വെറുതെ എന്തിനാണ് ഹൈപ്പ് ഉണ്ടാക്കുന്നത്, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയേക്കാള്‍ തീവ്രതയാണ് ആ പരമ്പരയ്ക്ക്; മുന്‍ പാക് താരം
Sports News
വെറുതെ എന്തിനാണ് ഹൈപ്പ് ഉണ്ടാക്കുന്നത്, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയേക്കാള്‍ തീവ്രതയാണ് ആ പരമ്പരയ്ക്ക്; മുന്‍ പാക് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th August 2024, 1:39 pm

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പര നവംബര്‍ 26നാണ് ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26മുതല്‍ 30 വരെയാണ് നടക്കുക. രണ്ടാം മത്സരം ഡിസംബര്‍ ആറ് മുതല്‍ 10 വരെയും മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14മുതല്‍ 18നും, നാലാം ടെസ്റ്റ് 26 മുതല്‍ 30 വരെയും നടക്കും. ശേഷം അവസാന ടെസ്റ്റ് 2025 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയും നടക്കും.

കഴിഞ്ഞ രണ്ട് തവണയും പരമ്പര ഇന്ത്യയാണ് സ്വന്തമാക്കിയത്. ഇതോടെ ഇനി നടക്കാനുള്ള പരമ്പരയില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയാല്‍ ഹാട്രിക് നേടാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി പറഞ്ഞിരുന്നു.

ഇപ്പോള്‍ ശാസ്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി. ശാസ്ത്രി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ഹൈപ്പ് ഉണ്ടാക്കുകയാണെന്നാണ് ബാസിത് പറഞ്ഞത്. മാത്രമല്ല ഇന്ത്യ-പാക് മത്സരത്തിന്റെ നിലവാരത്തിലെത്താന്‍ ഈ പരമ്പരയ്ക്ക് കഴിയില്ലെന്നും ബാസിത് അഭിപ്രായപ്പെട്ടു. ഇത് തീവ്രതയുമായി ആഷസിനോടും ഉപമിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്തു.

‘അദ്ദേഹം ഹൈപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം മറ്റ് പരമ്പരകളെക്കാള്‍ മുന്നിലാണെന്ന് ലോകത്തിന് അറിയാം. ഇന്ത്യ-പാക് മത്സരങ്ങളുടെ മേല്‍ക്കോയ്മയെ വെല്ലുവിളിക്കാന്‍ ആഷസിന് പോലും കഴിയില്ല,’ ബാസിത് അലി പറഞ്ഞു.

പരമ്പരയ്ക്ക് മുന്നോടിയായി മുന്‍ ഓസീസ് നായകനും പരിശീലകനുമായ റിക്കി പോണ്ടിങ്ങും സംസാരിച്ചിരുന്നു. പരമ്പരയില്‍ ഇന്ത്യയെ 3-1ന് ഓസ്ട്രേലിയ പരാജയപ്പെടുത്തുമെന്നാണ് റിക്കി പോണ്ടിങ് പറഞ്ഞത്. എന്നാല്‍ പോണ്ടിങ് പറഞ്ഞ സ്റ്റേറ്റ്മെന്റിനേക്കുറിച്ചും ബാസിത് അലി സംസാരിച്ചിരുന്നു. ഒരു സുപ്രധാന പരമ്പരയ്ക്ക് മുന്നോടിയായി മുന്‍ ഓസീസ് താരങ്ങള്‍ മൈന്‍ഡ് ഗെയിം കളിക്കും എന്നാണ് അലി പറഞ്ഞത്.

‘ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയ 3-1ന് ജയിക്കുമെന്ന് റിക്കി പോണ്ടിങ് പറഞ്ഞു. അദ്ദേഹം മൈന്‍ഡ് ഗെയിമുകള്‍ ആരംഭിച്ചതിനാല്‍ ഇത് ഒരു വലിയ പ്രസ്താവനയാണ്. ഈ തന്ത്രങ്ങളെക്കുറിച്ച് ഇന്ത്യന്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും അറിയാം, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ കഴിഞ്ഞ രണ്ട് പതിപ്പുകളിലും ഇന്ത്യ വിജയിച്ചു. ആ കാലവും ഈ സമയവും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാകില്ല,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: Basit Ali React Ravi Shastri’s Statement