പ്രകടനത്തെക്കുറിച്ച് സംസാരിക്കുകായാണ്.
‘ഇന്ത്യയ്ക്ക് ദ്രാവിഡിനെ നഷ്ടമായി. കളിക്കളത്തില്‍ അദ്ദേഹത്തിന് നാല് ദിവസത്തെ പ്ലാന്‍ ഉണ്ടാകും എന്നാല്‍ നിലവിലെ മാനേജ്മെന്റ് രണ്ടോ മൂന്നോ ദിവസത്തേക്ക് മാത്രമേ ചിന്തിക്കുന്നുള്ളൂ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒരു മത്സരം പോലെ നിങ്ങള്‍ക്ക് ഒരു ടെസ്റ്റ് മത്സരം കളിക്കാന്‍ കഴിയില്ല.
ഞങ്ങള്‍ സമനിലയ്ക്കായി കളിക്കില്ലെന്നാണ് അവരുടെ ചില പരിശീലകര്‍ പറയുന്നത്. അതാണ് ശരിയായ സമീപനം എന്നാല്‍ നിങ്ങള്‍ അഞ്ച് ദിവസത്തെ കളിയെ വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടിവരും,’ ബാസിത് അലി പറഞ്ഞു.
ഈ തോല്‍വിക്ക് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. നിലവില്‍ ഓസ്‌ട്രേലിയക്ക് താഴെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ന്യൂസിലാന്‍ഡിനെതിരായ പരമ്പരക്ക് മുമ്പ് വ്യക്തമായ ആധിപത്യം പോയിന്റ് പട്ടികയില്‍ ഇന്ത്യക്കുണ്ടായിരുന്നു. 71.67 എന്ന മികച്ച പോയിന്റ് ശതമാനമാണ് ഇന്ത്യക്കുണ്ടായിരുന്നത്. ഓസ്‌ട്രേലിയക്കാകട്ടെ 62.50 ശതമാനവും.
എന്നാല്‍ പരമ്പര കിവികള്‍ വൈറ്റ് വാഷ് ചെയ്തതോടെ ഇന്ത്യയുടെ പോയിന്റ് ശതമാനം 58.33ലേക്ക് കൂപ്പുകുത്തി. രണ്ടാം സ്ഥാനത്തേക്കും ഇന്ത്യ കാലിടറി വീണു.
വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സൈക്കിളിലെ അവസാന ഹോം സീരീസിലാണ് ഇന്ത്യ ഇത്തരത്തില്‍ നാണംകെട്ട് പരാജയപ്പെട്ടത്. ഇനി ഇന്ത്യയുടെ മുന്നിലുള്ള വലിയ റെഡ് ബോള്‍ ഇവന്റ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. നവംബര്‍ 22ന് തുടങ്ങുന്ന മത്സരത്തില്‍ വിജയമല്ലാതെ മറ്റൊന്നും ഇന്ത്യ ലക്ഷ്യം വെക്കുന്നില്ല.
Content highlight: Basit Ali Talking About Indian Cricket