ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ പടിച്ചിരുത്തുന്ന ഫോര്‍മാറ്റാണ് ടി-20. എന്നാല്‍ ടി-20യുടെ കടന്ന് വരവോടെ ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ പല താരങ്ങള്‍ക്കും താത്പര്യമില്ലാതായിരിക്കുകയാണ്. സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാതെ വിദേശത്തുള്ള ടി-20 ലീഗുകളില്‍ കളിക്കാനാണ് പല താരങ്ങളും ആഗ്രഹിക്കുന്നത്.
അടുത്തിടെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിത്. ഇപ്പോള്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റിലും ഇത്തരത്തിലൊരു സാഹചര്യമാണ് ഉള്ളത്. കെയ്ന്‍ വില്ല്യംസണ്‍, ട്രന്റ് ബോള്‍ട്ട്, ഫെര്‍ഗൂസണ്‍, ഫിന്‍ അലന്‍ തുടങ്ങിയ കിവീസിന്റെ മുന്‍നിര താരങ്ങള്‍ കേന്ദ്ര കരാര്‍ ഒഴുവാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ക്രിക്കറ്റിന്റെ ഭാവി തന്നെ ഇല്ലാതാകുന്ന പ്രവണതയാണിതെന്ന് പറഞ്ഞ് തന്റെ ആശങ്ക പ്രകടിപ്പിക്കുകയാണ് ഇപ്പോള്‍ മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി. ടി-20 ലീഗുകളില്‍ കൂടുതല്‍ പണം ലഭിക്കുന്നതിനാലാണ് താരങ്ങള്‍ നീണ്ട ഫോര്‍മാറ്റ് വിട്ട് പോകുന്നുവെന്നും പാകിസ്ഥാന്‍ ക്രിക്കറ്റിലും ഈ ട്രെന്റ് കാണുന്നുണ്ടെന്നും ബാസിത് പറഞ്ഞു. മാത്രമല്ല ഈ പ്രശ്‌നത്തില്‍ നിന്ന് കരകയറാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് മാത്രമേ കഴിയൂ എന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഇത് ന്യൂസിലാന്‍ഡിന്റെ മാത്രം വിഷയമല്ല. ഭാവിയില്‍ കേന്ദ്ര കരാറുകള്‍ നിരസിക്കുന്ന കളിക്കാരെ ധാരാളമായി കാണാന്‍ സാധിക്കും. പാക് താരങ്ങളും ട്രെന്‍ഡ് പിന്തുടരും. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ പണം വാരലാണ് ഇതിന് കാരണം. ഇക്കാര്യത്തില്‍ ഇന്ത്യ ഭാഗ്യവാന്മാരാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒഴികെയുള്ള ടി-20 ടൂര്‍ണമെന്റുകളില്‍ അവരുടെ താരങ്ങള്‍ കളിക്കാര്‍ കളിക്കാറില്ല.
ടി-20 നിര്‍ത്താന്‍ പോകുന്നില്ല, പക്ഷേ ഇത് ക്രിക്കറ്റിനെ നശിപ്പിക്കും, ടെസ്റ്റ് ക്രിക്കറ്റാണ് ആദ്യത്തേത്. നീണ്ട ഇന്നിങ്സ് കളിക്കുന്ന ബാറ്റര്‍മാര്‍ക്ക് ഇത് വിഷം പോലെയാണ്. ഇന്ത്യയൊഴികെ മറ്റ് രാജ്യങ്ങള്‍ ക്രിക്കറ്റ് മൂലം കഷ്ടപ്പെടും. പണം ഭരിക്കും, ക്രിക്കറ്റ് തോല്‍ക്കും,’ മുന്‍ താരം പറഞ്ഞു.
ന്യൂസിലാന്‍ഡിന് ഇന്ത്യയോടുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്. ഒക്ടോബര്‍ 16 മുതല്‍ 20 വരെ എം. ചിന്ന സ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാമത്തെ ടെസ്റ്റ് ഒക്ടോബര്‍ 24 മുതല്‍ 28 വരെയാണ് നടക്കുക.
Content Highlight: Basit Ali Criticize T-20 Cricket