| Friday, 11th October 2024, 7:59 am

ഗംഭീറും സൂര്യയുമൊന്നുമല്ല, അഭിഷേകിന്റെയും നിതീഷിന്റെയും വിജയത്തിന് കാരണം ആ ഓസ്‌ട്രേലിയന്‍ താരം; വ്യക്തമാക്കി ബാസിത് അലി

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ പരമ്പര തങ്ങളുടെ പേരിലാക്കിയത്.

ഈ രണ്ട് മത്സരത്തിലും യുവതാരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അതില്‍ എടുത്തുപറയേണ്ടത് നിതീഷ് കുമാര്‍ റെഡ്ഡിയുടെയും അഭിഷേക് ശര്‍മയുടെയും പേരുകളാണ്. അടുത്ത ട്രാന്‍സിഷന്‍ പിരീഡില്‍ ഇന്ത്യയുടെ ഭാവി തങ്ങളുടെ കയ്യില്‍ ഭദ്രമാണെന്ന് ഇവര്‍ പ്രകടനം കൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു.

ഇപ്പോള്‍ ഇരുവരുടെയും പ്രകടനത്തെ പുകഴ്ത്തുകയാണ് മുന്‍ പാക് സൂപ്പര്‍ താരം ബാസിത് അലി. ഇതിന് പുറമെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം പാറ്റ് കമ്മിന്‍സിന് ഇരുവരുടെയും പ്രകടനത്തിന്റെ ക്രെഡിറ്റും താരം നല്‍കുന്നുണ്ട്.

ഐ.പി.എല്ലില്‍ ഇരുവരും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരങ്ങളാണ്. ഇരുവരുടെയും ഉയര്‍ച്ചയില്‍ ഓറഞ്ച് ആര്‍മിയുടെ ക്യാപ്റ്റനായ കമ്മിന്‍സും നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

ഇപ്പോള്‍ ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് ബാസിത് അലി കമ്മിന്‍സിന്റെ പേരും പരാമര്‍ശിച്ചത്.

‘പാറ്റ് കമ്മിന്‍സ് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. അവന്റെ പേര് ഈ സാഹചര്യത്തില്‍ പറയാതെ പോയാല്‍ അത് വലിയ അന്യായമായിത്തീരും. എപ്രകാരമാണ് അവന്‍ ഐ.പി.എല്ലില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെയും അഭിഷേക് ശര്‍മയെയും പിന്തുണച്ചത് എന്ന കാര്യം നമ്മള്‍ക്കെല്ലാം അറിയാവുന്നതാണ്, അതുകൂടി ഈ ഘട്ടത്തില്‍ നമ്മള്‍ക്ക് സംസാരിച്ചേ തീരൂ,’ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ബാസിത് അലി പറഞ്ഞു.

ഐ.പി.എല്‍ 2024ല്‍ കളിച്ച 13 മത്സരത്തില്‍ നിന്നും 303 റണ്‍സ് നേടിയാണ് നിതീഷ് കുമാര്‍ റെഡ്ഡി തിളങ്ങിയത്. 33.67 എന്ന മികച്ച ആവറേജും 142.92 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലും സ്‌കോര്‍ ചെയ്ത താരം രണ്ട് അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കിയ 76* ആണ് മികച്ച സ്‌കോര്‍. മൂന്ന് വിക്കറ്റുകളും താരം കഴിഞ്ഞ സീസണില്‍ സ്വന്തമാക്കി.

2018 മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമാണെങ്കിലും ഇക്കഴിഞ്ഞ സീസണിലാണ് അഭിഷേക് ശര്‍മയുടെ പേര് ഉയര്‍ന്നുകേട്ടത്. ട്രാവിസ് ഹെഡിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത് വെടിക്കെട്ട് നടത്തിയ അഭിഷേകായിരുന്നു സണ്‍റൈസേഴ്‌സിന്റെ മത്സരങ്ങളിലെ പ്രധാന കാഴ്ച.

സീസണില്‍ കളിച്ച 16 മത്സരത്തില്‍ നിന്നും 32.37 ശരാശരിയിലും 204.22 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലും 484 റണ്‍സാണ് അഭിഷേക് സ്വന്തമാക്കിയത്.

ഐ.പി.എല്ലിന് സമാനമായ പ്രകടനമാണ് രണ്ടാം മത്സരത്തില്‍ നിതീഷ് പുറത്തെടുത്തത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് നിതീഷ് തിളങ്ങിയത്. ഇന്ത്യക്കായി കളത്തിലിറങ്ങിയ രണ്ടാം മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ നിതീഷ് പന്തെറിഞ്ഞ് രണ്ട് വിക്കറ്റും നേടിയിരുന്നു.

ഈ പരമ്പരയില്‍ ഐ.പി.എല്ലിന് സമാനമായ വെടിക്കെട്ട് നടത്താന്‍ സാധിച്ചിരുന്നില്ലെങ്കിലും ലോകകപ്പിന് ശേഷം നടന്ന ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനത്തില്‍ അഭിഷേക് ശര്‍മ തിളങ്ങിയിരുന്നു. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും രണ്ടാം മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് അഭിഷേക് ശര്‍മ തിരിച്ചുവന്നത്.

Content Highlight: Basit Ali praises Pat Cummins after Nitish Kumar Reddy and Abhishek Sharma’s brilliant performance

Latest Stories

We use cookies to give you the best possible experience. Learn more