പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ് കടുവകള്‍. റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് കടുവകള്‍ സ്വന്തമാക്കിയത്. പാകിസ്ഥാന്റെ മണ്ണില്‍ ആദ്യമായാണ് ബംഗ്ലാദേശ് ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
ബംഗ്ലാദേശിനെതിരായ കനത്ത തോല്‍വിയെ തുടര്‍ന്ന് പല താരങ്ങളും പാകിസ്ഥാനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ പാകിസ്ഥാനെ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ച് സംസാരിക്കുകയാണ് മുന്‍ പാക് താരം ബാസിത് അലി. പാകിസ്ഥാന് വേണ്ടി രണ്ട് ഇന്നിങ്‌സിലും മോശം പ്രകടനം കാഴ്ചവെച്ച അബ്ദുള്ള ഷഫീഖിനെയാണ് ബാസിത് അലി വിമര്‍ശിച്ചത്.
ആദ്യ ഇന്നിങ്‌സില്‍ വെറും രണ്ട് റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 36 റണ്‍സിനുമാണ് താരം പുറത്തായത്. സ്ഥിരത കാണിക്കേണ്ട സമയത്ത് അനാവശ്യമായ ഷോട്ട് കളിച്ചതിന് തുടര്‍ന്നാണ് താരം പുറത്തായത്. ഇതിനെതിരെ രൂക്ഷമായ രീതിയിലാണ് അലി വിമര്‍ശിച്ചത്.
‘ഞാന്‍ ഡ്രസിങ് റൂമില്‍ ആയിരുന്നെങ്കില്‍ അബ്ദുള്ള ഷഫീഖിനോട് ബാഗ് പാക്ക് ചെയ്ത് പോകാന്‍ പറഞ്ഞേനെ. അവന്റെ ഷോട്ടാണ് പാകിസ്ഥാന്‍ മത്സരത്തില്‍ തോല്‍ക്കാന്‍ കാരണം. 37 റണ്‍സ് നേടിയ ശേഷം മോശം ഷോട്ടിലൂടെ അവന്‍ വിക്കറ്റ് കൊടുക്കുകയായിരുന്നു. ഷാന്‍ മസൂദ് ഷഫീഖിനെ ശിക്ഷിക്കണം. ഇത് പാകിസ്ഥാന്റെ ടീമാണ് നിങ്ങളുടെ പ്രാദേശിക ടീമല്ല. തെറ്റായ കോമ്പിനേഷനിലാണ് ടീം കളിക്കുന്നത്,’ബാസിത് അലി പറഞ്ഞു.
ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശ് 565 റണ്‍സാണ് ഉയര്‍ത്തിയത്. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വമ്പന്‍ തിരിച്ചടിയാണ് ബംഗ്ലാദേശ് ബൗളര്‍മാര്‍ നല്‍കിയത്.