Sports News
അവനെ മൂന്നാം നമ്പറില്‍ നിന്ന് പുറത്താക്കി, അവന്റെ താളം പൂര്‍ണമായും നശിപ്പിച്ചു: സൂപ്പര്‍ താരത്തെക്കുറിച്ച് ബാസിത് അലി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 15, 11:30 am
Saturday, 15th February 2025, 5:00 pm

ത്രിരാഷ്ട്ര പരമ്പരയിലെ അവസാന മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. നാഷണല്‍ ബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്നു 49.3 ഓവറില്‍ 242 റണ്‍സിന് പാകിസ്ഥാന്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 45.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് നേടി ന്യൂസിലാന്‍ഡ് ഫൈനല്‍ മത്സരം വിജയിക്കുകയായിരുന്നു.

മത്സരത്തില്‍ പാകിസ്ഥാന് വേണ്ടി ഓപ്പണിങ് ഇറങ്ങിയ സൂപ്പര്‍താരം ബാബര്‍ അസം 34 പന്തില്‍ 29 റണ്‍സ് ആണ് നേടിയത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോട് 23 റണ്‍സും ആദ്യ മത്സരത്തില്‍ 10 റണ്‍സുമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

പാകിസ്ഥാന് വേണ്ടി മൂന്നാം നമ്പറില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബാബറിനെ ഓപ്പണിങ് ഇറക്കിയതില്‍ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി.

‘പാകിസ്ഥാന്‍ ത്രിരാഷ്ട്ര പരമ്പര ജയിച്ചിരുന്നെങ്കില്‍ അത് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ഓരോ കളിക്കാരന്റെയും ആവേശം ഉയര്‍ത്തുകയും ചെയ്യുമായിരുന്നു. പക്ഷേ ചോദ്യമെന്താണെന്നാല്‍ ബാബര്‍ അസമിനെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ആരാണ് ഉപദേശിച്ചത് എന്നതാണ്? ഈ ആളുകള്‍ ആരാണെന്ന് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി? എന്തൊരു വിചിത്രമായ തീരുമാനം.’

മൂന്നാം നമ്പറില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. സൗത്ത് ആഫ്രിക്കയ്ക്കെതിരെ സ്ഥിരമായി 50,70 റണ്‍സ് നേടിയിരുന്നു. പക്ഷേ അവര്‍ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കി. ത്രിരാഷ്ട്ര പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 62 റണ്‍സ് മാത്രമേ ബാബറിന് നേടാന്‍ സാധിച്ചത്.

ശ്രീലങ്കയില്‍ സച്ചിന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത് സെഞ്ച്വറി നേടിയതിനെക്കുറിച്ച് അവര്‍ സംസാരിക്കുന്നു. എന്നാല്‍ ഇവിടെ ബാബറിനെ മൂന്നാം നമ്പറില്‍ നിന്ന് പുറത്താക്കി, അവന്റെ താളം പൂര്‍ണ്ണമായും നശിപ്പിച്ചു,’ ബാസിത് അലി പറഞ്ഞു.

Content highlight: Basit Ali Talking About Babar Azam