ബാബറിനും ഗില്ലിനും ഐ.സി.സി റാങ്കിങ്ങില്‍ ഇടം നേടാന്‍ അര്‍ഹതയില്ല; പൊട്ടിത്തെറിച്ച് മുന്‍ പാകിസ്ഥാന്‍ താരം
Sports News
ബാബറിനും ഗില്ലിനും ഐ.സി.സി റാങ്കിങ്ങില്‍ ഇടം നേടാന്‍ അര്‍ഹതയില്ല; പൊട്ടിത്തെറിച്ച് മുന്‍ പാകിസ്ഥാന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th August 2024, 4:32 pm

അടുത്ത കാലത്തായി പാകിസ്ഥാന്‍ മോശം പ്രകടനമാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ കാഴ്ചവെക്കുന്നത്. 2023 ഏകദിന ലോകകപ്പിലും 2024 ടി-20 ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിലാണ് ടീം പുറത്തായത്. ലോകകപ്പിലെ തോല്‍വിയുടെ അടിസ്ഥാനത്തിലും പ്രകടനത്തിന്റെ അടിസ്ഥാനത്തിലും ക്യാപ്റ്റന്‍ ബാബര്‍ അസമിനെ ഒരുപാട് മുന്‍ താരങ്ങള്‍ വിമര്‍ശിച്ചിരുന്നു.

എന്നിരുന്നാലും ബാബര്‍ ഐ.സി.സി.യുടെ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമത് തന്നെയാണ്. 824 പോയിന്റാണ് താരം നേടിയത്. റാങ്കില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ മറികടന്ന് 765 റേറ്റിങ് പോയിന്റുമായി രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയാണ് ഉള്ളത്. മൂന്നാം സ്ഥാനത്തുള്ള ഗില്ലിന് 763 പോയിന്റാണ്. നാലാം സ്ഥാനത്തുള്ള ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിക്ക് 746 പോയിന്റാണ് സ്വന്തമാക്കാന്‍ സാധിച്ചത്.

എന്നാല്‍ ഇപ്പോള്‍ മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി ബാബറിനും ഗില്ലിനുമെതിരെ കനത്ത വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. മോശം പ്രകടനം കാഴ്ചവെച്ചിട്ടും ബാബറും ഗില്ലും ഐ.സി.സി റാങ്കിന്റെ തലപ്പത്ത് എത്തിയതിനെക്കുറിച്ചാണ് താരം പറഞ്ഞത്.

‘ഞാന്‍ ഐ.സി.സി ഏകദിന റാങ്കിങ് (ബാറ്റര്‍മാര്‍) കണ്ടപ്പോള്‍ ബാബര്‍ അസം ആയിരുന്നു ഏറ്റവും മികച്ച ബാറ്റര്‍. രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി എന്നിവര്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുമുണ്ട്. ട്രാവിസ് ഹെഡ്, രചിന്‍ രവീന്ദ്ര എന്നിവരുടെ പേരുകള്‍ ഞാന്‍ കണ്ടില്ല. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് ബാബര്‍ കളിക്കണമെന്നില്ല, അവന്‍ മുന്നിലാണ്. ആരാണ് ഈ റാങ്കിങ്ങുകള്‍ നല്‍കുന്നത്? എന്ത് അടിസ്ഥാനത്തിലാണ് ബാബറും ഗില്ലും പട്ടികയില്‍ ഇടം പിടിച്ചത്?

2023 ലോകകപ്പായിരുന്നു ബാബറിന്റെ അവസാന ഏകദിനം. രചിന്‍ രവീന്ദ്ര, ട്രാവിസ് ഹെഡ്, ക്വിന്റണ്‍ ഡി കോക്ക്, വിരാട് കോഹ്‌ലി എന്നിവര്‍ സെഞ്ച്വറി നേടുന്നത് നമ്മള്‍ കണ്ടു. പാകിസ്ഥാന് വേണ്ടി മുഹമ്മദ് റിസ്വാനും ഫഖര്‍ സമാനും ഓരോ സെഞ്ച്വറി നേടി. ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെയായിരുന്നു ബാബറിന്റെ അവസാന സെഞ്ച്വറി,’ ബാസിത് അലി പറഞ്ഞു.

 

Content Highlight: Basit Ali Criticize Babar Azam And Shubhman Gill