| Thursday, 19th December 2024, 10:14 pm

അശ്വിന്‍ ഒരു മാച്ച് വിന്നറല്ല, മറിച്ച്... തുറന്നുപറഞ്ഞ് ബാസിത് അലി

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം ആര്‍. അശ്വിനെ പുകഴ്ത്തി മുന്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാസിത് അലി. അശ്വിന്‍ കേവലം ഒരു മാച്ച് വിന്നറല്ലെന്നും മറിച്ച് പരമ്പരയും ടൂര്‍ണമെന്റുകളും വിജയിപ്പിക്കാന്‍ പോന്ന താരമാണെന്നും ബാസിത് അലി അഭിപ്രായപ്പെട്ടു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ശരിയാണ്, അശ്വിന് അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. എന്നാല്‍ അവന്‍ ഒരു വണ്‍ മാച്ച് പെര്‍ഫോര്‍മറാണോ? അശ്വിന്‍ ഒരു മാച്ച് വിന്നറല്ല. അശ്വിന്‍ മാച്ച് വിന്നറേയല്ല, അദ്ദേഹം സീരീസ് വിന്നറാണ്.

ഒരു മാച്ച് വിജയിപ്പിക്കാന്‍ കെല്‍പുള്ളവനും സീരീസുകളും ടൂര്‍ണമെന്റുകളും വിജയിപ്പിക്കാന്‍ സാധിക്കുന്നവനും രണ്ടും രണ്ടാണ്,’ ബാസിത് അലി പറഞ്ഞു.

എന്നാല്‍ ഒരു പരമ്പരയ്ക്കിടെ വിരമിക്കാനുള്ള തീരുമാനം അംഗീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ബി.ജി.ടിക്കിടയില്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ അനുവദിച്ചതില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും പരിശീലകന്‍ ഗൗതം ഗംഭീറിനെയും വിമര്‍ശിക്കുകയും ചെയ്തിരുന്നു.

‘ന്യൂസിലാന്‍ഡിനെതിരായ ഹോം ടെസ്റ്റിന്റെ രണ്ടാം മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദറിനെ ടീമിലെടുത്തതിനാല്‍ ആ പരമ്പരയ്ക്ക് ശേഷം അശ്വിന്‍ വിരമിക്കണമായിരുന്നു. അല്ലെങ്കില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ അഞ്ച് മത്സരങ്ങളും അവസാനിച്ച ശേഷമായിരുന്നു ഇത്തരമൊരു തീരുമാനമെടുക്കേണ്ടിയിരുന്നത്.

മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം അശ്വിനെ വിരമിക്കാന്‍ അനുവദിച്ചത് രോഹിത് ശര്‍മയുടെയും ഗൗതം ഗംഭീറിന്റെയും ഭാഗത്ത് നിന്നുമുണ്ടായ ഒരു മോശം തീരുമാനമായിരുന്നു. ഇനിയുള്ള രണ്ട് മത്സരങ്ങളിലും അവനെ ടീമിന് ആവശ്യമാണെന്ന് അശ്വിനെ ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കണമായിരുന്നു,’ ബാസിത് അലി കൂട്ടിച്ചേര്‍ത്തു.

വിരാട് കോഹ്‌ലിയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റനെങ്കില്‍ അശ്വിനെ ഇപ്പോള്‍ വിരമിക്കാന്‍ അനുവദിക്കുമായിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞാന്‍ അദ്ദേഹത്തിന്റെ പത്രസമ്മേളനം കണ്ടു. അതില്‍ കുറേ കാര്യങ്ങളെ കുറിച്ച് അശ്വിന്‍ സംസാരിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്. വിരാടായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റനെങ്കില്‍ ഒരു പരമ്പരയുടെ ഇടയില്‍ ഇത്തരത്തില്‍ വിരമിക്കാന്‍ അശ്വിനെ ഒരിക്കലും അനുവദിക്കില്ലായിരുന്നു എന്ന് എനിക്ക് ഉറപ്പ് പറയാന്‍ സാധിക്കും,’ ബാസിത് അലി പറഞ്ഞു.

Content Highlight: Basit Ali says R Ashwin is a series winner not a match winner

We use cookies to give you the best possible experience. Learn more