സെപ്റ്റംബര്‍ അഞ്ചിനാണ് ദുലീപ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇതോടെ നാല് ടീമുകളും ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാല് ടീമിലും ഇന്ത്യയുടെ മികച്ച താരങ്ങളെ ഒഴിവാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി.
ഇന്ത്യയുടെ മികച്ച ടെസ്റ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാരയേയും അജിന്‍ക്യ രഹാനയേയും ദുലീപ് ട്രോഫിയുടെ പുതിയ സീസണില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മാത്രമല്ല സഞ്ജു സാംസണിനേയും റിങ്കു സിങ്ങിനേയുമടക്കം ടീമില്‍ ഉള്‍പ്പെടുത്താത്തതിന് വലിയ ചോദ്യമാണ് ബാസിത് അലി ഉന്നയിച്ചിരിക്കുന്നത്.
‘ദുലീപ് ട്രോഫി സ്‌ക്വാഡില്‍ നിന്ന് വലിയ പേരുകള്‍ കാണാനില്ല. അജിക്യ രഹാനെ, ചേതേശ്വര്‍ പൂജാര, സഞ്ജു സാംസണ്‍, റിങ്കു സിങ് എന്നിവരെ ടീമില്‍ എടുത്തിട്ടില്ല. ശിവം ദുബെ എ ടീമില്‍ ഇടം നേടിയിട്ടുമുണ്ട്. മാത്രമല്ല എല്ലാ ഫോര്‍മാറ്റുകളിലും ഒരു ഓള്‍ റൗണ്ടര്‍ താരമായി കളിക്കാന്‍ അവന്‍ തയ്യാറെടുക്കുകയാണെന്ന് തോന്നുന്നു.
നമുക്ക് നോക്കാം ദുലീപ് ട്രോഫിയില്‍ ആരെല്ലാം മികച്ച പ്രകടനം നടത്തുമെന്ന്. ഓസ്‌ട്രേലിയയില്‍ പൂജാരയ്ക്ക് മികച്ച പ്രകടനം നടത്താമായിരുന്നു. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ആയിട്ടും പൂജാരയ്ക്ക് ടീമില്‍ സ്ഥാനമില്ലാത്തത് എന്നെ അമ്പരപ്പിച്ചു. റിങ്കു സിങ്ങിനേപ്പോലും പരിഗണിക്കാഞ്ഞത് അത്ഭുതമാണ്,’ ബാസിത് അലി പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി 103 ടെസ്റ്റുകളില്‍ നിന്ന് 19 സെഞ്ച്വറികളും 35 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 43.60 ശരാശരിയില്‍ 7195 റണ്‍സാണ് പൂജര ലേടിയത്. എന്നാല്‍ അടുത്ത താലത്തായി താരത്തെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഒഴിവാക്കിയിരുന്നു. നിലവില്‍ വിദേശ ലീഗുകളിലും കൗണ്ടി ക്രിക്കറ്റിലും താരം സജീവമാണ്.