Sports News
പാകിസ്ഥാനെതിരെ സെഞ്ച്വറിയടിച്ചാല്‍ നിങ്ങള്‍ പ്രശംസിക്കുന്ന ഗില്ലിനേക്കാള്‍ ഏറ്റവും മികച്ചത് മറ്റൊരാള്‍, അത് പന്തല്ല: മുന്‍ പാക് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 20, 08:23 am
Monday, 20th January 2025, 1:53 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകര്‍ ഒന്നടങ്കം അമ്പരന്നിരുന്നു. ആരാധകര്‍ പ്രതീക്ഷിച്ച സ്‌ക്വാഡ് തന്നെയാണ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചതെങ്കിലും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെ പ്രഖ്യാപിച്ച തീരുമാനമാണ് ആരാധകരെ ഞെട്ടിച്ചത്. ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായും പോസ്റ്റര്‍ ബോയ് ആയും ഗില്ലിനെ തന്നെയാണ് പരിഗണിക്കുക എന്ന വ്യക്തമായ സന്ദേശം തന്നെയാണ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയത്.

എന്നാല്‍ ഗില്ലിനെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി കാണാന്‍ സാധിക്കില്ല എന്ന് പറയുകയാണ് മുന്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാസിത് അലി. ശുഭ്മന്‍ ഗില്ലല്ല, മറിച്ച് റിഷബ് പന്തായിരിക്കണം ഇന്ത്യയുടെ ക്യാപ്റ്റനാകേണ്ടത് എന്നാണ് ബാസിത് അലി അഭിപ്രായപ്പെടുന്നത്.

ബാസിത് അലി

 

പന്തിന്റെ ലീഡര്‍ഷിപ്പ് ഗുണങ്ങള്‍ താരത്തിനും ഇന്ത്യയ്ക്കും ഒരുപോലെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ശുഭ്മന്‍ ഗില്ലിനേക്കാള്‍ മികച്ച താരം യശസ്വി ജെയ്‌സ്വാള്‍ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവന്‍ (യശസ്വി ജെയ്‌സ്വാള്‍) ശുഭ്മന്‍ ഗില്ലിനേക്കാള്‍ മികച്ച താരമാണ്. ഭാവി ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്നതില്‍ എന്റെ വോട്ട് റിഷബ് പന്തിനാണ്. ശുഭ്മന്‍ ഗില്ലിനെ ഒരു ക്യാപ്റ്റനായി കൂടുതല്‍ മികച്ച റേറ്റിങ് ലഭിച്ചേക്കാം. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ റിഷബ് പന്തിന്റെ ക്വാളിറ്റി അവനും ഇന്ത്യന്‍ ടീമിനും ഒരുപോലെ ഗുണകരമായേക്കും. ക്യാപറ്റനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ തന്റെ കളി ശൈലി പോലും അവന്‍ മാറ്റിയേക്കും,’ ബാസിത് അലി പറഞ്ഞു.

റിഷബ് പന്തും ശുഭ്മന്‍ ഗില്ലും

‘ഗില്ലിനെ ഒരിക്കലും ഓവര്‍ റേറ്റഡ് എന്ന് വിളിക്കരുത്. പാകിസ്ഥാനെതിരെ സെഞ്ച്വറി നേടിയാല്‍ നിങ്ങള്‍ തന്നെ അവനെ പുകഴ്ത്തി സംസാരിക്കും. അങ്ങനെ സംഭവിച്ചാലും ഞാന്‍ ജെയ്‌സ്വാളിനെ തന്നെ കൂടുതല്‍ മികച്ച താരമായി പരിഗണിക്കും. ഗില്ലുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ രീതിയിലും അവന്‍ തന്നെയാണ് മികച്ചത്,’ ബാസിത് അലി കൂട്ടിച്ചേര്‍ത്തു.

ഗില്ലിനെ ടീമിന്റെ വൈസ് ക്യാപ്റ്റനായി ചുമതലപ്പെടുത്തിയതില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.

ഫെബ്രുവരി 20നാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് ടീമുകളാണ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യയ്‌ക്കൊപ്പമുള്ളത്.

ഒരു പതിറ്റാണ്ടോളം നീണ്ട കിരീട വരള്‍ച്ചയ്ക്ക് ശേഷം സ്വന്തമാക്കിയ ടി-20 ലോകകപ്പിന് കൂട്ടായി ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും ഷെല്‍ഫിലെത്തിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ പാകിസ്ഥാനാണെങ്കിലും പാകിസ്ഥാന് പുറത്ത് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ഫെബ്രുവരി 20 vs ബംഗ്ലാദേശ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

ഫെബ്രുവരി 23 vs പാകിസ്ഥാന്‍ – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

മാര്‍ച്ച് 2 vs ന്യൂസിലാന്‍ഡ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

 

Content Highlight: Basit Ali on India’s future captain