അവന്റെ ഏറുകൊണ്ട് സ്മിത്തും ഹെഡുമൊക്കെ ഓടും, അല്ലെങ്കില്‍ എന്റെ പേര് മാറ്റിക്കോ! ഇന്ത്യന്‍ യുവതാരത്തെ പ്രശംസിച്ച് ബാസിത് അലി
Sports News
അവന്റെ ഏറുകൊണ്ട് സ്മിത്തും ഹെഡുമൊക്കെ ഓടും, അല്ലെങ്കില്‍ എന്റെ പേര് മാറ്റിക്കോ! ഇന്ത്യന്‍ യുവതാരത്തെ പ്രശംസിച്ച് ബാസിത് അലി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th August 2024, 9:40 am

ഇന്ത്യന്‍ യുവ പേസര്‍ മായങ്ക് യാദവിനെ പ്രശംസിച്ച് മുന്‍ പാക് സൂപ്പര്‍ താരം ബാസിത് അലി. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നും പല ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരെ എറിഞ്ഞ് പരിക്കേല്‍പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരിക്കിന്റെ പിടിയലകപ്പെട്ട മായങ്ക് പരമ്പരക്ക് മുമ്പ് പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തണമെന്നാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും ബാസിത് കൂട്ടിച്ചേര്‍ത്തു. ഹാഫിസ് മുഹമ്മദിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

‘അവന്‍ പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തണമെന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. അവന്‍ ഇപ്പോഴും എന്‍.സി.എയില്‍ തന്നെ കഴിയുകയാണെന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്. അവന്‍ ടീമിന്റെ ഭാഗമാണെങ്കില്‍, അവന്‍ പൂര്‍ണ സജ്ജനാണെങ്കില്‍, പരിക്കുകള്‍ പൂര്‍ണമായും മാറിയെങ്കില്‍ നമുക്ക് കാണാം.

മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, നിങ്ങള്‍ മുന്നോട്ട് വരൂ. അവന്‍ (മായങ്ക് യാദവ്) ഇവരുടെ തലയില്‍ പന്തെറിഞ്ഞുകൊള്ളിച്ചില്ലെങ്കില്‍ എന്റെ പേര് നിങ്ങള്‍ മാറ്റിക്കോളൂ. അവരെ ഇവന്‍ ഓടിച്ചുവിടും,’ ബാസിത് അലി പറഞ്ഞു.

എന്നാല്‍ മായങ്ക് യാദവ് ടീമിന്റെ ഭാഗമാകുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നേരത്തെ പറഞ്ഞിരുന്നത്.

‘മായങ്ക് യാദവ് ടീമിലുണ്ടാകുമോ എന്ന കാര്യത്തില്‍ ഒരു ഗ്യാരണ്ടിയും നിലവില്‍ ഇല്ലാത്തതിനാല്‍  എനിക്ക് നിങ്ങളോട് ഒരു മറുപടിയും പറയാനില്ല. അവന്‍ വളരെ മികച്ച ഫാസ്റ്റ് ബൗളറാണ്. ഞങ്ങളവനെ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ എന്‍.സി.എയിലാണ് അവന്‍,’ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ  അഭിമുഖത്തില്‍ ജയ് ഷാ പറഞ്ഞു.

കരിയറില്‍ വെറും ഒറ്റ ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ മാത്രമാണ് മായങ്ക് യാദവ് കളിച്ചിട്ടുള്ളത്. 2022 ഡിസംബറില്‍ ദല്‍ഹിക്ക് വേണ്ടി മഹാരാഷ്ട്രക്കെതിരെയാണ് താരം കളത്തിലിറങ്ങിയത്. മത്സരത്തില്‍ രണ്ട് വിക്കറ്റും താരം നേടി. പിന്നാലെ താരം പരിക്കിന്റെ പിടിയിലുമായി.

18 മാസങ്ങള്‍ക്കിപ്പുറം ഒറ്റ റെഡ് ബോള്‍ മാച്ച് പോലും കളിക്കാത്ത താരത്തിനെ ബി.ജി.ടി പോലെ പ്രധാനപ്പെട്ട പരമ്പരയുടെ ഭാഗമാക്കുമോ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന ദുലീപ് ട്രോഫിയിലും മായങ്ക് ഭാഗമല്ല.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്നത്. 2020-21ലാണ് ഇതിന് മുമ്പ് ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയത്. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. തൊട്ടുമുമ്പ് നടന്ന 2018-19ലും ഇന്ത്യ ഇതേ മാര്‍ജിനില്‍ തന്നെ വിജയിച്ചിരുന്നു.

ഇപ്പോള്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.

കാലങ്ങള്‍ക്ക് ശേഷമാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്നത്.

പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. നവംബര്‍ 22 മുതല്‍ 26 വരെയാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.

നാലാം ടെസ്റ്റ് / ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്.

 

Content Highlight: Basit Ali praises Mayank Yadav